Accusation | പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവി പിടി ഉഷ രാഷ്ട്രീയം കളിച്ചുവെന്ന് വിനേഷ് ഫോഗട്ട്
● ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകിയതിനെതിരെ വിനേഷ് ഫോഗട്ട് പ്രതിഷേധിച്ചു.
● സഞ്ജയ് സിങ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ 'ഡമ്മി' സ്ഥാനാർഥിയെന്ന് വിനേഷ് ഫോഗട്ട് അഭിപ്രായപ്പെട്ടു.
ന്യൂഡൽഹി: (KVARTHA) പാരീസ് ഒളിമ്പിക്സിനിടെ പി ടി ഉഷ രാഷ്ട്രീയം കളിച്ചുവെന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്.
താൻ ചികിത്സാ സമയത്ത് ആശുപത്രിയിലായിരിക്കുമ്പോഴെത്തി പിടി ഉഷ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതു ആത്മാർഥമായ പിന്തുണയല്ലെന്നാണ് വിനേഷ് ഫോഗട്ട് പറയുന്നത്.
ഇന്ത്യ ഒളിമ്പിക് അസോസിയേഷൻ അപ്പീൽ നൽകാൻ വൈകിയെന്നും തന്റെ മുൻകൈയിലൂടെ മാത്രമാണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകാൻ സാധിച്ചതെന്നും, അത്യാവശ്യസമയത്ത് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ വിനേഷ് ഫോഗട്ട് പറഞ്ഞു.
ഹരീഷ് സാൽവെ ഒരു ദിവസം കഴിഞ്ഞാണ് കേസിന്റെ ഭാഗമായി ചേർന്നത്. ഈ കേസിൽ സർക്കാർ മൂന്നാം കക്ഷിയായിരുന്നുവെന്നും, താൻ വ്യക്തിപരമായി കേസ് നൽകുകയായിരുന്നുവെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഗുസ്തി ഫെഡറേഷൻ നേതൃത്വത്തെ സംബന്ധിച്ച്, സഞ്ജയ് സിങ്ങിൽ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാകില്ല. സഞ്ജയ് സിങ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ 'ഡമ്മി' സ്ഥാനാർഥിയാണെന്നു ഫോഗട്ട് പറഞ്ഞു.
അതേസമയം വിനേഷ് ഫോഗട്ട് റെയിൽവേയിലെ ജോലി രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഇവർക്കൊപ്പം ഗുസ്തി താരം ബജ്രംഗ് പൂനിയും കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വമെടുക്കും.
ഒളിമ്പിക്‌സിൽ ഫൈനലിൽ എത്തിച്ചുവെങ്കിലും അമിതഭാരത്തിന്റെ പേരിൽ വിനേഷ് അയോഗ്യയാക്കപ്പെട്ടിരുന്നു. കായിക തർക്കപരിഹാര കോടതിയിൽ അയോഗ്യതക്കെതിരെ വിനേഷ് അപ്പീൽ നൽകിയെങ്കിലും പരാതി തള്ളിയിരുന്നു.
ലൈംഗിക പീഡനത്തിന് ഉത്തരവാദിയായതായി ആരോപിക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഗുസ്തി താരങ്ങൾ തെരുവിൽ ഇറങ്ങിയും ഒളിമ്പിക് മെഡലുകൾ ഗംഗയിലൊഴുക്കാൻ തുനിഞ്ഞും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.