Hygiene | ഭക്ഷണശാലയിലാണോ ജോലി? അറിയണം ഈ കാര്യങ്ങൾ

 
Personal Hygiene


* ബാക്ടീരിയകളും മറ്റ് രോഗകാരികളും വ്യാപിപ്പിക്കാൻ കാരണമാകും

കാസർകോട്: (KVARTHA) റെസ്റ്റോറന്റുകളും തട്ടുകടകളും മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട് ഇന്ന്. എന്നാൽ, ഭക്ഷണത്തിന്റെ രുചി മാത്രമല്ല, വിൽക്കുന്ന ഭക്ഷണത്തിന്റെയും പരിസരത്തിന്റെയും  ആരോഗ്യവും ശുചിത്വവും പ്രധാനമാണ്. ഇവ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ജീവനക്കാരാണ്. ഇവർ, പ്രത്യേകിച്ച് ഭക്ഷണ പാചകം ചെയ്യുന്നവരും വിളമ്പുന്നവരും, ശുചിത്വം പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ജീവനക്കാർ വൃത്തിയിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ.

* സ്വയം വൃത്തിയായിരിക്കുക:  

വൃത്തിഹീനമായ കൈകൾ ഭക്ഷണത്തിൽ ബാക്ടീരിയകളും മറ്റ് രോഗകാരികളും വ്യാപിപ്പിക്കാൻ കാരണമാകും. ഇത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് രോഗങ്ങൾക്കും വഴിവെക്കും. പാചകം ചെയ്യുന്നവരും വിളമ്പുന്നവരും എപ്പോഴും വൃത്തിയുള്ള യൂണിഫോം ധരിക്കണം. മുടി വൃത്തിയായി കെട്ടി വെച്ച് തലമറക്കുക. ജീവനക്കാർ, പ്രത്യേകിച്ച് അടുക്കളയിൽ ജോലി ചെയ്യുന്നവർ, ഗ്ലൗസും മാസ്കും നിർബന്ധമായും  ഉപയോഗിക്കുക.  കൈകൾ ഇടയ്ക്കിടെ സോപും വെള്ളവും ഉപയോഗിച്ച് കഴുക, പ്രത്യേകിച്ച് ഓരോ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനു മുമ്പും ശേഷവും. 

നഖങ്ങൾ വൃത്തിയായി വെട്ടുകയും വേണം. ജലദോഷം, വയറിളക്കം, ഛർദി പോലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ ജോലി ചെയ്യരുത്. യൂണിഫോം ധരിച്ചതും വൃത്തിയായി കാണപ്പെടുന്നതുമായ ജീവനക്കാർ ഉപഭോക്താക്കൾക്ക് നല്ല മതിപ്പ് നൽകും. ഇത് ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുകയും സ്ഥാപനത്തിന് നല്ല പ്രതിച്ഛായ നൽകുകയും ചെയ്യും. ഉടമകൾ ജീവനക്കാർക്ക് വ്യക്തിഗത ശുചിത്വ നടപടിക്രമങ്ങളെക്കുറിച്ച് പരിശീലനം നൽകുകയും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ജീവനക്കാർ അനാവശ്യമായി മൂക്കോ കണ്ണോ ചെവിയോ തുടങ്ങി ശരീര ഭാഗങ്ങൾ സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കുക. ജീവനക്കാർ കൂടുതൽ സമയവും ഭക്ഷണം, പാചക ഉപകരണങ്ങൾ, അതിഥി മുറികൾ എന്നിവയുമായി സമ്പർക്കത്തിലാണ്. അനാവശ്യമായി ശരീര ഭാഗങ്ങൾ സ്പർശിക്കുകയാണെങ്കിൽ അണുക്കളും ബാക്ടീരിയകളും മറ്റും ഉപഭോക്താക്കളിലേക്ക് കൂടി പകരുന്നതിന് കാരണമാകും.

