Statue | ഓർമകൾക്ക് ലാൽ സലാം; സി അച്യുത മോനോന്റെ പൂർണകായ പ്രതിമയ്ക്ക് കണ്ണൂരിൽ നൂറ് ചുവപ്പൻ സ്വീകരണം
സി അച്യുതമേനോൻ ഫൗണ്ടേഷന് അനുവദിക്കപ്പെട്ട സ്ഥലത്ത് ഒരുക്കിയ പീഠത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയും ഫൗണ്ടേഷൻ ചെയർമാനുമായ ബിനോയ് വിശ്വം അനാച്ഛാദനം ചെയ്യും
കണ്ണൂർ: (KVARTHA) മരണമില്ലാത്ത ഓർമ്മകളോടെ സി അച്യുതമേനോൻ്റെ പൂർണകായ പ്രതിമയുമായി സ്മൃതി യാത്ര പയ്യന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രയാണമാരംഭിച്ചു. പയ്യന്നൂരിലെ ശിൽപി ഉണ്ണി കാനായിയുടെ കരവിരുതിലൂടെയാണ് സി അച്യുതമേനോൻ്റെ പൂർണകായ വെങ്കല പ്രതിമ പയ്യന്നൂരിൽ ഒരുങ്ങിയത്. 10 അടി ഉയരവും 1000 കിലോഗ്രാം ഭാരവുമുള്ള വെങ്കല ശിൽപ്പം പ്രത്യേക വാഹനത്തിലാണ് സ്മൃതി യാത്ര നടത്തി ജൂലായ് 30ന് തിരുവനന്തപുരത്ത് എത്തിക്കുക.
സി അച്യുതമേനോൻ ഫൗണ്ടേഷന് അനുവദിക്കപ്പെട്ട സ്ഥലത്ത് ഒരുക്കിയ പീഠത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയും ഫൗണ്ടേഷൻ ചെയർമാനുമായ ബിനോയ് വിശ്വം അനാച്ഛാദനം ചെയ്യും. കഴിഞ്ഞ ദിവസം വൈകുന്നേരം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവാണ് പയ്യന്നൂർ ഗാന്ധി പർക്കിൽ സ്മൃതി യാത്ര ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം അച്യുതമേനോൻ്റെ പൂർണകായ പ്രതിമയ്ക്ക് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിൽ ബാൻഡ് വാദ്യത്തിൻ്റെ അകമ്പടിയോടെ സ്വീകരണം നൽകി.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രൻ ലീഡറും ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഡയറക്ടറയുമായിട്ടുള്ളതാണ് സ്മൃതി യാത്ര. ടി വി ബാലൻ, ടി ടി ജിസ് മോൻ, ഇ എസ് ബിജിമോൾ, പി കബീർ എന്നിവരാണ് സ്മൃതി യാത്രയിലെ അംഗങ്ങൾ.
കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി യാത്രയ്ക്ക് ഉജ്വല സ്വീകരണം നൽകി. അച്യുതമേനോൻ്റെ പൂർണകായ പ്രതിമയ്ക്കു മുൻപിൽ പുഷ്പാർച്ച നടത്തിയും അഭിവാദ്യ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പാർട്ടി പ്രവർത്തകരും നേതാക്കളും സ്വീകരണമൊരുക്കിയത്.