Remembrance | എകെജി വിട വാങ്ങിയിട്ട് 48 വർഷം; ജന മനസിൽ ജ്വലിക്കുന്നു പാവങ്ങളുടെ പടത്തലവൻ

 
 48th Death Anniversary of AKG: Remembering the Leader of the Poor
 48th Death Anniversary of AKG: Remembering the Leader of the Poor

Image Credit: X/ CPI (M)

● ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയ ചരിത്രപരമായ മുന്നേറ്റങ്ങളിൽ പങ്കെടുത്തു.
● ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിച്ചു തൊഴിലാളികൾക്ക് മാതൃക സൃഷ്ടിച്ചു.
● മരണം വരെ തുടർച്ചയായി അഞ്ച് തവണ ലോക്‌സഭാംഗമായി.
● ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്നു 

 

 (KVARTHA) സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ, ഇന്ത്യൻ പാർലമെന്റ് അംഗം, പാവങ്ങൾക്കായുള്ള നീതി നിഷേധത്തിനെതിരെയുള്ള  നിരവധി പോരാട്ടങ്ങളുടെ അമരക്കാരൻ എന്നീ നിലകളിൽ  കേരളത്തിന്റെയും സർവ്വോപരി ഇന്ത്യ രാജ്യത്തും നിറഞ്ഞു നിന്നിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ്, ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ എന്ന എകെജി ഈ ലോകത്ത് നിന്നും വിട വാങ്ങിയിട്ട് 48 വർഷം.

മരണം വരെ ജനങ്ങളുടെ ആവശ്യവുമായി ജനങ്ങളുടെ ഇടയിൽ ജീവിച്ച നേതാവായിരുന്നു എകെജി. അധികാര രാഷ്ട്രീയത്തിൽ നിന്നും  എന്നും മാറി നടന്നിട്ടുള്ള എകെജി സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും സമരവഴിയിൽ തന്നെയായിരുന്നു. ഒരു നാടുവാഴിതറവാട്ടിൽ ജനിച്ചുവെങ്കിലും, ഗോപാലന്റെ മനസ് കഷ്ടപ്പെടുന്ന തൊഴിലാളികളുടേയും, അവശതയനുഭവിക്കുന്ന സാധാരണക്കാരുടേയും കൂടെയായിരുന്നു. 

ഗുരുവായൂർ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നീ ചരിത്രപ്രധാനമായ മുന്നേറ്റങ്ങളിൽ പങ്കുകൊണ്ടു. നിരവധി തവണ പൊലീസിന്റെയും ഗുണ്ടകളുടെയും ക്രൂര മർദനത്തിനിരയായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു, 1939 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി മുഴുവൻ കമ്മ്യൂണിസത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാളായി കേരളത്തിൽ നടന്ന സുപ്രധാനമായ തൊഴിലാളി സമരങ്ങളുടെ ആവേശമായി മാറി.

1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ, പാർട്ടി വിട്ടുപോയ 32 പേരിൽ ഒരാളായിരുന്നു എ.കെ.ഗോപാലൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) ന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. 1904 ഒക്ടോബർ ഒന്നാം തിയതി കണ്ണൂർ ജില്ലയിൽ പെരളശ്ശേരിക്കടുത്ത് മക്രേരി ഗ്രാമത്തിലെ ആയില്യത്ത്‌ കുറ്റ്യേരി എന്ന ജന്മി തറവാട്ടിൽ ജനിച്ചു. ഗാന്ധിജിയിൽ നിന്നും ആദർശം ഉൾക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊള്ളുന്നതിനായി 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ‍ ചേർന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 

ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട്  പയ്യന്നൂരിലേക്കു വന്ന ജാഥ നയിച്ച കേളപ്പന്റെ പ്രസംഗം ഗോപാലന്റെ  മനസ്സിൽ പുതിയൊരു ചിന്ത സൃഷ്ടിച്ചു. മഹത്തായ ആ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ ചേരുവാൻ അദ്ദേഹം തീരുമാനിച്ചു. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് 1930-ൽ അദ്ദേഹം തടവിലാക്കപ്പെട്ടു. ഗുരുവായൂർ സത്യഗ്രഹത്തിന്റെ പ്രചാരണാർഥം കേളപ്പനും ഗോപാലനും അടങ്ങുന്ന സംഘം പയ്യന്നൂർ കണ്ടോത്ത്  കൂടി ഹരിജനങ്ങളെയും കൂട്ടി ഘോഷയാത്ര നടത്തി. ഘോഷയാത്ര റോഡിന് സമീപം എത്തിയപ്പോൾ  ഘോഷയാത്രയിൽ പങ്കെടുത്തവരെ ചിലർ  മർദ്ദിക്കാൻ തുടങ്ങി.  

ഗോപാലന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ മർദനമായിരുന്നു ഇത്. ഗുരുവായൂർ സത്യഗ്രഹത്തിന് ലഭിച്ച ഏറ്റവും നല്ല പ്രചാരണമായിരുന്നു കണ്ടോത്തെ കുറുവടി. കർഷക തൊഴിലാളികളുടെ ജീവിതാവസ്ഥ പഠിച്ച ഗോപാലൻ കഷ്ടപ്പെട്ടു മണ്ണിൽ പണിയെടുക്കുന്നത് കർഷകനും, അവസാനം ഫലം കൊണ്ടുപോകാൻ ജന്മിയും. ഈ വ്യവസ്ഥ മാറേണ്ടതു തന്നെയെന്ന് ഉറപ്പിച്ചു. ഇത്തരം ചിന്താഗതികൾ വച്ചു പുലർത്തിയ കോൺഗ്രസിലെ നേതാക്കൾ സംഘടിച്ചാണ് പാട്നയിൽവെച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത്. 

മികച്ച ഒരു സംഘാടകനായ കൃഷ്ണപിള്ളയും ഗോപാലനും ചേർന്ന് കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിച്ചു.  തൊഴിലാളികളുമായി ഇടപഴകുമ്പോഴെല്ലാം തന്നെ അവരിലൊരാളായിരിക്കാൻ ഗോപാലൻ ശ്രദ്ധിച്ചു. അവരോടൊപ്പം ഭക്ഷണം കഴിച്ചു. അവർ കിടക്കുന്ന പായയിൽ കിടന്നുറങ്ങി. പതുക്കെ ഗോപാലൻ, പാവങ്ങളുടെ ഗോപാലേട്ടനാവുകയായിരുന്നു. തടവറയിലിരിക്കുമ്പോഴാണ് അദ്ദേഹം ഇടതുപക്ഷ ചിന്താധാരയിലേക്ക് ആകർഷിക്കപ്പെട്ടത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇടതുപക്ഷ ചിന്താധാര ശക്തമായി വരുന്ന കാലഘട്ടമായിരുന്നു അത്. 

ഇത്തരം ആശയങ്ങൾക്ക് കരുത്തുപകർന്നിരുന്നത് ഗോപാലൻ, ഇ.എം.എസ്, പി.കൃഷ്ണപിള്ള തുടങ്ങിയവരുടെ പ്രവർത്തനങ്ങളായിരുന്നു. ഈ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു. 1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി, മലബാർ മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥ (പട്ടിണി ജാഥ) ക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്. 

1940 ലാണ് കോഫീബോർഡ് ഇന്ത്യൻ കോഫീ ഹൗസ് രാജ്യത്തൊട്ടാകെ ആരംഭിച്ചത്. 1950 കളിൽ ഇതിൽ പലതും യാതൊരു കാരണങ്ങളുമില്ലാതെ അടച്ചുപൂട്ടുകയും, തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. എ.കെ.ജി വിഷമവൃത്തത്തിലായ തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുക്കുകയും, അവരെ സംഘടിപ്പിച്ച് ഇന്ത്യ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു. 

ഇന്ത്യ റിപ്പബ്ലിക്കായതിനു ശേഷം മരണം വരെ തുടർച്ചയായി അഞ്ച് തവണ ലോക്‌സഭാംഗമായി. ലോക്‌സഭയിലെ ആദ്യത്തെ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം. 1977 മാർച്ച്‌ 22നു തന്റെ 72-ാമത് വയസിൽ അന്തരിച്ച എകെജി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത്  അന്ത്യവിശ്രമം കൊള്ളുന്നു. മഹിളാ അസോസിയേഷൻ നേതാവും മുൻ മന്ത്രിയും ലോക്സഭാംഗവും ആയിരുന്ന സുശീല ഗോപാലൻ ആണ് ഭാര്യ . കാസർകോട് മുൻ എംപി പി കരുണാകരൻ ഏക  മകൾ ലൈലയുടെ ഭർത്താവാണ്.

Today marks the 48th death anniversary of AKG, a prominent communist leader, freedom fighter, social activist, and the first Leader of the Opposition in the Lok Sabha, remembered for his unwavering commitment to the poor and marginalized.

#AKG, #RememberingAKG, #CommunistLeader, #IndianPolitics, #SocialActivist, #Kerala

 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia