Actor Vijay | വിജയ് പറഞ്ഞത് ശരി തന്നെ; പക്ഷേ അവിടെയല്ല, കേരളത്തിലാണ് അത് വേണ്ടത്; വിദ്യാഭ്യാസം ആവശ്യത്തിനുണ്ട്, വിവേകം വട്ടപൂജ്യവും!

 
Actor Vijay


തമിഴ് നാട് പല മേഖലകളിലും വികസനത്തിലേയ്ക്ക് കുതിക്കുമ്പോഴും ഇവിടെ അതൊട്ട് കാണാനുമില്ല

ഡോണൽ മുവാറ്റുപുഴ 

(KVARTHA) തമിഴ് നാട്ടിൽ നല്ല നേതാക്കൾ ഇല്ല. പഠിപ്പുള്ളവർ രാഷ്ട്രീയത്തിലേയ്ക്ക് വരണമെന്ന് നടൻ വിജയ് ആവശ്യപ്പെട്ടത് ഇപ്പോൾ വലിയ ചർച്ചയ്ക്ക് ഇടവരുത്തിയിരിക്കുകയാണ്. ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിൽ സജീവമായിട്ട് അധികം നാളായില്ല. വരുന്ന തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിച്ച് തൻ്റെ പാർട്ടി കഴിവ് തെളിയിക്കുമെന്നാണ് വിജയിയുടെ പ്രഖ്യാപനം. അതിനു മുന്നോടിയായിട്ടാണ് വിജയ് ഇത്തരമൊരു പ്രസ്താവന നടത്തി രംഗത്തു വന്നത്. ഈ പ്രസ്താവനയെ ഭൂരിപക്ഷം പേരും തമിഴ് നാട്ടിൽ എന്നല്ല കേരളത്തിലെ ആളും സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നു. 

Actor Vijay

പണം ആഗ്രഹിച്ചു രാഷ്ട്രീയത്തിൽ വന്ന ആളല്ല ഇളയ ദളപതി വിജയ്. ഒരു സിനിമയ്ക്ക് 150 കോടിയിലേറെ പ്രതിഫലം വാങ്ങുന്ന നടനാണ്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫാൻ ബേസ് ഉള്ള നടൻ എന്ന് വേണമെങ്കിൽ പറയാം. ഇന്ത്യയിലെ തന്നെ ഏറ്റവും ടോപ്പ് സ്റ്റാറുകളിൽ ഒരാളായ ഈ മനുഷ്യൻ തന്റെ ജീവിതത്തിൽ നേടാൻ ഇനി ഒന്നുമില്ല എന്നതാണ് സത്യം. പിന്നെ രാഷ്ട്രീയം തെരഞ്ഞെടുത്തത് ജനങ്ങൾക്ക് നന്മ ചെയ്യണം എന്നുള്ള ഒറ്റ ആഗ്രഹം കൊണ്ട് മാത്രമാണ്, അതിന് അധികാരം വേണം. പണമുള്ളവരും, പഠിപ്പുള്ളവരും രാഷ്ട്രീയത്തിലേക്ക് വരണമെന്നുള്ള ഈ അഭിപ്രായത്തോട് യോജിക്കാതിരിക്കാൻ കഴിയില്ല.  

കാരണം അങ്ങനെ വന്നാൽ മാത്രമേ അതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും നേട്ടം ഉണ്ടാവുകയുള്ളൂ. പക്ഷേ, പഠിപ്പ് ഉണ്ടായത് കൊണ്ട് മാത്രം ഒന്നും സംഭവിക്കില്ല. അഴിമതി പാടില്ല, വിവേകം വേണം, ജനങ്ങളെ സ്നേഹിക്കണം എന്നുകൂടി വിജയ് മനസിലാക്കുക. പൊളിറ്റിക്‌സും ഇക്കണോമിക്സും എൻജിനീയറിങ്ങും  പഠിച്ചവർക്ക് ഉപകാരപ്രദമായ വികസനങ്ങൾ കൊണ്ട് വരാൻ സാധിക്കും. പഠിപ്പുള്ളവർ കൂലി പണിയും വിദേശത്തു തൊഴിലും അന്വേഷിച്ചു നടക്കുമ്പോൾ, ഒരു വിവരവും ഇല്ലാത്ത പടുവൃദ്ധന്മാർ നാട് കുട്ടിച്ചോറാക്കി കൊണ്ടിരിക്കുന്ന കാഴ്ചയാണ് പല സംസ്ഥാനങ്ങളിലും കാണാൻ കഴിയുന്നത്. 

നമ്മുടെയും അടുത്ത തലമുറയുടെയും നല്ലതിന് വേണ്ടി, രാഷ്ട്രീയം കളിച്ച് നടക്കുന്നവർക്ക് പകരം അറിവുള്ള യുവാക്കൾ നാട് ഭരിക്കണം. അങ്ങനെയുള്ള കാഴ്ചപ്പാട് ആണ് ഇവിടെ വേണ്ടത്. വിദ്യാഭ്യാസം ഉള്ളവർ ചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ അവരെക്കൊണ്ട് ജനഹിതമല്ലാത്ത വികസനം നടപ്പാക്കുന്ന നയ കോവിന്ദൻമാരാണ് ഇവിടെ  നേതാക്കന്മാർ ആയിട്ടുള്ളത്. അതിന് ഒരു മാറ്റം പൊതുവിൽ ആവശ്യമായിരിക്കുന്നു. വിജയിയുടെ  പ്രസ്താവനയോട് ഇവിടെ പലരും യോജിക്കുമ്പോഴും ചിലർ ഇതിന് ഒരു മറുവശം ഉന്നയിക്കുന്നുണ്ട്. തമിഴ് നാട്ടിൽ നല്ല നേതാക്കൻമാർ ഉണ്ട്, കേരളത്തെ പറ്റി അങ്ങനെ പറഞ്ഞാൽ അതു ശരിയായിരുന്നുവെന്ന്. 

കാരണം, വിദ്യാഭ്യാസത്തിൽ വളരെ ഉന്നത നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ, തമിഴ് നാട് പല മേഖലകളിലും വികസനത്തിലേയ്ക്ക് കുതിക്കുമ്പോഴും ഇവിടെ അതൊട്ട് കാണാനുമില്ല. ഇങ്ങനെ പറയുന്നവർ കേരളത്തിൽ അനേകരാണ്. കാരണം, പഴയ തമിഴ് നാട് അല്ല ഇന്നത്തെ തമിഴ് നാട്. പണ്ട് അവർ പലതിനും കേരളത്തെ ആശ്രയിച്ചിരുന്നവരാണ്. ഇപ്പോൾ അവരുടെ സ്ഥാനത്ത് കൂലിയും വേലയും അന്വേഷിച്ച് ഇങ്ങോട്ട് എത്തുന്നവർ ബംഗാളികളും ഹിന്ദിക്കാരും ഒക്കെ ആണ്. ചുരുക്കം ചില തമിഴ് നാട്ടുകാർ മാത്രമേ  കൂലിയും വേലയും അന്വേഷിച്ച് ഇപ്പോൾ കേരളത്തിൽ എത്തുന്നുള്ളു. 

തമിഴ് നാട്ടിൽ അവർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും സഹായങ്ങളും തമിഴ് നാട് സർക്കാർ കൊടുക്കുന്നുണ്ട്. മാത്രമല്ല ഇപ്പോൾ ഇങ്ങോട്ട് വരുന്ന ഭൂരിപക്ഷം തമിഴരും പണ്ടത്തെപ്പോലെ ഇവിടെ ജോലി അനേഷിച്ചല്ല സ്വന്തമായി ബിസിനസ് കെട്ടിപ്പെടുത്തുന്നതിനാണ് എത്തുന്നതെന്നും കണ്ടറിയേണ്ടതാണ്. ഇത് മാറുന്ന തമിഴ് നാടിൻ്റെ മറ്റൊരു മുഖം ആണ്. അപ്പോൾ ഒരു മാറ്റം വേണ്ടത് തമിഴ് നാട്ടിലോ കേരളത്തിലോ? ഇത് വരും ദിവസങ്ങളിൽ ചർച്ചയ്ക്ക് വരേണ്ട വിഷയമാകും. ഇവിടെ വിദ്യഭ്യാസം ആവശ്യത്തിനുണ്ട്, പക്ഷെ വിവേകം വട്ട പൂജ്യം!

 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia