Controversy | നടൻ സിദ്ദീഖിൻ്റെ ജാമ്യം: ഇതല്ലേ പി വി അൻവർ പറഞ്ഞ ആ നെക്‌സസ്? സൂര്യനസ്തമിച്ചാൽ എല്ലാ വിഐപികളും ഒറ്റക്കെട്ട്!
● സിദ്ദിഖിനെതിരെ പരാതി നൽകിയത് യുവനടി
● അന്വേഷണം വൈകിയതിന് കോടതിയുടെ വിമർശനം
● എട്ട് വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി
മിൻ്റാ മരിയാ തോമസ്
(KVARTHA) 'ജാമ്യം കിട്ടുന്നതു വരെ സിദ്ദിഖിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത കേരള പോലീസിനും ആഭ്യന്തര വകുപ്പിനും അഭിനന്ദനങ്ങൾ', ഇങ്ങനെ ഇപ്പോൾ വിലപിക്കുന്നത് കേരളത്തിലെ പൊതുജനമാണ്. കാരണം ബലാത്സംഗ കേസിൽ കുറ്റാരോപിതനായ നടൻ സിദ്ദിഖിന് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം അനുവദിച്ചു എന്ന വാർത്ത പുറത്തുവന്നതിനെത്തുടർന്നാണിത്. സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീംകോടതി രണ്ടാഴ്ചത്തേയ്ക്കാണ് തടഞ്ഞത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചാണ് സുപ്രീകോടതിയുടെ നടപടി.
അന്വേഷണത്തോട് സിദ്ദിഖ് സഹകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിചാരണക്കോടതി മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ സിദ്ദിഖ് പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു . ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു. യുവ നടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്.
സിദ്ദിഖിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. പരാതി നല്‍കാന്‍ കാലതാമസമുണ്ടായി എന്നതായിരുന്നു സിദ്ദിഖിന് വേണ്ടി മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. എട്ട് വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി എന്ന കാര്യം വ്യക്തമാക്കി അതിജീവിത സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചത്. വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. അതിനിടെ സിദ്ദിഖിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി മകന്‍ ഷഹീന്‍ ആരോപിച്ചു. സിദ്ദിഖ് കൊച്ചിയില്‍ ഉണ്ടായിട്ടും പിടികൂടാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന ആരോപണവും ശക്തമാണ്. ശരിക്കും ഇത് പൊതുജനത്തെ വിഡ്ഡിയാക്കുന്നതിന് തുല്യമല്ലെ? അങ്ങനെ സംശയിക്കുന്നവരും ഏറെയാണ്.
സിപിഎമ്മിൽ നിന്ന് അകന്ന നിലമ്പൂർ എംഎൽഎ പി വി അൻവർ നിലമ്പൂർ ചന്തക്കുന്നിൽ വിളിച്ചു ചേർത്ത പൊതുസമ്മേളത്തിൽ ഒരു കാര്യം വിളിച്ചു പറഞ്ഞിരുന്നു. ഒരു നക്സസിനെപ്പറ്റി. അത് ശരിയാണെന്ന് ഈ കേസുമായി ബന്ധപ്പെട്ട് പലരും ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് സാരം. അൻവർ പറഞ്ഞ നക്സസ് ഇതാണ്: 'സൂര്യനസ്തമിച്ചാൽ എല്ലാ വിഐപികളും ഒറ്റക്കെട്ട്. അതിൽ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല.പണക്കാർ മാത്രം'. പി വി. അന്‍വര്‍ പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് ജനങ്ങളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു.
പൊലീസിന്‍റെ മൂക്കിന് താഴെ നടൻ സിദ്ദീഖ് ആഴ്ചകള്‍ നടന്നിട്ട് പോലീസ് പിടിച്ചില്ല. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ ശേഷം മാത്രം ജാഗ്രത ലൂക്കൗട്ട് നോട്ടീസ്. കൊച്ചിയിൽ വല വീശി പിടുത്തം. നാടകങ്ങള്‍ . എന്തെല്ലാമായിരുന്നു?. കേരളം ഭരിക്കുന്ന പാര്‍ട്ടിക്കോ, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കോ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ ഒരു തരം ആക്ഷേപമോ, വിമര്‍ശനമോ ഇല്ലേയില്ല. അന്‍വര്‍ പറഞ്ഞ രാഷ്ട്രീയ കൂട്ട് കെട്ടിന്‍റെ ഏറ്റവും പുതിയ ഉദാഹരണം. ഈ വാർത്ത പുറത്തുവന്നതിന് ശേഷം അത് ശരിവയ്ക്കുന്നതാണ് പൊതുസമൂഹത്തിൻ്റേതായി സോഷ്യൽ മീഡിയയിൽ വന്ന കമൻ്റുകൾ.
സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ:
* 'വാ മോനെ വാ പുറത്ത് വാ.... എവിടെയും പൈസ ഉള്ളവന് ഒരു നിയമം അല്ലത്തവന് വേറെ നിയമം. വല്ലാത്ത ഒരു അവസ്ഥ തന്നെ... ഇതൊക്കെ മുൻപേ നമ്മൾക്ക് അറിയാമായിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ പൊലീസ് അറസ്റ്റ് ചെയ്യാതെ നിന്നതും. സിദ്ദിഖന് സംരക്ഷണം കൊടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ. എപ്പോഴും പീഡകർക്കു ഒപ്പം, ഇനി അതിജീവിത കേസ് പിൻവലിക്കുന്നതാണ് ഉത്തമം.
* പണത്തിനു മീതെ പറക്കാൻ പലർക്കും ഭയം. ഇതാണോ നീതി ന്യായ വ്യവസ്ഥ. എന്നാൽ പിന്നെ വെറുതെ ആരെ പറ്റിക്കാനാണ് പോലീസ് കേസെടുത്തത്. പുശ്ചo തോന്നുന്നു. മുകേഷിനെപ്പോലെ സിദ്ദീഖിനും ജാമ്യം, വെറുതെയല്ല അവിടെയുണ്ട് ഇവിടെയുണ്ട് എന്ന് പറഞ്ഞ് അവസാനം കുട്ടിച്ചാത്തനായതും മാധ്യമങ്ങളും പോലീസും ശ്രദ്ധ വിട്ടതും'.
ഇങ്ങനെ പോകുന്നു സിദ്ദിഖിൻ്റെ ജാമ്യത്തിലുള്ള പ്രതികരണങ്ങൾ. കേരളം ഒരു ഭ്രാന്തലയം, സ്വാമി വിവേകാനന്ദൻ പറഞ്ഞത് തന്നെ വെളിവാകുന്നു.
#Siddique #Bail #Kerala #Assault #SupremeCourt #Controversy