Controversy | എഡിജിപിയുടെ ആര്‍എസ്എസ് ബന്ധം; പിണറായി സിപിഐയോട് എന്ത് മറുപടി പറയും?
● മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപിയുടെ ആർഎസ്എസ് ബന്ധത്തെ സംബന്ധിച്ച് വിശദീകരണം നൽകണമെന്ന ആവശ്യം ശക്തം
അർണവ് അനിത
(KVARTHA) സിപിഎമ്മിന് ആര്‍എസ്എസുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞാലോ, ഏതെങ്കിലും പത്രം പ്രചരണം നടത്തിയാലോ ആരെങ്കിലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. കാരണം ആര്‍എസ്എസുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നത് കോണ്‍ഗ്രസാണെന്നാണ് പൊതുവെയുള്ള ആക്ഷേപം. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് അതില്‍ കുറച്ചെങ്കിലും മാറ്റംവന്നത്. ആര്‍എസ്എസിനെ കടന്നാക്രമിക്കാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്ന് രാഹുല്‍ഗാന്ധി തിരിച്ചറിഞ്ഞതോടെയാണത്.
കേരളത്തിലേക്ക് വന്നാല്‍ വിഡി സതീശനും കെ സുധാകരനും ആര്‍എസ്എസുമായുള്ള ബന്ധം പരസ്യമായി ഏവര്‍ക്കും അറിയാവുന്നതാണെന്നും ആരോപണമുണ്ട്. എന്നാല്‍ അതിന്റെ ചരിത്രം പറഞ്ഞുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ സിപിഎമ്മിന് പ്രതിരോധിക്കാനാകില്ല. കാരണം സിപിഎം ഭരിക്കുന്ന സര്‍ക്കാരിലെ ഒരു എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. അതും പലതവണ. അതൊരു ചെറിയ കാര്യമല്ല. അതുകൊണ്ടാണ് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞത് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും എല്‍ഡിഎഫിന്റെ ചെലവില്‍ ആരും ആര്‍എസ്എസുകാരെ കാണേണ്ടെന്ന് ബിനോയ് വിശ്വവും വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം സിപിഎം സര്‍ക്കാരിനെ കൈവിട്ടിരുന്നെങ്കിലും ചൊവ്വാഴ്ച നിലപാട് മയപ്പെടുത്തി. അതുകൊണ്ടാണ് ആര്‍എസ്എസുമായി ലിങ്കുണ്ടാക്കാന്‍ എഡിജിപിയുടെ സഹായം വേണ്ടെന്നും മോഹന്‍ഭാഗവത്തിനെ നേരില്‍ കാണാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. വിഷയത്തിന്റെ ഗൗരവം അത്രയ്ക്കുണ്ട്. മുഖ്യമന്ത്രിയുടെ തലയില്‍കെട്ടി വച്ച് പാര്‍ട്ടിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അത് വടികൊടുത്ത് അടിവാങ്ങുന്നതിന് തുല്യമാണെന്നും സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു.
2023 മെയ് 22ന് എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസാബളയെ സന്ദര്‍ശിച്ചത് എന്തിനാണ് എന്നതാണ് പ്രധാന ചോദ്യം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്തരത്തിലൊരു കാര്യം അതീവരഹസ്യമായി ചെയ്തത് സ്വാഭാവികമായി സംശയം ജനിപ്പിക്കുന്ന കാര്യമാണ്. അല്ലെങ്കില്‍ സന്ദര്‍ശനത്തിന്റെ കാര്യം സര്‍ക്കാരിനെ അറിയിക്കണമായിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും കഴിഞ്ഞ 16 മാസമായി അതിന്മേല്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി അടയിരുന്നത് എന്തിനാണ്. അതാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ചോദ്യം.
ആര്‍എസ്.എസ് ബന്ധം ഇല്ലെന്ന സിപിഎമ്മിന്റെ നിലപാട് വിശ്വസിക്കുമ്പോള്‍ തന്നെ ഇതൊരു വലിയ ദുരൂഹതയാണ്. എംആര്‍ അജിത് കുമാറിന് ആര്‍എസ്എസ് നേതാക്കളുമായുള്ള ബന്ധം എന്താണ്. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന മുഖ്യമന്ത്രി തിടുക്കത്തില്‍ നടപടിയെടുത്താല്‍ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. കാരണം കൂടിക്കാഴ്ചയുടെ വിവരം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷനേതാവ് വിഡി സതീശനാണ്. നടപടിയെടുത്താല്‍ പ്രതിപക്ഷമത് ആഘോഷിക്കും. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ അത് പൂര്‍ത്തിയാകാതെ എന്തെങ്കിലും ചെയ്യാനുമാകില്ല. അതുകൊണ്ട് സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പോലെ പ്രതിരോധത്തിലാണ്.
സംസ്ഥാനത്തുള്ള എട്ടോളം എഡിജിപിമാരില്‍ ഒരാളാണ് എംആര്‍ അജിത്കുമാര്‍, അയാളെ ഇത്തരത്തില്‍ സര്‍ക്കാര്‍ സംരക്ഷിച്ചത് എന്തിന് എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതോടൊപ്പം കൂടുക്കാഴ്ചയുടെ വിശദാംശങ്ങളും. ഇക്കാര്യങ്ങള്‍ സിപിഐയോടാണ് മുഖ്യമന്ത്രി വിശദീകരിക്കേണ്ടത്. അവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കുക എന്നത് വലിയ വെല്ലുവിളിയാണ്. മലപ്പുറത്തെ സംഭവവികാസങ്ങളുടെ പേരില്‍ എസ്പി ശശിധരനെയും ഡിവൈഎസ്പി ബെന്നിയെയും മാറ്റി. പത്തനംതിട്ട എസ്പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. തുടക്കത്തിലെ അജിത്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇടപെട്ട് അത് ഒഴിവാക്കി.
ഇതൊക്കെ പാര്‍ട്ടിക്കും മുന്നണിക്കും ഉള്ളിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. യാഥാര്‍ത്ഥ്യം പുറത്തുവിടണോ, നടപടിവേണോ എന്താണ് ചെയ്യേണ്ടത്. പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായി സിപിഎമ്മില്‍ പിണറായി വിജയനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നുവരുന്നത്. ഈ വിഷയം കൂടിയാകുമ്പോള്‍ സമ്മേളനങ്ങള്‍ തിളച്ചുമറിയും എന്നുറപ്പാണ്. മുഖ്യമന്ത്രിയെ മാറ്റണമെന്നും അതല്ല അദ്ദേഹം ശൈലി മാറ്റണമെന്നും പലതവണ പല ഘടകങ്ങളും സിപിഐയുടെ പല കമ്മിറ്റികളും ആവശ്യപ്പെട്ടതാണ്.
അതുകൊണ്ട് എത്രയും വേഗം പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വിഷയം സിപിഎമ്മിലും എല്‍ഡിഎഫിലും ആളിപ്പടരും. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഇത് ബാധിക്കും. അതുകൊണ്ട് പ്രതിപക്ഷത്തിന് നല്‍കിയ മറുപടി തൃപ്തികരമാണെങ്കിലും പാര്‍ട്ടിയിലും മുന്നണിയിലും പ്രത്യേകിച്ച് സിപിഐയോട് എന്ത് പറയും എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിഷയം ഒതുക്കാന്‍ എംആര്‍ അജിത് കുമാര്‍ പരമാവധി ശ്രമിച്ചെന്ന ആരോപണം പ്രതിപക്ഷം പലതവണ നിയമസഭയിലും പുറത്തും ഉന്നയിച്ചിരുന്നു. ആ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ പരോപകാരമാണോ എഡിജിപിയുടെ കസേര എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനും പറ്റില്ല.
#KeralaPolitics #PinarayiVijayan #CPI #RSS #Corruption #Investigation