Movie Review | വൺസ് അപോൺ എ ടൈം ഇൻ കൊച്ചി; ശരിക്കും ഒരു ചിരിവിരുന്ന് 

 
once upon a time
once upon a time


തൻ്റെ ആദ്യ സിനിമയെന്ന് തോന്നാത്ത രീതിയിൽ തന്നെ മുബിൻ റാഫി തൻ്റെ വേഷം ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്

സോണി കല്ലറയ്ക്കൽ  

(KVARTHA) റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷാ സംവിധാനം ചെയ്ത ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’എന്ന സിനിമ റിലീസ് ആയിരിക്കുകയാണ്. ഒരു കോമഡി ത്രില്ലർ ആയ ഈ സിനിമയിൽ നാദിർഷായുടെ മറ്റേത് സിനിമയും പോലെ തന്നെ ചിരിയും ആകാംക്ഷയും ഒരുപോലെ  പ്രേക്ഷകന് പകരുന്നു എന്നതാണ് വാസ്തവം.

കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയും അതിനു പിന്നാലെയുള്ള ഒരു പോലീസ് ഓഫീസറുടെ അന്വേഷണവുമാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ശരിക്കും ഇത് ഹാസ്യരൂപേണ എത്തിക്കാൻ നാദിർഷാ ശ്രദ്ധിച്ചിട്ടുണ്ടെന്നത് വ്യക്തം. ഒപ്പം തന്നെ നാട്ടിൽ നടക്കുന്ന നിരവധിയായ പ്രശ്നങ്ങളെയും ഈ സിനിമയിൽ ചേർത്തുവെച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ടതാണ്.

റാഫിയുടെ മകൻ മുബിൻ റാഫിയാണ് ഈ  ചിത്രത്തിലെ നായകൻ. തൻ്റെ ആദ്യ സിനിമയെന്ന് തോന്നാത്ത രീതിയിൽ തന്നെ മുബിൻ റാഫി തൻ്റെ വേഷം ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ഹൈബി എന്ന കഥാപാത്രത്തെയാണ് മുബിൻ റാഫി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.   ഒപ്പം തന്നെ അർജുൻ അശോകനും നായക പ്രാധാന്യമുള്ള റോളിൽ അഭിനയിക്കുന്നു. എസ്ഐ ആനന്ദായി ഈ സിനിമയിൽ  അര്‍ജുന്‍ തിളങ്ങുന്നു എന്ന് വേണമെങ്കിൽ പറയാം. ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. ജാനകി എന്ന കഥാപാത്രത്തെയാണ്  ദേവിക സഞ്ജയ്  അവതരിപ്പിക്കുന്നത്.

പഴയ കാലത്തെ പ്രണയിതാക്കളായാണ് ഹൈബിയും ജാനകിയും എത്തുന്നത്. അവർ വീണ്ടും കണ്ടുമുട്ടുന്നതും അതിൻ്റെ തുടർച്ചയുമൊക്കെയായിട്ടാണ് ഈ ചിത്രം മുൻപോട്ട് നീങ്ങുന്നത്. ആക്ഷനും കോമഡിയും ഡാൻസും, സസ്പെൻസും എല്ലാം കോർത്തിണക്കിയ ഈ ചിത്രം ഒട്ടും ബോറടിക്കാതെ തീയേറ്ററിൽ ഇരുന്ന് ശരിക്കും ആസ്വദിക്കാവുന്നതാണ്.  ഒരു കോമിക് സ്വഭാവമുള്ള കഥാപാത്രമായി റിയാസ് ഖാനും എത്തുന്നുണ്ട്.  

ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, സാജു നവോദയ ഇങ്ങനെ ഒരുപിടി മികച്ച താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അവരും അവരുടെ റോളുകൾ ഗംഭീരമാക്കി എന്ന് നിസംശയം പറയാം. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, തിളക്കം, പാണ്ടിപ്പട, ഹലോ, മായാവി തുടങ്ങി മലയാളികളെ എക്കാലവും പൊട്ടിചിരിപ്പിച്ചിട്ടുള്ള സിനിമകൾ നമുക്ക് സമ്മനിച്ചവരിൽ ഒരാളായ റാഫിയും, അമർ അക്ബറും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും പോലുള്ള ഹിറ്റുകളൊരുക്കിയ പ്രിയപ്പെട്ട നാദിർഷായും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന രീതിയിൽ ഈ സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ വലിയ പബ്ലിസിറ്റി കിട്ടിയിരുന്നു. ഈ സിനിമയുടെ ട്രെയിലർ ആവേശത്തോടെയാണ് സിനിമ പ്രേക്ഷകർ ഏറ്റെടുത്തത്. 

ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.  ഇതിൽ ആരെയും പിടിച്ചിരുത്തുന്ന ഒന്നാണ് സിനിമയിലെ ടൈറ്റില്‍ സോംഗും നിക്കാഹ് ഗാനവും. സിനിമ കാണുന്ന ആർക്കും ഇത് ആസ്വാദ്യകരമായി തോന്നും. മനസ്സിൽ തങ്ങിനിൽക്കുകയും ചെയ്യും. ഒപ്പം സിനിമയിലെ ബിജിഎമ്മും ഗംഭിരമായിരിക്കുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. 

ഷാജി കുമാർ ആണ് ചിത്രത്തിൻ്റെ   ഛായാഗ്രഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം എന്നിവരാണ്. എന്തായാലും ഈ സിനിമ ധൈര്യമായി തീയേറ്ററിൽ പോയി കാണാം. നാദിർഷായുടെ മറ്റേത് സിനിമയും പോലെ എല്ലാവർക്കും ഒരു ചിരിവിരുന്ന് സമ്മാനിക്കും തീർച്ച.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia