Congress | സുധാകരന്‍ തോറ്റിടത്ത് കെ.സി വിജയിക്കുമോ? സി യു സിക്ക് ശേഷം കോണ്‍ഗ്രസില്‍ പരിശീലനകേന്ദ്രങ്ങൾ വരുന്നു


കനവ് കണ്ണൂർ
കണ്ണൂര്‍: (KVARTHA) പാര്‍ട്ടിയെ (Party) ശക്തിപ്പെടുത്തുന്നതിനായി കെ.പി.സി.സി (KPCC) അധ്യക്ഷന്‍ കെ സുധാകരന്‍ (K Sudhakaran) ആവിഷ്‌കരിച്ച കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റികള്‍ (CUC) നിര്‍ജീവമായി. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയെ സെമി കേഡര്‍ ശൈലിയിലേക്കു കൊണ്ടുവരുന്നതിനാണ് യൂനിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. പതിനാല് ജില്ലകളിലെയും ഡി.സി.സി അധ്യക്ഷന്‍മാര്‍ക്കായിരുന്നു ഇതിന്റെ ഏകോപന ചുമതല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുമാത്രമേ ഇതിന് അനുകൂല പ്രതികരണമുണ്ടായിരുന്നുളളൂ. ബാക്കിയിടങ്ങളില്‍ തുടങ്ങിയെങ്കിലും സംഘടനാതലത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ അടിത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു സംഘടനയെ ശക്തമാക്കാമെന്ന തീരുമാനവും പൊളിഞ്ഞു. പാര്‍ട്ടിയിലെ ഗ്രൂപ്പുപോരും അടിത്തട്ടിലെ ശിഥിലതയുമാണ് സി.യു.സികള്‍ രൂപീകരിക്കുന്നതില്‍ തിരിച്ചടിയായത്.
എന്നാല്‍ കെ.പി.സിസി പരാജയപ്പെട്ടിടത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്താനൊരുങ്ങുകയാണ് എ.ഐ.സി.സി സംഘടനാകാര്യ സെക്രട്ടറിയായ കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലുളള ദേശീയ നേതൃത്വം. പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പരിശീലന കേന്ദ്രം ആരംഭിക്കും.
നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ പാര്‍ട്ടി ആശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ചുവടുവെപ്പെന്ന നിലയ്ക്കാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്.
ഇതിന്റെ ഡയറക്ടറായി പഞ്ചായത്തി രാജ് മന്ത്രാലയം മുന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് പി പി ബാലനെ നിയമിക്കും. ജൂലൈ 20 ന് തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ പി പി ബാലന്‍ ചുമതലയേല്‍ക്കുമെന്നാണ് വിവരം. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലാണ് ആദ്യ കേന്ദ്രം തുടങ്ങുന്നത്. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് പ്രത്യയശാസ്ത്ര അവബോധം അനിവാര്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശീലന കേന്ദ്രം തുടങ്ങാനുള്ള തീരുമാനത്തിലെത്തിയത്.
സംഘടനാ ചുമതലയിലേക്ക് വരുന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ നിര്‍ബന്ധിത പരിശീലനം നേടേണ്ടി വരും. ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിന്റെ സമാപനവേളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പ്രഖ്യാപിച്ച കേന്ദ്രമാണിത്.
പരിശീലന കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കാനായി മാര്‍ച്ച് 3ന് ഡോ ബാലന്‍ പദവി ഒഴിഞ്ഞിരുന്നു. പരിശീലനത്തിനായി പാഠ്യപദ്ധതി തയ്യാറാക്കും. അതിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും രാഹുല്‍ നിരന്തരം ആയുധമാക്കുന്ന സ്‌നേഹം, വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കടതുറക്കുക, ഭരണഘടനക്കെതിരായ ഭീഷണി തുടങ്ങിയ കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് വിവരം.
ഗവേഷണത്തിനും പഠനത്തിനും താത്പര്യമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടാവും. തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ നിലവില്‍ മുന്നൂറോളം മുറികള്‍ സജ്ജമാക്കാനാണ് തീരുമാനം. ഭാവിയില്‍ ഹിമാചല്‍ പ്രദേശിലും കേന്ദ്രം ആരംഭിച്ചേക്കും. ഇതിനായി 25 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളിയെ അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കുകയെന്ന ലക്ഷ്യമാണ് പരിശീലനകേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ട്ടിയില്‍ യുവതലമുറയെ ആകര്‍ഷിക്കുന്നതിനുളള ഡിജിറ്റല്‍ മാര്‍ഗങ്ങളും ഇതിനായി സ്വീകരിച്ചേക്കും.