Speaker Election | സ്പീക്കർ തിരഞ്ഞെടുപ്പിൽ ശശി തരൂർ അടക്കം 7 എംപിമാർക്ക് വോട്ട് ചെയ്യാനാകില്ല; കാരണമുണ്ട്! നഷ്ടം ഇൻഡ്യ സഖ്യത്തിന്


ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് രാവിലെ 11 മണിക്ക് പാർലമെൻ്റിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശശി തരൂർ അടക്കം ഏഴ് എംപിമാർക്ക് വോട്ട് ചെയ്യാനാകില്ല. പ്രതിപക്ഷമായ ഇൻഡ്യ സഖ്യത്തിനാണ് ഇത് നഷ്ടമുണ്ടാക്കുക. ഈ എംപിമാർ ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തതാണ് കാരണം. ചട്ടപ്രകാരം അവർക്ക് സ്പീക്കർ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാകില്ല.
ഇൻഡ്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. കൂടാതെ രണ്ട് സ്വതന്ത്ര എംപിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. കോണ്‍ഗ്രസിന്റെ ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ശത്രുഘ്‌നന്‍ സിന്‍ഹ, ദീപക് അധികാരി, നൂറുല്‍ ഇസ്ലാം, സമാജ് വാദി പാര്‍ട്ടി എംപി അഫ്‌സല്‍ അന്‍സാരി എന്നിവരും രണ്ട് സ്വതന്ത്രരുമാണ് ഇനി സത്യപ്രതിജ്ഞ ചെയ്യാന്‍ ബാക്കിയുള്ളത്. വിവിധ കാരണങ്ങളാലാണ് മറ്റു എംപിമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.
സ്പീക്കർ തിരഞ്ഞെടുപ്പ്
എൻഡിഎയിൽ നിന്ന് ഓം ബിർളയും പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷുമാണ് സ്പീക്കർ സ്ഥാനാർത്ഥികൾ. 543 അംഗ ലോക്‌സഭയിൽ ഏഴുപേര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ 536 അംഗങ്ങള്‍ക്കാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവുക. 269 അംഗങ്ങളുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
പ്രതിപക്ഷം 232 സീറ്റുകൾ നേടിയിട്ടുണ്ടെങ്കിലും അവർക്ക് അഞ്ച് എംപിമാരെ നഷ്ടമാകും, സംഖ്യ 227 ആയി കുറയും. ഇതിനകം 293 എംപിമാരുള്ള എൻഡിഎയ്ക്ക് വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരുടെ പിന്തുണയും ഉണ്ടാകുമെന്നാണ് സൂചന. എൻഡിഎയ്ക്കും മതിയായ സംഖ്യാബലം ഉള്ള സാഹര്യത്തിൽ ഓം ബിർള തന്നെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.