Vinesh Phogat | ഗുസ്തിക്കളത്തിലെ പോലെ ജീവിതം മുഴുവനും പൊരുതുകയും അവസാനം തോറ്റ് മടങ്ങുകയും ചെയ്ത വിനേഷ് ഫോഗാട്ടിനെ ചതിച്ചതോ?

 
vinesh phogat forced to retire after weight category controv

Photo Credit: X /Rahul Gandhi

താരത്തിന്റെ ഗുസ്തി ജീവിതം മുഴുവന്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഒന്നിനുപുറകെ ഒന്നായി  ഒന്നായി ദുരിതങ്ങള്‍ പെയ്തിറങ്ങി. അര്‍ഹതയുള്ള പലതും ലഭിക്കാതെയും ചിലത് നിഷേധിക്കുകയും ചെയ്തു. 

അർണവ് അനിത 

(KVARTHA) വിനേഷ് ഫോഗട്ടിനൊപ്പമാണ് രാജ്യം മുഴുവനും, ഇന്ത്യയുടെ പ്രിയപുത്രിക്ക് ഒളിമ്പിക്‌സ് ഫൈനലില്‍ പോരാടാനാകാതെ കണ്ണീരോടെ മടങ്ങേണ്ടിവന്നു. വര്‍ഷങ്ങളുടെ പ്രയത്‌നം, കഷ്ടപ്പാട്, പ്രാര്‍ത്ഥന എല്ലാറ്റിനും തിരിച്ചടിയായി. ഗുസ്തിഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അതിലെ ചിലര്‍ ഒളിമ്പിക്‌സ് ഗ്രാമത്തിലെത്തി. ഇത് വളരെ സംശയം ജനിപ്പിക്കുന്ന കാര്യമാണ്. 53 കിലോ ഭാരോദ്വഹനത്തില്‍ മത്സരിക്കേണ്ട വിനേഷിനെ 50 കിലോഗ്രാം വിഭാഗത്തിലാക്കിയതില്‍ തന്നെ ദുരൂഹതയുണ്ട്. 

53 കിലോ വിഭാഗത്തില്‍ മത്സരിച്ചയാള്‍ പുറത്താവുകയും ചെയ്തു. കയ്യില്‍ കിട്ടിയ മെഡല്‍ തട്ടിപ്പറിച്ചെടുത്തത് പോലെയായി വിനേഷ് ഫോഗട്ടിന്റെ അവസ്ഥ. കഴിഞ്ഞ രണ്ട് വര്‍ഷമായി മാത്രമല്ല, താരത്തിന്റെ ഗുസ്തി ജീവിതം മുഴുവന്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ഒന്നിനുപുറകെ ഒന്നായി  ഒന്നായി ദുരിതങ്ങള്‍ പെയ്തിറങ്ങി. അര്‍ഹതയുള്ള പലതും ലഭിക്കാതെയും ചിലത് നിഷേധിക്കുകയും ചെയ്തു. അവസാനം 100 ഗ്രാം ചതിയില്‍ തകര്‍ന്ന് നമ്മുടെ പ്രിയ യോദ്ധാവ് വിരമിക്കല്‍ പ്രഖ്യാപിച്ചു.

1994 ഓഗസ്റ്റ് 25 ന് ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലാണ് വിനേഷ് ജനിച്ചത്. അതും ഗുസ്തിക്കാരുടെ കുടുംബത്തില്‍. രാജ്പാല്‍ ഫോഗട്ടിന്റെ മകളായ അവള്‍ കുട്ടിക്കാലം മുതല്‍ ഗുസ്തി കണ്ടാണ് വളര്‍ന്നത്. സഹോദരി പ്രിയങ്ക ഫോഗട്ട്, ബന്ധുക്കളായ ഗീത ഫോഗട്ട്, റിതു ഫോഗട്ട്, ബബിത കുമാരി എന്നിവരെല്ലാം പ്രശസ്ത ഗുസ്തിക്കാരാണ്. സാംസ്‌കാരിക വേലിക്കെട്ടുകള്‍ തകര്‍ത്ത് സഹോദരിമാരുടെ പാത പിന്തുടര്‍ന്ന് അമ്മാവന്‍ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ കീഴില്‍ വിനേഷ് പരിശീലനം തുടങ്ങി. വളരെ ചെറുപ്പം മുതലേ, വിനേഷ് പ്രതിഭയുള്ള കുട്ടിയായി മാറിയിരുന്നു. 2014-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയതോടെ വിനേഷ് ലോകമെമ്പാടും തിളങ്ങുന്ന താരമായി.

vinesh phogat forced to retire after weight category

2015 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ നേടിയ വിനേഷ്, 2016 റിയോ ഒളിമ്പിക്‌സില്‍ മാറ്റില്‍ ചുവടുവെക്കുമ്പോള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. അന്ന് വെറും 21 വയസ്സുള്ളപ്പോള്‍, റൊമാനിയയുടെ എമിലിയ അലീന വുക്കിനെതിരെ സാങ്കേതിക മികവില്‍ ഏകപക്ഷീയമായ 11-0 വിജയത്തോടെ ഫോഗട്ട് തന്റെ ഒളിമ്പിക് കരിയറിന് ആവേശകരമായ തുടക്കം നല്‍കി. ചൈനയുടെ സണ്‍ യാനനെതിരെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍, അവളുടെ ഇടത് കാല്‍മുട്ടിന് പരിക്ക് പറ്റി. 

പൊട്ടിക്കരഞ്ഞ് നിസ്സഹായായ വിനേഷിന് പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. അന്ന് വിനേഷ് ഫോഗട്ട് പറഞ്ഞത് ഇങ്ങിനെയായിരുന്നു: 'എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല. ചാടി എഴുന്നേറ്റു മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എന്റെ കാലുകള്‍ മാത്രം അനങ്ങിയില്ല. വേദനസംഹാരികള്‍ കഴിക്കാന്‍ തോന്നി. വീണ്ടും മത്സരിക്കണം. വെറുതെ തോറ്റ് മടങ്ങാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഒന്നും നടന്നില്ല. എല്ലാം എന്റെ കൈയില്‍ നിന്ന് വഴുതിപ്പോകുന്നത് ഞാന്‍ കണ്ടു, ഞാന്‍ വളരെ നിസ്സഹായയായി അവിടെ കിടന്നു'.

അവിടെ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ മാസങ്ങള്‍ക്ക് ശേഷം താരം കുതിച്ചുയര്‍ന്നു.  2017 ലെ ഏഷ്യന്‍ ഗുസ്തി  ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി. അവള്‍ ഏകാഗ്രതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി മാറി.  2018 ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഏഷ്യാഡില്‍ ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി വിനേഷ്. റിയോ, ടോക്കിയോ ഒളിമ്പിക്സുകള്‍ക്കിടയില്‍ താരം 17 ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു, 16 മെഡലുകള്‍ - ഒമ്പത് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും നേടി.  

കോവിഡ് മഹാമാരി പരിശീലനത്തിന്റെ പാളം തെറ്റിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയെങ്കിലും ടോക്കിയോ  ഒളിമ്പിക്സിന്  മുന്നോടിയായി വിനേഷ് മികച്ച ഫോമിലായി. 2020ലെ ഗെയിംസില്‍ ലോക ഒന്നാം നമ്പര്‍ താരമായും 53 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഒന്നാം സീഡുമായാണ് ഫോഗട്ട് പ്രവേശിച്ചത്. 2016-ലെ റിയോ ഒളിമ്പിക്‌സില്‍  സ്വീഡന്റെ സോഫിയ മാറ്റ്സണെ 7-1 ന് തോല്‍പിച്ചാണ് വിനേഷ് വെങ്കല മെഡല്‍ നേടിയത്. നിര്‍ഭാഗ്യവശാല്‍, ബെലാറസിന്റെ വനേസ കലാഡ്സിന്‍സ്‌കായയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ 9-2 ന് പരാജയപ്പെട്ടു. 

തൊട്ട് പിന്നാലെ അച്ചടക്കമില്ലായ്മയുടെ പേരില്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ താരത്തെ സസ്‌പെന്‍ഡ് ചെയ്തു. ഇത് വിനേഷിനെ മാനസികമായി വളരെയധികം ബാധിച്ചു, വിരമിക്കലിനെ കുറിച്ച് പോലും ചിന്തിച്ചു, അങ്ങനെ കായികരംഗത്ത് നിന്ന്  ഇടവേള എടുത്തു.  കായികതാരമെന്ന നിലയില്‍ വളരെയഥികം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്ന് വിനേഷ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ശരീരം തകര്‍ന്നില്ലായിരുന്നു. 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുകയും 2024-ലെ ഒളിമ്പിക്സ് മെഡലിലേക്ക് അടുക്കുകയും  ചെയ്തതോടെ കാര്യങ്ങള്‍ മെച്ചപ്പെട്ടു.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സഹ ഗുസ്തിക്കാരായ ബജ്റംഗ് പുനിയയ്ക്കും സാക്ഷി മാലിക്കിനും ഒപ്പം ലൈംഗികാതിക്രമവും ഭീഷണിയും ആരോപിച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്നോട്ട് വന്ന വിനേഷ് ഫോഗട്ടിനൊപ്പം രാജ്യം മുഴുവനുമുണ്ടായിരുന്നു. ഭരണകൂടം അപ്പോഴും മൗനംപാലിച്ചതായി ആരോപണം ഉയർന്നു. കുറ്റാരോപിതര സംരക്ഷിക്കാനുള്ള എല്ലാ കരുക്കളും ഇരുളിന്റെ മറവിലവര്‍ നീക്കിയെന്നും ആക്ഷേപങ്ങളുണ്ടായി. രാജ്യതലസ്ഥാനത്തെ തെരുവ് വീഥികളിലൂടെ വലിച്ചിഴച്ചു. 

