Leadership | ഇ എം എസിന് പിൻഗാമിയായി 72-ാം വയസ്സിൽ പാർട്ടി നായകത്വം; എം.എ ബേബിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവ്

 
E.M.S., Another Malayali to Lead CPI(M); M.A. Baby Becomes General Secretary
E.M.S., Another Malayali to Lead CPI(M); M.A. Baby Becomes General Secretary

Photo Credit: Facebook/ M A Baby

● മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലായിരുന്നു തിരഞ്ഞെടുപ്പ്. 
● എട്ട് പി.ബി അംഗങ്ങളുടെ പിന്തുണ ലഭിച്ചു. 
● പശ്ചിമ ബംഗാളിൽ നിന്നുള്ള അംഗങ്ങൾക്ക് എതിർപ്പുണ്ടായി. 
● മുൻ കേരള വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയാണ്. 
● 72-ാം ജന്മദിനത്തിന് തൊട്ടടുത്താണ് നിയമനം.


ഭാമനാവത്ത്

കണ്ണൂർ: (KVARTHA) ഇ.എം.എസിന് ശേഷം സി.പി.എമ്മിനെ നയിക്കാൻ മറ്റൊരു മലയാളി കൂടി. കേരളത്തിലെ തലമുതിർന്ന നേതാക്കളിലൊരാളായ എം.എ ബേബി പാർട്ടിയെ നയിക്കും. രാജ്യസഭാ എം.പിയായും സ്വരലയ സാംസ്കാരിക സംഘടനയുടെ ഭാരവാഹിയായും കൈരളി ചാനൽ സ്ഥാപകരിലൊരാളുമായ എം.എ ബേബി പാർട്ടിയുടെ ദേശീയ മുഖങ്ങളിലൊന്നാണ്. 

പാർട്ടിയുടെ എല്ലാ സംസ്ഥാനങ്ങളിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന എം.എ ബേബി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയും വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രശസ്തരായ കലാകാരന്മാരുമായി അടുത്ത ബന്ധം എം.എ ബേബിക്കുണ്ട്. പാർട്ടിയുടെ സാംസ്കാരിക മുഖമായാണ് എം.എ ബേബി അറിയപ്പെടുന്നത്.

മധുരയിൽ നടന്ന 24-ാമത് സി.പി.എം പാർട്ടി കോൺഗ്രസ് എം.എ ബേബിയെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് പേരാണ് എം.എ ബേബിയെ പി.ബിയിൽ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ച് പി.ബി അംഗങ്ങൾ എതിർക്കുകയും ചെയ്തു.

മാണിക് സർക്കാർ, ബൃന്ദ കാരാട്ട്, പിണറായി വിജയൻ, എ. വിജയരാഘവൻ, എം.വി ഗോവിന്ദൻ, സുഭാഷിണി അലി, ബി.വി രാഘവലു, ജി. രാമകൃഷ്ണൻ എന്നിവരാണ് ബേബിയെ പിന്തുണച്ചത്. അശോക് ധാവ്‌ളെ, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോൽപൽ ബസു, തപൻ സെൻ, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിർത്തത്. 

അശോക് ധാവ്‌ളെ മുന്നോട്ട് വെച്ചത് പശ്ചിമബംഗാൾ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിർദ്ദേശിച്ചത്. എന്നാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് സലിം നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെയാണ് ബേബിക്ക് മുൻപിൽ വഴി തുറന്നത്. തൻ്റെ എഴുപത്തിരണ്ടാം പിറന്നാൾ ദിനത്തിൻ്റെ പിറ്റേന്നാണ് എം.എ ബേബിക്ക് പാർട്ടിയെ നയിക്കാനുള്ള നിയോഗവും ലഭിച്ചത്.

കൊല്ലം ജില്ലയിലെ പ്രാക്കുളം സ്വദേശിയാണ് ഇദ്ദേഹം. 2006 മേയ് 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.

1954 ഏപ്രിൽ അഞ്ചിനാണ് ജനനം. അദ്ധ്യാപകനായിരുന്ന കുന്നത്ത്‌ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനാണ്. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, കൊല്ലം എസ്.എൻ.കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, സി.പി.എം എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ യുവജന നേതാക്കളിലൊരാളായിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ദീർഘകാലം അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1986 ലും 1992 ലും രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചു. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു. ഡൽഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻകൈയെടുത്തു.

2014-ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രനെതിരെ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.

കൈരളി ടി.വിയിലെ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസാണ് ഭാര്യ. ഏകമകൻ: അശോക്.

നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി, നൂറ്റാണ്ടുകളിലെ ലോക യുവജനപ്രസ്ഥാനം എന്നിവയാണ് പ്രധാന കൃതികൾ.

Veteran CPI(M) leader from Kerala, M.A. Baby, has been appointed as the party's new General Secretary at the 24th party congress in Madurai, succeeding E.M.S. Namboodiripad as another Malayali to hold the top post. Baby, a Rajya Sabha MP and former Kerala minister, is known for his strong connections within the party and his involvement in cultural activities.

#MABaby #CPIM #GeneralSecretary #KeralaPolitics #IndianPolitics #LeftPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia