Controversy | തൃശൂർ പൂരം കലക്കിയതാര്? 'നിയന്ത്രണങ്ങളിൽ എഡിജിപി ഇടപെട്ടു, 2 ദിവസം തൃശൂരിൽ താമസിച്ചിരുന്നു, മടങ്ങിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ്', സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പറയുന്നത്!
● ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
● തൃശൂർ പൊലീസ് അക്കാദമിയിലായിരുന്നു എഡിജിപി താമസിച്ചിരുന്നത്.
തിരുവനന്തപുരം: (KVARTHA) തൃശൂർ പൂരം കലങ്ങലിൽ എഡിജിപിയുടെ പങ്ക് വിവാദമായിരിക്കുകയാണ്. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
എഡിജിപി രണ്ട് ദിവസം തൃശൂരിൽ താമസിച്ചിരുന്നു. പൂരദിവസവും തലേദിവസവും അദ്ദേഹം തൃശൂരിൽ ഉണ്ടായിരുന്നു. പൂരം കലങ്ങിയപ്പോൾ സ്ഥലത്തെത്തിയ എഡിജിപി പുലർച്ചെ മടങ്ങുകയും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. തൃശൂർ പൊലീസ് അക്കാദമിയിലായിരുന്നു എഡിജിപി താമസിച്ചിരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പൂരത്തിന് മുന്നോടിയായി പൊലീസ് നിയന്ത്രണങ്ങൾ പല വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തൃശൂർ പൂരത്തിനു വർഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളിൽ ഇക്കുറി എഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടു മാറ്റങ്ങൾ വരുത്തിയെന്നായിരുന്നു ആരോപണം.
തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായെന്നും എല്ലാവർക്കും ബോധ്യമുള്ള കാര്യമാണതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോടൻ രാഘവൻ രക്‌തസാക്ഷിത്വ വാർഷികം ഉദ്ഘാടനം ചെയ്യുന്നതിനിടെ പറഞ്ഞിരുന്നു. ഇതേകുറിച്ച് അന്വേഷിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിയുടെ കുറിപ്പോടെയായിരിക്കും സർക്കാരിന് നൽകുക. പൂരം കലങ്ങിയതിൽ അട്ടിമറിയോ ബാഹ്യ ഇടപെടലോ ഇല്ലെന്നാണ് എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നതെന്നാണ് സൂചന.
നേരത്തെ നടപടി നേരിട്ട തൃശൂർ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് റിപ്പോർട്ട് എന്നാണ് വിവരം. ശനിയാഴ്ചയാണ് എഡിജിപി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുക്കും.
#ADGP #ThrissurPooram #KeralaPolitics #PublicSafety #PoliceInvestigation #EventManagement