* പാചകസ്ഥലം വൃത്തിയായി സൂക്ഷിക്കുക: 

ജീവനക്കാർ പാചകസ്ഥലം വൃത്തിയായി സൂക്ഷിക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. വൃത്തിയുള്ള പാചകസ്ഥലം ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും ഭക്ഷ്യവിഷബാധ അടക്കമുള്ള രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പാചകം ചെയ്യുന്ന സ്ഥലം, ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ എല്ലായ്പ്പോഴും വൃത്തിയായിരിക്കണം. പാചകം ചെയ്യുന്ന പ്രതലങ്ങൾ അണുനശീകരണ വസ്തുക്കൾ ഉപയോഗിച്ച് പതിവായി വൃത്തിയാക്കണം. ഭക്ഷണം തയ്യാറാക്കിയ ശേഷം ബാക്കിയാവുന്ന എല്ലാ  മാലിന്യങ്ങളും നീക്കം ചെയ്യുക. കിടപ്പുമുറിയെക്കാൾ വൃത്തിയായി സൂക്ഷിക്കേണ്ട സ്ഥലമാണ് അടുക്കള എന്നുള്ള കാര്യം മനസിൽ സൂക്ഷിക്കുക.

* ഭക്ഷണം ശരിയായി സൂക്ഷിക്കുക: 

ഭക്ഷണം ശരിയായി സൂക്ഷിക്കാത്തത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും. കൂടാതെ രുചിയും പോഷകാഹാര ഗുണങ്ങളും നഷ്ടപ്പെടുത്തും. പാകം ചെയ്ത ഭക്ഷണം അടച്ചുറപ്പുള്ള പാത്രങ്ങളിൽ വേണം സൂക്ഷിക്കാൻ. ഭക്ഷണം മൂടി സൂക്ഷിക്കുന്നത് ബാക്ടീരിയകളെ അകറ്റാൻ സഹായിക്കും. പഴകിയ ഭക്ഷണം വിൽക്കരുത്. പച്ചക്കറികളും മാംസവും പോലുള്ള വ്യത്യസ്ത തരത്തിലുള്ള ഭക്ഷണം തമ്മിൽ ഇടകലരുന്നതിന് വഴിവെക്കരുത്. പാചകം ചെയ്യുന്നതിനു മുമ്പ് പച്ചക്കറികളും മാംസവും വൃത്തിയുള്ള ഒഴുകുന്ന വെള്ളത്തിൽ കഴുകണം. പാചകം ചെയ്യുന്നതിനും കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കണം.

* ഭക്ഷണം വിളമ്പുന്നതിന് ഉപകരണങ്ങൾ ഉപയോഗിക്കുക:

ജീവനക്കാർ ഭക്ഷണം വിളമ്പുന്നതിന് പ്ലകർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണ്. ഇത് ഭക്ഷണത്തിന്റെ രുചി, ഗുണനിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ സഹായിക്കും. പലഹാരങ്ങളോ അല്ലെങ്കിൽ വീണ്ടും പൊറോട്ടയോ ചപ്പാത്തിയോ മറ്റ് ഭക്ഷണമോ ആവശ്യപ്പെട്ടാൽ ജീവനക്കാർ തുറന്ന കൈകൊണ്ട് നൽകുന്നത് പതിവ് കാഴ്ചയാണ്. ജീവനക്കാർ സ്വന്തം ശരീര ഭാഗങ്ങളിലോ മറ്റോ സ്പർശിച്ച കൈകൊണ്ട് തന്നെയായിരിക്കും ഇത്തരത്തിൽ ഭക്ഷണം നൽകുന്നത് എന്നതാണ് അപകടകരം. ഇത് ഉപഭോക്താക്കൾക്ക് അസംതൃപ്തിയും ഉണ്ടാക്കുന്നു. 

ഇത്തരം സാഹചര്യങ്ങളിൽ പ്ലകർ പോലുള്ളവ ഉപയോഗിച്ച് വിളമ്പുന്നത് ഭക്ഷണത്തിൽ ബാക്ടീരിയകൾ വ്യാപിക്കുന്നത് തടയാൻ സഹായിക്കും. ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുകയും, കൂടാതെ ജീവനക്കാർക്ക് പൊള്ളലേൽക്കുന്നത് തടയാമെന്ന ഗുണവുമുണ്ട്. വിളമ്പുന്ന ഭക്ഷണത്തിനനുസരിച്ച് ശരിയായ ഉപകരണം തിരഞ്ഞെടുക്കുക. ഉപയോഗിക്കുന്നതിനുമുമ്പും ശേഷവും ഉപകരണങ്ങൾ കഴുകുക. 

ചെറുകിട ഭക്ഷണ ശാലകളിൽ വൃത്തിയാക്കുന്നതും ഭക്ഷണം വിളമ്പുന്നതും ഒരാൾ തന്നെയായിരിക്കും. ഒരുപക്ഷെ ടേബിൾ വൃത്തിയാക്കുന്നതിനിടെ ഉപഭോക്താക്കൾ ഭക്ഷണം ആവശ്യപ്പെട്ടാൽ അതേ കൈകൊണ്ട് നൽകിയെന്നും വരാം. അതിനാൽ ഇത്തരം ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവർ ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകുക.

* പ്രാണികളെയും കീടങ്ങളെയും നിയന്ത്രിക്കുക:

ഈച്ചകളും എലികളും പോലുള്ള പ്രാണികളെയും കീടങ്ങളെയും മൃഗങ്ങളെയും നിയന്ത്രിക്കാൻ നടപടികൾ എടുക്കണം. ഈ ജീവികൾ ഭക്ഷണത്തെ മലിനമാക്കുകയും രോഗങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യും. ഇവ  പ്രവേശിക്കുന്നത് തടയാൻ പ്രത്യേകിച്ചും അടുക്കളയിൽ ജനാലകളും ദ്വാരങ്ങളും വല ഉപയോഗിച്ച് അടക്കുക. കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപകരണങ്ങളും (Insect Killer Machine) ഉപയോഗിക്കുന്നത് പരിഗണിക്കുക.

* ഫ്രിഡ്ജിൽ കണ്ണ് വേണം:

ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ ഫ്രിഡ്ജിന്റെ താപനില ശരിയായ അളവിൽ നിലനിർത്തുക.
പച്ചക്കറികൾ, പഴങ്ങൾ, മാംസം, മീൻ, മുട്ട എന്നിവ പോലുള്ള വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ വേർതിരിച്ച് സൂക്ഷിക്കുക. പഴകിയതും വൃത്തിഹീനവുമായ ഭക്ഷണം നീക്കം ചെയ്യുക. ഭക്ഷണം മൂടി സൂക്ഷിക്കുക അല്ലെങ്കിൽ റാപിൽ പൊതിയുക. ഫ്രിഡ്ജ് പതിവായി വൃത്തിയാക്കുക, പ്രത്യേകിച്ച് ഭക്ഷണം മാറ്റിയതിന് ശേഷം. ഫ്രിഡ്ജിന്റെ ഷെൽഫുകൾ, വാതിൽ, ഡോർ ഹാൻഡിൽ എന്നിവയും  വൃത്തിയാക്കുക.

