Legacy | ജോസഫ് സ്റ്റാലിൻ മൺമറഞ്ഞിട്ട് 72 വർഷം; സ്റ്റാലിനിസം കൈവിടാതെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ


● 1953 മാർച്ച് 5-ന് സ്റ്റാലിൻ അന്തരിച്ചു.
● സ്റ്റാലിൻ സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്നു.
● സ്റ്റാലിന്റെ നയങ്ങൾ സ്റ്റാലിനിസം എന്ന് അറിയപ്പെട്ടു.
● സ്റ്റാലിൻ എന്ന വാക്കിന് റഷ്യൻ ഭാഷയിൽ കാരിരുമ്പ് എന്നാണ് അർത്ഥം.
ഭാമനാവത്ത്
(KVARTHA) ലോക ചരിത്രത്തെ എക്കാലവും സ്വാധീനിച്ച നൂറു പേരിൽ ഒരാളും സാർ ചക്രവർത്തിമാർക്കെതിരായ ഒക്ടോബർ വിപ്ലവ സമര കാലഘട്ടത്തിൽ സോവിയറ്റ് യൂണിയനിലെ ബോൾഷേവിക്കു നേതാവ് വ്ലഡിമിർ ലെനിന്റെ ഉറ്റ തേരാളിയായി പ്രവർത്തിക്കുകയും ലെനിന്റെ മരണശേഷം സോവിയറ്റ് യൂണിയന്റെ സ്വയം പ്രഖ്യാപിത ഏകാധിപതിയായി ഭരണം നടത്തുകയും ചെയ്ത ജോസഫ് സ്റ്റാലിൻ ഈ ലോകത്തോട് വിടവാങ്ങിയിട്ട് മാർച്ച് അഞ്ചിന് 72 വർഷം.
സ്റ്റാലിൻ എന്ന വാക്കിന് റഷ്യൻ ഭാഷയിൽ കാരിരുമ്പ് എന്നാണ് അർത്ഥം. 1879 ഡിസംബർ 19ന് ജോർജിയയിൽ വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ച ലോസിഫ് (ജൊസെഫ്) വിസ്സരിഒനോവിച് ലോകത്തെ ഏറ്റവും വലിയ ഭരണാധികാരികളിൽ ഒരാളായി മാറിയത് അതി കഠിനമായ ജീവിതപാതകൾ താണ്ടിയ ശേഷമാണ്. ദൈവ ഭക്തയായ അമ്മ മകനെ ഒരു പുരോഹിതനാക്കാനാണ് ആഗ്രഹിച്ചിരുന്നത്.
അതിന് ഒരു പഠന കേന്ദ്രത്തിൽ വിട്ടപ്പോൾ അവിടെവെച്ച് കാറൽ മാർക്സിന്റെ പുസ്തകങ്ങളുമായി പരിചയപ്പെടാൻ ഇടപെടുകയും തന്റെ വഴി മതത്തിന്റെതല്ല വിപ്ലവത്തിന്റേതാണ് എന്ന് തിരിച്ചറിഞ്ഞ് പഠന കേന്ദ്രത്തിലെ പുരോഹിതരുമായി വാക്കേറ്റം ഉണ്ടായി നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ പിന്നാലെ നടന്ന് സെമിനാരിയിൽ നടന്ന പരീക്ഷകളെല്ലാം തോറ്റു മത പൗരോഹിത്യത്തോട് വിട പറയുകയാണ് ഉണ്ടായത്.
ഈ വിധ പ്രവർത്തനങ്ങൾ എല്ലാം മനസ്സിലാക്കിയിരുന്ന സാർ ചക്രവർത്തിമാരുടെ രഹസ്യ പോലീസ് സ്റ്റാലിന്റെ പിന്നാലെ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഒളിവിൽ പോയി ബോൾഷവിക് രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് പിന്നീട് കാലം സാക്ഷിയായത്. ഈ കാലഘട്ടത്തിലാണ് ലെനിനുമായി കൂടുതൽ അടുക്കുന്നതും ഗറില്ല യുദ്ധമുറയിലുള്ള ജോസഫിന്റെ പ്രാവീണ്യം ലെനിൻ തിരിച്ചറിയുന്നതും ആയതിന് പൂർണ പിന്തുണ നൽകുന്നതും.
ഈ സമയത്താണ് തന്റെ പേരിൽ കൂടി കാരിരുമ്പിന്റെ കരുത്ത് വേണം എന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിൽ സ്റ്റാലിൻ എന്ന പേര് സ്വീകരിച്ചത്. ബോൾഷെവിക് മുഖപത്രമായ പ്രാവ്ദ യുടെ നടത്തിപ്പിന്റെ ചുമതല അവകാശം ലെനിൻ സ്റ്റാലിന് കൈമാറിയിരുന്നു. ഏറെ രക്ത ചൊരിച്ചൽ ഉണ്ടായ ഒക്ടോബർ വിപ്ലവത്തിനുശേഷം സാർ ചക്രവർത്തിമാരെ കൂട്ടക്കൊല ചെയ്തു ബോൾഷവിക്ക് നേതാവ് ലെനിൻ സോവിയറ്റ് യൂണിയനിൽ അധികാരം പിടിച്ചെടുത്തപ്പോൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ നിമിതനായി. സ്റ്റാലിന്റെ അധികാര കേന്ദ്രത്തിലേക്കുള്ള പ്രധാന ചുവടുവയ്പ് ആയിരുന്നു അത്.
1924 ൽ ലെനിന്റെ മരണശേഷം സ്വാഭാവികമായും പിൻഗാമി ആയി വരേണ്ടിയിരുന്ന ലിയോൺ ട്രോട്സ്കിയെ മറികടന്ന് സ്റ്റാലിൻ അധികാരം ഏറ്റെടുക്കുന്നതിനാണ് പിന്നീട് ലോകം സാക്ഷിയായത്. അധികാരത്തിന് എതിരാളിയായിരുന്ന തന്റെ മുന്നോട്ടുള്ള യാത്രക്ക് തനിക്ക് എന്നും ചോദ്യചിഹ്നമാവും എന്നു തോന്നിയതിനാൽ ട്രോട്സ്കിയെ നാടുകടത്തുകയും പിന്നീട് മെക്സിക്കോയിൽ വച്ച് സ്റ്റാലിന്റെ ചാര പോലീസ് വധിക്കുകയും ചെയ്തു. തുടർന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും പിന്നെ സോവിയറ്റ് യുനിയന്റെ പ്രധാനമന്ത്രിയായും മരണംവരെ പ്രവർത്തിച്ചു.
മാർക്സിസത്തിനും ലെനിനിസത്തിനും തന്റേതായ വ്യാഖ്യാനം നൽകിയ അദ്ദേഹത്തിന്റെ നയങ്ങൾ സ്റ്റാലിനിസം എന്ന് അറിയപ്പെട്ടു. ഇന്ത്യയിൽ ഉൾപ്പെടെയുള്ള ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾ സ്റ്റാലിനിസം കൈവിടാതെയാണ് ഇന്നും പ്രവർത്തിച്ചു വരുന്നത്. കാർഷിക രാജ്യമായ സോവിയറ്റ് യൂണിയനിൽ ഇദ്ദേഹം നിർബന്ധിത വ്യവസായവൽക്കരണം നടപ്പിലാക്കി. വ്യവസായ സ്ഥാപനങ്ങൾക്ക് പരിധികൾ നിശ്ചയിക്കുകയും ആയത് നിർബന്ധപൂർവ്വം നടപ്പാക്കുകയും പരിധി നേടാൻ സാധിക്കാത്ത സ്ഥാപനങ്ങളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുകയുണ്ടായി. പലരെയും വധിച്ചതായും പറയുന്നു.
സോവിയറ്റ് യൂണിയൻ വ്യവസായ മേഖലയിൽ ഉന്നമനം കൈവരിച്ചെങ്കിലും കാർഷിക മേഖല തകർന്നതിനാൽ ലക്ഷക്കണക്കിന് ജനങ്ങൾ കഷ്ടപ്പാടും ക്ഷാമവും മൂലം മരിച്ചുവീണു. 1930കളുടെ അവസാന കാലഘട്ടത്തിൽ ഗ്രേറ്റ് പർജ് (മഹാ ശുദ്ധീകരണം) എന്ന പേരിൽ ഒരു രാഷ്ട്രീയ അടിച്ചമർത്തൽ നടപ്പിലാക്കി. സോവിയറ്റ് രാഷ്ട്രീയത്തിന് ഭീഷണിയുയർത്തിയ ലക്ഷക്കണക്കിന് ജനങ്ങൾ ഈ കലയളവിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആണെന്ന് മുദ്ര കുത്തി വധിക്കപ്പെടുകയോ സൈബീരിയയിലേയും മദ്ധ്യ ഏഷ്യയിലേയും ഗുലാഗ് തൊഴിലാളി ക്യാമ്പിലേക്ക് അയക്കപ്പെടുകയോ ചെയ്തു. ഏഴര ലക്ഷത്തിലേറെ ആൾക്കാർ ഇക്കാലഘട്ടത്തിൽ വധിക്കപ്പെട്ടതായി പറയുന്നു.
ഹിറ്റ്ലറുമായി കരാർ ഉണ്ടാക്കിയെങ്കിലും ഹിറ്റ്ലർ വഞ്ചിച്ചുകൊണ്ട് സോവിയറ്റ് യൂണിയനെ ആക്രമിച്ചതിനാൽ സ്റ്റാലിന് തന്റെ സർവ്വശക്തിയും പ്രയോഗിച്ചു നാസിസത്തെ പരാജയപ്പെടുത്തേണ്ടി വന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളുടെ പരാജയത്തിൽ ഇപ്രകാരം സോവിയറ്റ് യൂണിയൻ പ്രധാന പങ്ക് വഹിച്ചു. സ്റ്റാലിന്റെ ഭരണത്തിൻ കീഴിൽ സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ട് ശക്തികേന്ദ്രങ്ങളിൽ ഒന്നായിമാറി. ആ പദവി ഏകദേശം നാല് പതിറ്റാണ്ട് കാലത്തേക്ക് സ്റ്റാലിന്റെ മരണത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം വരെ നിലനിന്നു.
ഇന്ത്യയുമായി എന്നും സൗഹൃദമായിരുന്നു സ്റ്റാലിൻ കാത്തു സൂക്ഷിച്ചിരുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് പഞ്ചവത്സര പദ്ധതി എന്ന ആശയം പകർന്ന് കിട്ടിയത് ഈ നാട്ടിൽ നിന്നാണ്. വള്ളത്തോൾ നാരായണമേനോൻ സ്റ്റാലിനെ വിശേഷിപ്പിച്ചത് മഹാരത്നം എന്നാണ്. സ്റ്റാലിന്റെ മരണശേഷം വള്ളത്തോൾ എഴുതിയ കവിതയിൽ തൂകുക കണ്ണീരിന്ത്യയെ വേറെ ഇല്ലല്ലോ സ്റ്റാലിൻ എന്നാണ് പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് പിച്ചവച്ച് തുടങ്ങിയ ഇന്ത്യക്ക് സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്ന് ഭീഷണി ഉണ്ടായപ്പോൾ കാരിരുമ്പിന്റെ കരുത്തോടെ തുണയായി നിന്നത് സ്റ്റാലിൻ ആയിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.
മറ്റു പല രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളെ നേരിട്ട് കാണാൻ തയ്യാറാകാത്ത സ്റ്റാലിൻ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണനെ അത്ഭുത ആദരവോടെ സ്വീകരിച്ചു ഉപദേശ നിർദ്ദേശങ്ങൾ വാങ്ങിയിരുന്നു എന്ന് കാണുന്നു. എതിരാളികൾക്ക് നിതാന്ത വിമർശകനും അനുയായികൾക്ക് ഏറ്റവും പ്രിയപ്പെട്ടവനുമായ സ്റ്റാലിൻ തന്റെ 75-ാമത് വയസ്സിൽ 1953ൽ ഈ ലോകത്തോട് വിട വാങ്ങി.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
It has been 72 years since Joseph Stalin, one of the most influential figures in world history, passed away. Communist parties around the world still adhere to Stalinism.
#Stalin #Communism #SovietUnion #History #WorldWar2 #Politics