Allegation | അദാനിയെ സംരക്ഷിക്കുന്നതാര്? ഹിൻഡൻബർഗ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്
അർണവ് അനിത
(KVARTHA) പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉൾപ്പെടെ പലരും പാര്‍ലമെന്റിലടക്കം ഉന്നയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്ന തരത്തിലുള്ള സൂചനകള്‍ കേന്ദ്രസര്‍ക്കാരിന്റെ പല ഇടപെടലുകളിലും ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നതാണ് സെബി അധ്യക്ഷയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട്.
ഇതേക്കുറിച്ച് കേന്ദ്രഭരണത്തിലെ പ്രധാനികളോ, ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ എന്ന രീതിയില്‍ ചില ഭരണകക്ഷി നേതാക്കള്‍ മാധ്യമങ്ങളിലൂടെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയും അവര്‍ ഭരിക്കുന്ന സര്‍ക്കാരും ഈ വിഷയത്തില്‍ ഇത്തരമൊരു സമീപനമല്ല സ്വീകരിക്കേണ്ടതെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഗൗതം അദാനിയുടെ ബിസിനസ് വളരെ ദുരൂഹമാണെന്ന റിപ്പോര്‍ട്ടുകള്‍ പലതവണ ഉയര്‍ന്നിട്ടുണ്ട്. ഇന്തോനേഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കല്‍ക്കരി ഇറക്കുമതി ചെയ്ത ശേഷം കൂടിയ നിരക്കില്‍ വിറ്റെന്ന ആരോപണം വലിയ വിവാദമായിരുന്നു. ഇത് സംബന്ധിച്ച രേഖകളും പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും യാതൊന്നും പിന്നീട് നടന്നില്ലെന്നാണ് വിമർശനം.
ഓഹരി വിപണിയിലെ നിയമവിരുദ്ധ ഇടപാടുകളും തിരിമറികളും ഇതുമൂലം നിക്ഷേപകര്‍ക്കുണ്ടായ കോടികളുടെ നഷ്ടവും കാണിച്ച് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരുന്നു. അദാനിയുടെ വ്യാജ കമ്പനികള്‍ ബര്‍മൂഡ, മൗറീഷ്യസ് തുടങ്ങിയ നികുതി രഹിത ദ്വീപുകളില്‍ തങ്ങളുടെ നിയമവിരുദ്ധ ഓഹരി ഇടപാടുകളുടെ കേന്ദ്രമാക്കിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞത്.
ഇത്തരത്തില്‍ നികുതിയും തീരുവയും വെട്ടിച്ച് സമ്പാദിച്ച പണം കടലാസ് കമ്പനികളുടെ മറവില്‍ വെളുപ്പിച്ച് തങ്ങളുടെ കമ്പനികളില്‍ തന്നെ നിക്ഷേപമാക്കുകയും ആ കമ്പനികളുടെ മൂല്യം അനേകമടങ്ങ് വര്‍ദ്ധിച്ചതായി പെരുപ്പിച്ച് കാണിച്ചുവെന്നും സാധാരണയിലധികം കടബാധ്യത അദാനി ഗ്രൂപ്പിന് ഉണ്ടായിരുന്നപ്പോഴാണ് ഇതെല്ലാം ചെയ്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അദാനി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കൊല്ലം അദാനിയുടെ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ക്ക് 1,500 കോടി ഡോളറിന്റെ നഷ്ടം ഓഹരിവിപണിയില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞവര്‍ഷം പ്രതിപക്ഷം സംയുക്ത പാര്‍ലമെന്ററി സമിതി ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം നടത്തിയത്. സെബിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അദാനി ഗ്രൂപ്പിനെ വെറുതെവിട്ടെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് മടിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന പ്രചരണമാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും നടത്തിയത്. അന്ന് സെബി നടത്തിയ അന്വേഷണം അദാനിയെ രക്ഷിക്കാനുള്ള അട്ടിമറി നീക്കമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ആരോപണങ്ങള്‍ സെബി മേധാവി മാധബി പുരി ബിച്ച് നിഷേധിച്ചെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് വീണ്ടും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ തയ്യാറായില്ല. അദാനി കമ്പനികളുമായി ചേര്‍ന്ന് മാധബിയും ഭര്‍ത്താവ് ധവല്‍ ബുച്ചിനും നികുതി രഹിത ദ്വീപുകളില്‍ വന്‍തുകയുടെ ഇടപാടുകള്‍ നടത്തിയെന്നാണ് ആക്ഷേപം.
സെബി അധ്യക്ഷയാകും മുമ്പ് അദാനി കമ്പനികളില്‍ നടത്തിയ നിക്ഷേപങ്ങള്‍ മാധബിയും ഭര്‍ത്താവും നിഷേധിച്ചിട്ടില്ല. അദാനിയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവാണിത്. 2013 മുതല്‍ 2022 വരെ മാധബി സിംഗപ്പൂരില്‍ അഗോറ പാര്‍ട്‌ണേഴ്‌സ് എന്ന ഓഹരി കണ്‍സള്‍ട്ടിംഗ് സ്ഥാപനം നടത്തിയിരുന്നു. ആറ് ശതമാനമായിരുന്നു നിക്ഷേപം. സെബി മേധവിയായതോടെ ഈ സ്ഥാപനം ഭര്‍ത്താവിന് കൈമാറി. ഇന്ത്യയിലുള്ള അഗോറ അഡൈ്വസറി എന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരികളും മാധബിയുടെ പേരിലാണ്. ഈ സ്ഥാപനങ്ങളില്‍ നിന്ന് 2022ല്‍ ലഭിച്ച വരുമാനം അവര്‍ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 4.4 ഇരട്ടിയാണെന്ന് ഹിഡന്‍ബര്‍ഗ് പറയുന്നു.
രാജ്യത്തെ ഓഹരി വിപണിയും സംവിധാനവും സുതാര്യമായി പ്രവര്‍ത്തിക്കുന്നത് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി തന്നെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ് പുതിയ സാഹചര്യത്തിൽ. വേലി തന്നെ വിളവെടുക്കുന്നെന്ന് വിമർശനവും ഉയരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ പാര്‍ലമെന്റിന്റെ സംയുക്ത സമിതി ഇക്കാര്യം അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണം.
പണ്ട് ഹര്‍ഷത് മേത്ത ഓഹരി കുംഭകോണം നടത്തിയത് വലിയ വിവാദമായിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്കെന്നാണ് കുറ്റപ്പെടുത്തൽ. അതുകൊണ്ട് പ്രതിപക്ഷം നിലപാട് ശക്തമാക്കുകയും കോര്‍പ്പറേറ്റ് കുത്തകകളെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് പുറത്തുകൊണ്ടുവരുകയും വേണമെന്നാണ് ആവശ്യം. രാജ്യം വലിയ സാമ്പത്തിക, തൊഴില്‍ പ്രതിസന്ധി നേരിടുമ്പോഴാണ് പല കോര്‍പ്പറേറ്റ് ഭീമന്‍മാരും തട്ടിപ്പും വെട്ടിപ്പും നടത്തി കോടികള്‍ കൊള്ളയടിക്കുന്നത്. ഇതിന്റെ നല്ലൊരു പങ്ക് പല രാഷ്ട്രീയ നേതൃത്വങ്ങളും കീശയിലാക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.
#AdaniControversy #SEBI #India #Corruption #Hindenburg #ModiGovernment