* ഭക്ഷണ പാത്രങ്ങൾ നന്നായി വൃത്തിയാക്കുക:

ചിലയിടങ്ങളിൽ ബക്കറ്റിലോ മറ്റോ വെള്ളം നിറച്ചുവെച്ച് അതിലേക്ക് മുക്കിയോ അല്ലെങ്കിൽ അതിൽ നിന്ന് വെള്ളമെടുത്തോ ഭക്ഷണ പാത്രങ്ങൾ വൃത്തിയാക്കാറുണ്ട്, പ്രത്യേകിച്ചും തട്ടുകടകളിലാണ് ഇവ കാണുക. ഇത് ഒട്ടും നല്ലതല്ല. ടാപ് പോലുള്ള ഒഴുകുന്ന വെള്ളത്തിൽ വേണം വൃത്തിയാക്കാൻ. ഭക്ഷണ പാത്രങ്ങൾ വൃത്തിയാക്കുന്നതിനുമുമ്പ് കൈകൾ സോപ് ഉപയോഗിച്ച് നന്നായി കഴുകുക. വൃത്തിയുള്ള സ്പോഞ്ച് അല്ലെങ്കിൽ തുണി ഉപയോഗിക്കുക. കഴുകിയ ശേഷം, അവ വൃത്തിയുള്ളതും കീടങ്ങളിൽ നിന്ന് മുക്തവും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കുക.

* ഭക്ഷണം തുറന്നു വയ്ക്കരുത്:

പലഹാരങ്ങൾ പോലുള്ള ചില ഭക്ഷണങ്ങൾ തുറന്നു വയ്ക്കുന്നത് ഒഴിവാക്കുകയും അവ ചില്ല് അലമാരകളിൽ സൂക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം തുറന്നുവെക്കുന്നതിലൂടെ 
ബാക്ടീരിയകൾക്ക് ഭക്ഷണത്തിൽ വളരാനും അത് വിഷമയമാക്കാനും കഴിയും. രുചി നഷ്ടപ്പെടാനും കാരണമാകും. കൂടാതെ ചില്ല് അലമാരകൾ പതിവായി വൃത്തിയാക്കുക.

* ടേബിൾ വൃത്തിയാക്കുമ്പോൾ:

ഭക്ഷണം കഴിക്കുന്ന ടേബിൾ വൃത്തിയാക്കുന്നതിനായി വൃത്തിയുള്ള തുണിയോ മറ്റോ ഉപയോഗിക്കുക. കൂടാതെ മാലിന്യങ്ങൾ നീക്കുന്നതിനായി വേറെത്തന്നെ പാത്രം ഉപയോഗിക്കുക. ഒരാൾ കഴിച്ച പാത്രത്തിൽ തന്നെ മാലിന്യങ്ങൾ നീക്കുന്ന ശീലം ചിലയിടങ്ങളിലുണ്ട്. ടേബിൾ വൃത്തിയാക്കിയ ശേഷവും കൈകൾ സോപ് ഉപയോഗിച്ച് നന്നായി കഴുകുക. ടേബിളുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തുണികളും സ്‌പോഞ്ചുകളും പലപ്പോഴും ഭക്ഷണ അവശിഷ്ടങ്ങൾ, അഴുക്ക്, ബാക്ടീരിയ എന്നിവ കൊണ്ട് നിറഞ്ഞതായിരിക്കും. 

ഒരു ടേബിൾ വൃത്തിയാക്കാൻ ഉപയോഗിച്ച ശേഷം ഈ തുണിയോ സ്‌പോഞ്ചോ കൂടുതൽ ടേബിൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് മൂലം ആദ്യ ടേബിളിൽ നിന്നുള്ള അണുക്കളും ബാക്ടീരിയകളും പുതിയ ടേബിളിലേക്ക് പകരാൻ സാധ്യതയുണ്ട്. ഇത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കൂടാതെ ദുർഗന്ധം വമിക്കാനും സാധ്യതയുണ്ട്. അതിനാൽ സ്‌പോഞ്ചും തുണിയും നിർദിഷ്ട സമയങ്ങളിൽ മാറ്റുകയും, നന്നായി കഴുകുകയും വേണം. ഒരേ തുണിയോ സ്‌പോഞ്ചോ രാവിലെ മുതൽ വൈകുന്നേരം വരെ ഉപയോഗിക്കരുത്.