അവസാനം ബ്രിജ് ഭൂഷന്റെ കസേര തെറിച്ചെങ്കിലും താരത്തോടുള്ള പക ചിലർ അവസാനിപ്പിച്ചില്ലെന്നാണ് വിമർശനം. രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നിട്ടും ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, സ്ത്രീകളെ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ഡല്‍ഹി കോടതി ചുമത്തി, പരാതിക്കാരെ തന്റെ വരുതിയിലാക്കാന്‍ ഭീഷണിപ്പെടുത്താന്‍ അധികാര സ്ഥാനം ദുരുപയോഗം ചെയ്‌തെന്നും കോടതി ആരോപിച്ചു.

പരിക്കും അസുഖവും കാരണം ഏഷ്യന്‍ ഗെയിംസും ബുഡാപെസ്റ്റ് റാങ്കിംഗ് സീരീസും നഷ്ടമായ വിനേഷ് വലിയൊരു ലക്ഷ്യവുമായാണ് പാരീസിലേക്ക് പറന്നത്. 'ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗിനോടും സാക്ഷിയോടും  ഞാന്‍ പറഞ്ഞ ഒരേയൊരു കാര്യം പോരാടും. ഞാന്‍ മെഡലുമായി വന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കും', എന്നാണ് പാരീസിലേക്ക് പുറപ്പെടും മുമ്പ് താരം പറഞ്ഞത്. എന്നാല്‍ വിധി മറ്റൊരു രൂപത്തില്‍ അവതരിക്കുകയായിരുന്നു. ഫൈനലില്‍ പ്രവേശിച്ചിട്ടും ഭാരം 100 ഗ്രാം കൂടിയതിന്റെ പേരില്‍ മത്സരിക്കാനായില്ല.  

ജപ്പാന്റെ ലോക ഗുസ്തി താരവും ഒരു അന്താരാഷ്ട്ര മത്സരത്തിലും തോറ്റിട്ടില്ലാത്ത  യുയി സസാക്കിക്കെതിരെ ആയിരുന്നു പോരാട്ടം. ജപ്പാനെതിരെ വിനേഷ് തന്ത്രപരമായ പ്രകടനം നടത്തി. വിനേഷ് തന്റെ സ്വാഭാവിക ആക്രമണ ശൈലിക്ക് വിരുദ്ധമായി, രണ്ട് പാസ്സിവിറ്റി പോയിന്റുകള്‍ പോലും തന്നെ ബാധിക്കാന്‍ അനുവദിക്കാതെ 5 മിനിറ്റും 45 സെക്കന്‍ഡും പ്രതിരോധിച്ചു, തുടര്‍ന്ന് അവസാന 25 സെക്കന്‍ഡില്‍ ജപ്പാനെ വീഴ്ത്തി. ഇതുവരെ പരാജയം രുചിക്കാത്ത നിലവിലെ ഒളിമ്പിക്സ്- ലോക ചാമ്പ്യനായ സസാക്കിയെ തോല്‍പ്പിച്ചതിന് വിനേഷ് ലോകമെമ്പാടും വാര്‍ത്തകളില്‍ ഇടം നേടി. 

മുന്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് ഒക്‌സാന ലിവാച്ചിനെയും പിന്നീട് ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാനെയും മറികടന്ന് വിനേഷ് മെഡല്‍ ഉറപ്പിച്ചു. സെമി ഫൈനല്‍ മത്സരത്തിലെ അവളുടെ പുഞ്ചിരി ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു. എല്ലാ പ്രതിബന്ധങ്ങളും മറികടന്നവള്‍ ഒടുവില്‍ ചരിത്രം സൃഷ്ടിച്ചു. അധികം വൈകാതെ എല്ലാം തകര്‍ന്ന് തരിപ്പണമായി.

ഫൈനലിലെത്താനായി ഭാരം കുറയ്ക്കാന്‍ വിനേഷ് ശ്രദ്ധിച്ചിരുന്നു. സെമി ഫൈനല്‍ വിജയത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കാന്‍ നില്‍ക്കാതെ താരം നേരെ പരിശീലനത്തിന് പോയി. ആദ്യ മത്സരത്തിന്റന്ന് രാവിലെ 50 കിലോഗ്രാം മത്സരം സുഖകരമായി നേരിട്ട വിനേഷിന്, മൂന്ന് ബാക്ക്-ടു-ബാക്ക് ഡ്രെയിനിംഗ് ബൗട്ടുകള്‍ക്ക് ശേഷം 2 കിലോഗ്രാം ഭാരം കൂടി. അത് കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി.  മുടി മുറിക്കുകയും ശരീരത്തില്‍ നിന്ന് രക്തം എടുക്കുകയും ചെയ്തു. തോല്‍വിയെ താരം നേരിടുമായിരുന്നു, എന്നാല്‍ അയോഗ്യത അവരെ തളര്‍ത്തി. അങ്ങനെ വിരമിക്കല്‍ പ്രഖ്യാപിച്ചു.  'ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു. ദയവായി എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നങ്ങളും എന്റെ ധൈര്യവും എല്ലാം തകര്‍ന്നിരിക്കുന്നു. എനിക്ക് ശക്തിയില്ല.  നിങ്ങളോടെല്ലാം ഞാന്‍ കടപ്പെട്ടിരിക്കും. എന്നോട് ക്ഷമിക്കൂ', - എന്ന് താരം ട്വീറ്റ് ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia