സഖ്യത്തിനില്ല, കുത്തിത്തിരിപ്പുമില്ല: നടൻ വിജയിയെക്കൊണ്ട് പൊറുതിമുട്ടി എഐഎഡിഎംകെ; മൗനം പാലിച്ച് നേതാക്കൾ!


● 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് പറഞ്ഞു.
● വിജയിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് പളനിസ്വാമി നിർദ്ദേശിച്ചു.
● വിജയ്ക്ക് യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്.
● രാഷ്ട്രീയ നിരീക്ഷകർ വിജയുടെ ഭാവിയെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കുന്നു.
നവോദിത്ത് ബാബു
ചെന്നൈ: (KVARTHA) തമിഴ്നാട്ടിൽ സൂപ്പർ സ്റ്റാർ വിജയ് രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ വെട്ടിലായത് ഭരണകക്ഷിയായ ഡി.എം.കെയല്ല, മറിച്ച് പ്രതിപക്ഷ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയാണ്. ജയലളിത സ്ഥാപിച്ച പാർട്ടി പ്രതിപക്ഷത്താണെങ്കിലും അത്രമാത്രം ദുർബലമല്ല.
അടിത്തട്ടിൽ ഡി.എം.കെയെ എതിർക്കാനുള്ള ശക്തിയും പിന്തുണയും എടപ്പാടി പളനിസ്വാമി നേതൃത്വം നൽകുന്ന പാർട്ടിക്ക് മാത്രമേയുള്ളൂ. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് എ.ഐ.എ.ഡി.എം.കെയെ ദുർബലമാക്കാൻ നടനും ടി.വി.കെ (തമിഴക വെട്രി കഴകം) നേതാവുമായ വിജയ് രൂക്ഷവിമർശനങ്ങൾ അഴിച്ചുവിടുന്നത്.
എന്നാൽ, വിജയിയുടെ വിമർശനങ്ങൾ തുടരുമ്പോഴും കണ്ടില്ലെന്ന് നടിച്ച് മൗനം പാലിക്കുകയാണ് എ.ഐ.എ.ഡി.എം.കെ നേതാക്കൾ. ‘വീണ്ടും മുന്നണി സഖ്യമുണ്ടാക്കി ബി.ജെ.പിക്ക് എ.ഐ.എ.ഡി.എം.കെ തങ്ങളുടെ പ്രത്യയശാസ്ത്രം പണയം വെച്ചു’ എന്നാണ് വിജയുടെ പ്രധാന ആരോപണം. ഇതടക്കമുള്ള ആരോപണങ്ങൾ വിജയ് തുടരുന്നതാണ് എ.ഐ.എ.ഡി.എം.കെ കണ്ടില്ലെന്ന് നടിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ടി.വി.കെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് വിജയ് എ.ഐ.എ.ഡി.എം.കെയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ വിരുദ്ധ സഖ്യത്തിൽ വിജയെയും ടി.വി.കെയെയും ഒപ്പം ചേർക്കാൻ എ.ഐ.എ.ഡി.എം.കെ ശ്രമിക്കുന്നതിനിടയിലാണ് വിജയിയുടെ ഈ രൂക്ഷവിമർശനം. ഇതാദ്യമായിട്ടായിരുന്നു വിജയ് എ.ഐ.എ.ഡി.എം.കെയെ പേരെടുത്ത് വിമർശിച്ചത്.
ബി.ജെ.പിയോട് പല സമയങ്ങളിലായി സഖ്യമുണ്ടാക്കിയ ഡി.എം.കെയുമായോ എ.ഐ.എ.ഡി.എം.കെയുമായോ സഖ്യത്തിനില്ലെന്ന് വിജയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടി.വി.കെ നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയും മുന്നണിയെ നയിക്കുകയും ചെയ്യുമെന്നും വിജയ് പറഞ്ഞിരുന്നു.
അതേസമയം, എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെ.പി. മുനുസ്വാമി അടക്കമുള്ള മുതിർന്ന നേതാക്കളാരും വിജയിയുടെ വിമർശനത്തിൽ പ്രതികരിച്ചിട്ടില്ല. പലരും വിഷയത്തിൽ പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.
വിജയ്‌ക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കരുതെന്ന് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നേരത്തെ നേതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വിജയ്ക്ക് വലിയ സ്വാധീനമുള്ളതിനാൽ ആരോപണങ്ങളുന്നയിച്ചാൽ തിരിച്ചടിയാവുമെന്നായിരുന്നു അതിന് അന്ന് നൽകിയ വിശദീകരണം.
വിജയുടെ വിമർശനങ്ങളോട് പ്രതികരിച്ചാൽ നടന് അത് രാഷ്ട്രീയമായി വലിയ പ്രതിച്ഛായ ഉണ്ടാക്കാൻ സഹായിക്കും. അതിനാൽ വിമർശനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാണ് എ.ഐ.എ.ഡി.എം.കെ തീരുമാനം. മാത്രമല്ല, വിജയിയുമായി ഡി.എം.കെ വിരുദ്ധ മുന്നണിയിൽ ഒന്നിക്കാമെന്ന പ്രതീക്ഷ പാർട്ടി ഇപ്പോഴും കൈവിട്ടില്ലെന്ന് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങൾ പറയുന്നു.
എന്നാൽ, ‘ഇല്ലാത്ത വലുപ്പമുണ്ടാക്കി വിജയിയെയും ടി.വി.കെയെയും വളർത്തേണ്ട’ എന്ന അഭിപ്രായം എ.ഐ.എ.ഡി.എം.കെ മുതിർന്ന നേതാക്കൾക്കുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഠിനമായ പ്രചരണം നടത്തിയാലും വിജയിയുടെ പാർട്ടി വിരലിൽ എണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങുമെന്നാണ് വിലയിരുത്തൽ.
വിജയ് മത്സരിക്കാൻ സാധ്യതയുള്ള മധുര ഈസ്റ്റ് സീറ്റിൽ വിജയിക്കാൻ സാധ്യതയുണ്ടെങ്കിലും, മറ്റെവിടെയും മൂന്നാമത് മാത്രമേ എത്താൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ.
രാജ്യസഭാ സീറ്റ് ഡി.എം.കെയിൽ നിന്ന് യാചിച്ച് വാങ്ങി മക്കൾ നീതി മയ്യം പാർട്ടി രൂപീകരിച്ച കമൽ ഹാസൻ ഒതുങ്ങിയതുപോലെ, കെട്ടിവെച്ച കാശ് പാർട്ടി സ്ഥാനാർത്ഥികൾക്ക് കിട്ടിയില്ലെങ്കിൽ വിജയിയും പതുക്കെ മുഖ്യ രാഷ്ട്രീയ പാർട്ടികളുമായി വിലപേശി കിട്ടുന്നതും വാങ്ങി തല വലിക്കുമെന്നാണ് സൂപ്പർ സ്റ്റാറിന്റെ രാഷ്ട്രീയ ജീവിതം വിലയിരുത്തിക്കൊണ്ട് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Actor Vijay's political moves create challenges for AIADMK in Tamil Nadu.
#Vijay #TVK #AIADMK #TamilNaduPolitics #DMK #EdappadiPalaniswami