LS Result | യുപിയിൽ ബിജെപി നേരിടുന്നത് വലിയ തിരിച്ചടി; 6 കേന്ദ്രമന്ത്രിമാർ പിന്നിൽ
ഇൻഡ്യ സഖ്യം 40 സീറ്റിലും എൻഡിഎ 39 സീറ്റിലും ലീഡ് ചെയ്യുന്നു
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാരംഭ സൂചനകളിൽ യുപിയിൽ മത്സരിച്ച കേന്ദ്രമന്ത്രിമാരിൽ ആറ് പേർ പിന്നിൽ. സ്മൃതി ഇറാനി, കൗശൽ കിഷോർ, അജയ് മിശ്ര തേനി, മഹേന്ദ്ര നാഥ് പാണ്ഡെ, അനുപ്രിയ പെറ്റൽ, സഞ്ജീവ് ബല്യാൻ എന്നിവരാണ് പിന്നിലുള്ളത്.
അമേഠിയിലാണ് സ്മൃതി ഇറാനി തിരിച്ചടി നേരിടുന്നത്. പുതിയ കണക്കുകൾ പ്രകാരം കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മ 39147 വോട്ടുകൾക്ക് മുന്നിലാണ്. സ്മൃതി ഇറാനി 127113 വോട്ടുകളും 87966 വോട്ടുകളും നേടിയിട്ടുണ്ട്.
യുപിയിൽ ഇൻഡ്യ സഖ്യം നെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആകെയുള്ള 80 സീറ്റിൽ ഇൻഡ്യ സഖ്യം 40 സീറ്റിലും എൻഡിഎ 39 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി 75 സീറ്റുകളിലാണ് മത്സരിച്ചത്, അഞ്ച് ചെറിയ സഖ്യകക്ഷികൾക്ക് വിട്ടുകൊടുത്തു. ഇന്ത്യ മുന്നണിയിൽ സമാജ്‌വാദി പാർട്ടി 62 സീറ്റിലും കോൺഗ്രസ് 17 സീറ്റിലും തൃണമൂൽ കോൺഗ്രസ് ഒരു സീറ്റിലും മത്സരിച്ചു.
ഫുൽപൂരിൽ എസ്പി സ്ഥാനാർത്ഥി അമർ നാഥ് സിംഗ് മൗര്യ 2730 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും വിപി സിംഗും പ്രതിനിധീകരിച്ച മണ്ഡലമാണിത്. ബിജെപിയുടെ എംഎൽഎ പ്രവീൺ പട്ടേലും എസ്പിയിലെ അമർനാഥ് മൗര്യയും ബിഎസ്പിയിൽ നിന്നുള്ള ജഗന്നാഥ് പാലും തമ്മിൽ ത്രികോണ പോരാട്ടമാണ് നടന്നത്.