രാഷ്ട്രീയക്കളരിയിൽ വിജയ്: വാഴുമോ വീഴുമോ? സസ്പെൻസ് നിറഞ്ഞ സിനിമാക്കഥ പോലെ ഇളയദളപതിയുടെ തേരോട്ടം


● വിജയിനെ വിമർശിച്ച് ബിജെപി നേതാവ് തമിഴ്സൈ രംഗത്ത്.
● ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പരിഹസിച്ചു.
● വിജയ് എംജിആറിനെ പ്രശംസിച്ചതും ശ്രദ്ധേയമായി.
നവോദിത്ത് ബാബു
ചെന്നൈ: (KVARTHA) തമിഴ് സിനിമയിൽ മിന്നും താരമാണെങ്കിലും ഇളയദളപതി വിജയ് രാഷ്ട്രീയത്തിൽ (അരസിയൽ) ഹിറ്റ് മേക്കറാവുമോയെന്ന ചോദ്യമാണ് തമിഴ്‌നാട്ടിൽ ഉയർന്നുവരുന്നത്. വിജയ് മുഖ്യമന്ത്രിയാകുമെന്ന് (മുതൽ മൈച്ചർ) കടുത്ത ആരാധകർ വിശ്വസിക്കുമ്പോൾ, കമൽ ഹാസനെപ്പോലെ ചലനങ്ങളൊന്നും ഉണ്ടാക്കാതെ വന്നവഴി മടങ്ങുമെന്നാണ് വിമർശകരുടെ പക്ഷം.

എന്തായാലും, തന്റെ പാർട്ടി രൂപീകരിച്ച് ഒരു വർഷം പിന്നിടുമ്പോൾ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ശ്രദ്ധ നേടാൻ വിജയിക്ക് കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് വാഴുമോ വീഴുമോ എന്ന ചോദ്യമുയരുമ്പോൾ, ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അദ്ദേഹത്തെ ആക്രമിക്കാൻ മത്സരിക്കുകയാണ്.
മധുരയിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) സമ്മേളനത്തിന് പിന്നാലെ, പാർട്ടി അധ്യക്ഷൻ വിജയിനെ വിമർശിച്ച് ബിജെപിയും ഡിഎംകെയും രംഗത്തെത്തിയത് ഇതിന് ഉദാഹരണമാണ്. മധുരയിൽ നടന്നത് പാർട്ടി സമ്മേളനമല്ലെന്നും ഒറ്റ ദിവസത്തെ ഷോയാണെന്നും ബിജെപി നേതാവ് തമിഴ്സൈ സൗന്ദരരാജൻ വിമർശിച്ചു. വിജയ് പത്രം വായിക്കാറില്ലെന്നും ആരോ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പരിഹസിച്ചു.
ടിവികെ സമ്മേളനത്തിൽ ബിജെപിയെയും ഡിഎംകെയെയും കടന്നാക്രമിച്ച വിജയിയെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ഇരുപാർട്ടികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച വിജയിന്റെ പാർട്ടിക്ക് എന്ത് നയമാണ് ഉള്ളതെന്ന് തമിഴ്സൈ സൗന്ദരരാജൻ ചോദിച്ചു.
മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകിയില്ലായിരുന്നെങ്കിൽ പരിപാടിയെക്കുറിച്ച് ആരും അറിയില്ലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിജയിക്ക് ആകെ അറിയുന്നത് സിനിമയെക്കുറിച്ചാണെന്ന് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിജയ് 'അങ്കിൾ' എന്ന് വിളിച്ച് കളിയാക്കിയതിലും വിമർശനം കടുക്കുകയാണ്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കുമെന്നാണ് വിജയ് കഴിഞ്ഞ ദിവസം നടന്ന പാർട്ടി സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ബിജെപിയെയും ഡിഎംകെയെയും കടന്നാക്രമിച്ച വിജയ്, എം.ജി.ആറിനെയും വിജയകാന്തിനെയും പ്രശംസിച്ചു സംസാരിച്ചു. ഒന്നരലക്ഷത്തിൽ അധികം പേർ പങ്കെടുത്ത ടി.വി.കെയുടെ രണ്ടാം വാർഷിക സമ്മേളനമാണ് മധുരയിൽ നടന്നത്.
പാർട്ടി സമ്മേളനത്തിലെ ഈ പങ്കാളിത്തമാണ് മറ്റ് രാഷ്ട്രീയ പാർട്ടികളെ പ്രകോപിപ്പിക്കുന്നതിന് കാരണമായത്. താൻ വിജയകാന്തിനെയോ കമൽ ഹാസനെയോ പോലെ വെറുമൊരു രാഷ്ട്രീയ ഭിക്ഷാംദേഹിയായ സിനിമാക്കാരനല്ലെന്ന് വിജയ് ഇതിനകം തെളിയിച്ചിട്ടുണ്ട്.
തന്റെ രസികർ മൺറങ്ങളെ പാർട്ടി യൂണിറ്റുകളാക്കി താഴെത്തട്ടിൽ നിന്ന് അടിത്തറ ശക്തമാക്കിയുള്ള വിജയിയുടെ വരവ് മുഖ്യമന്ത്രി കസേരയിൽ ചെന്നെത്തിക്കുമോ എന്ന ചോദ്യം വിജയ് സിനിമകളെപ്പോലെ തന്നെ സസ്പെൻസ് നിറഞ്ഞതാണ്. അതിന് പാലക്കാട്ടുകാരനായ എം.ജി. രാമചന്ദ്രൻ എന്ന എം.ജി.ആറിന്റെ വളർച്ചയുടെ നാൾവഴികളോട് സാമ്യവുമുണ്ട്.
വിജയുടെ രാഷ്ട്രീയ ഭാവി വിജയിക്കുമോ? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കൂ.
Article Summary: Actor Vijay's entry into Tamil Nadu politics sparks debate and opposition.
#VijayPolitics #TamilNaduPolitics #ThalapathyVijay #TVK #DMK #BJP