* അതിഥി മുറികൾ വൃത്തിയാക്കുക: 

ഷീറ്റുകൾ, തുണിത്തരങ്ങൾ തുടങ്ങിയവ പതിവായി മാറ്റുക, ശൗചാലയം, കൈകഴുകുന്ന സ്ഥലം എന്നിവ വൃത്തിയാക്കുക, നിലകൾ വാക്വം ചെയ്യുക അല്ലെങ്കിൽ തുടയ്ക്കുക. ശൗചാലയങ്ങളിൽ കൈ കഴുകാനായി പ്രത്യേക സ്ഥലം വേണം. ഇവിടങ്ങളിൽ ഹാൻഡ് വാഷും ഉണ്ടായിരിക്കണം. ബാക്ടീരിയകളും മറ്റ് രോഗകാരികളും നിറഞ്ഞ സ്ഥലങ്ങളാണ് ശൗചാലയം. ഹാൻഡ് വാഷ് ഉണ്ടായിരിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൈ നന്നായി കഴുകുന്നത് വയറിളക്കം, ഛർദി തുടങ്ങിയ അണുബാധ രോഗങ്ങൾ വ്യാപിക്കുന്നത് തടയാൻ സഹായിക്കും.

കൂടാതെ ഹാൻഡ് വാഷ് സാധാരണ കിട്ടുന്ന രൂപത്തിൽ തന്നെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ നൽകുക. ഹാൻഡ് വാഷിൽ വെള്ളം ചേർക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും. വെള്ളം ഹാൻഡ് വാഷിനെ നേർത്തതാക്കുകയും അഴുക്കും എണ്ണയും നീക്കം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ചെയ്യും. ഇതുമൂലം ആളുകൾ കൂടുതൽ ഉപയോഗിക്കുകയും സ്ഥാപനത്തിന് നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നുളള കാര്യവും ഓർക്കുക. ഹാൻഡ് വാഷിന് പകരം സോപ് വെള്ളമോ മറ്റോ കുപ്പിയിൽ നിറച്ച് വെക്കുന്നതും ഒഴിവാക്കുക.

* അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക 

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പരിശീലനം നേടുകയും ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ് അടക്കമുള്ള ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക. ജീവനക്കാരുടെ ശുചിത്വം ഉറപ്പാക്കുന്നത് ഭക്ഷ്യ വ്യവസായത്തിന്റെ വിജയത്തിനും ഉപഭോക്താക്കളുടെ ആരോഗ്യത്തിനും അത്യാവശ്യമാണ്. അതിനാൽ ഇതിൽ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കും ഉത്തരവാദിത്തങ്ങളുണ്ട്. ജീവനക്കാരുടെ ശുചിത്വ പാലനം നിരീക്ഷിക്കുകയും തിരുത്തലുകൾ നടത്തുകയും വേണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് അടക്കമുള്ള സംവിധാനങ്ങൾ പതിവായി പരിശോധനകൾ നടത്തുകയും നിയമ ലംഘനങ്ങൾക്കെതിരെ തക്കതായ നടപടി സ്വീകരിക്കുകയും വേണം.

ജീവനക്കാർക്ക് വൃത്തിയെക്കുറിച്ച് മാസത്തിലൊരിക്കൽ ബോധവൽക്കരണം നൽകുകയും അവലോകനം നടത്തുകയും  മികച്ച പ്രകടനത്തിന് സമ്മാനം അടക്കം നൽകി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ഇത് സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വൃത്തിയും ശുചിത്വവും മെച്ചപ്പെടുത്താൻ സഹായിക്കും. വൃത്തിയായതും സുഖകരവുമായ അന്തരീക്ഷം ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും അവർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ ജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനും കൂടി കഴിയും. ഉപഭോക്തൃ സംതൃപ്തിയാണ് യാതൊരു സ്ഥാപനത്തിന്റെയും വിജയം എന്ന കാര്യം ഓർക്കുക.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia