Rift | ഇ കെ വിഭാഗം സമസ്തയിൽ ഭിന്നതകൾ ശക്തമാകുന്നതിന് പിന്നിൽ രാഷ്ട്രീയം; തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ രൂക്ഷമാകുമോ?

 


മലപ്പുറം: (KVARTHA) മുസ്ലിം ലീഗുമായുള്ള പ്രശ്‌നങ്ങൾക്കിടയിൽ തന്നെ കേരളത്തിലെ പ്രബലമായ മുസ്ലിം സംഘടനകളിലൊന്നായ ഇ കെ വിഭാഗം സമസ്തയ്ക്കുള്ളിലും അഭിപ്രായ ഭിന്നതകൾ ശക്തമാവുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം. ഏറ്റവും ഒടുവിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദ്ദീൻ നദ്‌വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടുന്ന സാഹചര്യത്തിലേക്ക് എത്തിനിൽക്കുകയാണ് കാര്യങ്ങൾ. 48 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നോടീസിൽ ആവശ്യപ്പെട്ടത്.
  
Rift | ഇ കെ വിഭാഗം സമസ്തയിൽ ഭിന്നതകൾ ശക്തമാകുന്നതിന് പിന്നിൽ രാഷ്ട്രീയം; തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ രൂക്ഷമാകുമോ?

സമസ്തയിലെ ചിലർ ഇടതുപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബഹാവുദ്ദീൻ നദ്‌വി വിമർശിച്ചിരുന്നു. സുപ്രഭാതം പത്രത്തിൽ നയം മാറ്റം വന്നെന്നും ഇത് ഇടതുപക്ഷ അനുകൂല നിലപാടിലേക്കുള്ള ചാഞ്ചാട്ടമാണെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും ഈ നയം മാറ്റത്തിനെതിരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും ബഹാവുദ്ദീൻ നദ്‌വി വ്യക്തമാക്കിയിട്ടുണ്ട്.


സമസ്തയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമമോ?

സമസ്‌ത അധ്യക്ഷനായി ജിഫ്രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റത് മുതലുള്ള സംഘടനയിലെ മാറ്റങ്ങളാണ് സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ടിയെ മാത്രം ആശ്രയിച്ച് മാത്രം മുന്നോട്ട് പോകേണ്ടെന്ന സമസ്തയുടെ തീരുമാനവും സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളുമാണ് ഒരുകാലത്ത് 'ബി ടീം' പോലെ പ്രവർത്തിച്ചിരുന്ന സമസ്തയും ലീഗും തമ്മിൽ അകൽച്ചയുണ്ടാക്കിയത്

സമസ്‌ത സെക്രടറിയും മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തിന്റെ മുസ്‌ലിം ലീഗിനെതിരായ പ്രസ്താവനകൾ അടുത്തിടെ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ലീഗ് ജെനറല്‍ സെക്രടറി പിഎംഎ സലാമിന്റെ നിലപാടുകളിലും സമസ്തയിലെ ഒരു വിഭാഗം അതൃപ്തരാണ്. സമസ്തയ്‌ക്കെതിരെ ശക്തമായ നിലപാടുമായി ലീഗിന്റെ നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ശനിയാഴ്ച ദുബൈയിൽ നടന്ന സുപ്രഭാതം ദിനപത്രത്തിൻ്റെ ഗൾഫ് പതിപ്പ് പുറത്തിറക്കുന്ന ചടങ്ങിൽ നിന്ന് വിട്ടുനിന്നത് അകലം വർധിപ്പിച്ചു.

ഈ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ മന്ത്രി പി എ മുഹമ്മദ് റിയാസ്, സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനം ബഹിഷ്കരിച്ചവരെ നാളെ ജനം ബഹിഷ്കരിക്കുമെന്ന് പറഞ്ഞത് തക്ബീർ മുഴക്കിയായിരുന്നു സദസ് സ്വീകരിച്ചത്. എന്നാൽ ഇതേകുറിച്ച്, നിരീശ്വരവാദിയായ ഒരാള്‍ക്ക് തക്ബീര്‍ ചൊല്ലി പിന്തുണ നല്‍കുന്നത് ബുദ്ധിശൂന്യമാണെന്നായിരുന്നു ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ വിമർശനം.

അതേസമയം തന്നെ മുസ്ലിം ലീഗിനെ അനുകൂലിക്കുന്ന മറ്റൊരു വിഭാഗവും സമസ്‌തയിലുണ്ട്. ഉമര്‍ഫൈസി മുക്കത്തെ മുന്നില്‍ നിര്‍ത്തി സമസ്തയിലെ ലീഗ് വിരുദ്ധര്‍ നടത്തുന്ന നീക്കത്തെ ചെറുക്കാനാണ് മുതിര്‍ന്ന നേതാവായ ബഹാവുദ്ദീന്‍ നദ്‌വിയെ തന്നെ ഇപ്പോൾ എതിർവിഭാഗം രംഗത്തിറക്കിയിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സിഐസി വിഷയത്തിൽ ഹക്കീം ഫൈസിയെ പിന്തുണച്ചതിലും പാണക്കാട് ഖാസി ഫൗണ്ടേഷന്‍ രൂപീകരിച്ചതിലും ലീഗിന്റെ രാഷ്ട്രീയമാണ് പിന്നിലെന്നാണ് വിലയിരുത്തൽ.

സമസ്‌ത മുസ്ലി ലീഗുമായി അകലുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിനാണ് നഷ്ടമുണ്ടാക്കുക. അവസരം മുതലാക്കാൻ സിപിഎം സജീവമായി രംഗത്തുണ്ട്. സമസ്തയിലെ പ്രമുഖ നേതാക്കളുമായെല്ലാം സിപിഎം നേതാക്കൾ അടുത്തബന്ധം പുലർത്തുന്നുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, സമസ്തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചിരുന്നതായും ആക്ഷേപമുണ്ട്. ഇത്തമൊരു സാഹചര്യത്തിൽ സമസ്തയിൽ ഭിന്നതയുണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് നെറ്റിസൻസ് ആരോപിക്കുന്നത്.

2014ൽ സുപ്രഭാതം ദിനപത്രത്തിന്റെ പ്രകാശന ചടങ്ങിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നു. ബഹാവുദ്ദീൻ നദ്‌വി അടക്കമുള്ളവർ അന്ന് ഒപ്പമുണ്ടായിരുന്നു. അന്നില്ലാത്ത വിമർശനം ഇപ്പോഴെങ്ങനെ ഉണ്ടായെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നുയരുന്ന ചോദ്യം. ഏറ്റവുമൊടുവിൽ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍ഡിഎഫ് പരസ്യം വന്നതോടെ രൂക്ഷമായ സമസ്ത– ലീഗ് ഭിന്നത 1989 ലെ പിളര്‍പ്പിനെ ഓർമിപ്പിക്കുകയാണ്. അന്നും പിളർപ്പിന് കാരണമായി ലീഗായിരുന്നു പ്രതിസ്ഥാനത്ത്. സമാന രീതിയിൽ സമസ്തയിൽ ഭിന്നതയുണ്ടാക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുന്നുണ്ടോ എന്നാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ചോദ്യം.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മുസ്ലിം ലീഗിന് നിർണായകമായാണ്. ലീഗിനെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഫലം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പൊന്നാനിയിലോ മലപ്പുറം സീറ്റിലോ ലീഗിൻ്റെ തോൽവിയോ ഭൂരിപക്ഷം കുറയുകയോ ചെയ്യുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ലീഗിന് ക്ഷീണമുണ്ടാക്കും. മലപ്പുറത്തും പൊന്നാനിയിലും തോറ്റാലും ഭൂരിപക്ഷം കുറഞ്ഞാലും കൂടിയാലും സമസ്തയിലെ ഒരു വിഭാഗത്തിനെതിരെ ശക്തമായ നീക്കം നടത്താനാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആലോചനയെന്നാണ് സൂചന.

Keywords:  News, News-Malayalam-News, Kerala, Politics, Politics is behind the strengthening of differences in the EK faction.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia