Disqualification | 'ഭാരം കൂടുതലെന്ന് ഫോഗട്ട് തിരിച്ചറിഞ്ഞിരുന്നു'; കുറയ്ക്കായി കഠിന വ്യായാമം, ഭക്ഷണം ഉപേക്ഷിച്ചു; ഒടുവില്‍ ആശുപത്രി കിടക്കയില്‍; ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും
പാരിസ്: (KVARTHA) ഒളിംപിക്‌സ് ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ മെഡല്‍ നേട്ടത്തിനായി മത്സരിക്കാനിരിക്കെ ഭാരം കൂടുതലായതിനെ തുടര്‍ന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വിവരം ഞെട്ടലോടെയാണ് കായിക പ്രേമികളെല്ലാം കേട്ടത്. ഒരു സ്വര്‍ണമോ വെള്ളിയോ നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു എല്ലാവരും. അതിനിടെയാണ് ബുധനാഴ്ച നടന്ന പരിശോധനയില്‍ ഭാര കൂടുതലിന്റെ പേരില്‍ ഫോഗട്ട് അയോഗ്യയാകുന്നത്.
🚨 It is with regret that the Indian contingent shares news of the disqualification of Vinesh Phogat from the Women’s Wrestling 50kg class. Despite the best efforts by the team through the night, she weighed in a few grams over 50kg this morning. No further comments will be made…
— Team India (@WeAreTeamIndia) August 7, 2024
ഗുസ്തിക്കാര്‍ രണ്ടു തവണ ഭാരപരിശോധനയ്ക്ക് വിധേയരാകണം എന്നാണ് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ് റൂള്‍ ബുകില്‍ പറയുന്നത്. പ്രാഥമിക മത്സരങ്ങള്‍ക്ക് മുമ്പ് രാവിലേയും ഫൈനലിന് മുമ്പ് രാവിലേയുമാണിത്. ഒരേ ഭാരം നിലനിര്‍ത്തുകയും വേണം. റസ്ലിങ് റൂള്‍ ബുകിലെ അനുഛേദം 11 അനുസരിച്ച്, ആദ്യത്തേയോ രണ്ടാമത്തോയോ ഭാരപരിശോധനയില്‍ പങ്കെടുക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താല്‍ മത്സരത്തില്‍ നിന്ന് പുറത്താവും. റാങ്ക് ഒന്നും തന്നെ ഇല്ലാതെ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍ ഫോഗട്ടിന്റെ കാര്യത്തില്‍ ഈ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കയാണ് അധികൃതര്‍. ഒരു തവണ മാത്രമാണ് പരിശോധന നടത്തിയത്.
ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമല്ല ഉണ്ടായതെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഭാരം കൂടുതലുള്ള കാര്യം ചൊവ്വാഴ്ച രാത്രി തന്നെ വിനേഷ് ഫോഗട്ടും പരിശീലകരും തിരിച്ചറിഞ്ഞിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്. ഇതേത്തുടര്‍ന്ന്, രാവിലെ ഭാരപരിശോധനയ്ക്കു മുന്‍പായി നിശ്ചിത ഭാരമായ 50 കിലോഗ്രാമിലേക്ക് എത്താന്‍ രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു വിനേഷ് ഫോഗട്ട്. ഭക്ഷണം ഉപേക്ഷിച്ചും, നടത്തവും മറ്റ് കഠിനമായ വ്യായാമ മുറകള്‍ പയറ്റിയും ഭാരം കുറയ്ക്കാനുള്ള വിനേഷ് ഫോഗട്ടിന്റെ തീവ്രശ്രമം ഒടുവില്‍ ആശുപത്രി കിടക്കയിലാണ് അവസാനിച്ചതെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. ഈ സമയത്തിനകം അവര്‍ രണ്ട് കിലോയോളം ഭാരം കുറയ്ക്കുകയും ചെയ്തു.
ഒളിംപിക്‌സില്‍നിന്ന് അയോഗ്യയാക്കിക്കൊണ്ടുള്ള രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷന്റെ തീരുമാനം വരുമ്പോള്‍ വിനേഷ് ഫോഗട്ട് ആശുപത്രിക്കിടയിലായിരുന്നുവെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. പരുക്കുമൂലം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നെങ്കില്‍പ്പോലും വെള്ളി മെഡല്‍ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നിരിക്കെയാണ്, ഭാരം കുറയ്ക്കാന്‍ രാത്രി മുഴുവന്‍ പരിശ്രമിച്ച് വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്.
മത്സരത്തിന് 14 മണിക്കൂര്‍ മുന്‍പ്, അതായത് ഫ്രഞ്ച് സമയം രാവിലെ 7.30നായിരുന്നു ഭാര പരിശോധന നടത്താനുള്ള സമയപരിധി. മത്സരിക്കുന്നത് 50 കിലോഗ്രം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായതിനാല്‍, ഈ സമയത്തിനുള്ളില്‍ ശരീരഭാരം പരമാവധി 50 കിലോഗ്രാമിനുള്ളില്‍ ക്രമീകരിക്കേണ്ടതായിരുന്നു. കഴിഞ്ഞദിവസം മത്സരം കഴിഞ്ഞ് ശരീരഭാരം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ടും പരിശീലകരും കടന്നത്. ഇതിന്റെ ഭാഗമായി പതിവു ഭക്ഷണം പോലും ഉപേക്ഷിച്ചു. രാത്രി മുഴുവന്‍ സൈക്ലിങ് ഉള്‍പ്പെടെയുള്ള വ്യായാമമുറകളും ചെയ്തു.
രാവിലെ 7.30 വരെ എപ്പോള്‍ വേണമെങ്കിലും ശരീരഭാരം പരിശോധിക്കാമെന്നാണ് ചട്ടമെങ്കിലും, ഏറ്റവുമൊടുവില്‍ സമയപരിധി തീരുന്നതിനു തൊട്ടുമുന്‍പാണ് വിനേഷ് ഫോഗട്ട് ഭാര പരിശോധനയ്ക്ക് എത്തിയത്. ഇലക്ട്രോണിക് വെയിങ് മെഷീന്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സ്‌ക്രീനില്‍ തെളിഞ്ഞത് 50.100 കിലോഗ്രാം ഭാരമാണ്. ഇതോടെ അധികൃതര്‍ എതിര്‍പ്പ് ഉന്നയിച്ചു. അയോഗ്യയാക്കേണ്ടി വരുമെന്ന് സൂചിപ്പിക്കുകയും ചെയ്തു.
അപകടം മണത്ത ഇന്‍ഡ്യന്‍ സംഘം അപ്പോള്‍ത്തന്നെ എതിര്‍ വാദമുന്നയിച്ചെങ്കിലും ചെവിക്കൊള്ളാന്‍ ഒളിംപിക്‌സ് അധികൃതര്‍ തയാറായില്ലെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതോടെ ഇന്‍ഡ്യന്‍ സംഘം പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നവര്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിഷേധവും അതിനെതിരെ പരാതിയുമായി സംഭവം വിവാദമായി വളര്‍ന്നുവെന്നാണ് പാരിസില്‍ നിന്നുള്ള റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ഭാരപരിശോധനയില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ രാജ്യാന്തര ഒളിംപിക് അസോസിയേഷന്‍, പുനഃപരിശോധനയ്ക്കുള്ള ഇന്‍ഡ്യയുടെ ആവശ്യവും നിരാകരിച്ചു.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വിവരം പുറത്തുവന്ന് അധികം വൈകാതെ തന്നെ ഇന്‍ഡ്യന്‍ ടീം ഈ വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വിശദീകരണക്കുറിപ്പും പുറത്തിറക്കി.
അതിനിടെ ഭാരപരിശോധനയില്‍ പരാജയപ്പെട്ട് പാരിസ് ഒളിംപിക്‌സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിനെ ചേര്‍ത്തുപിടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളും കായിക താരങ്ങളും രംഗത്തെത്തി. നിങ്ങള്‍ എന്നും അഭിമാനം, രാജ്യം മുഴുവന്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വിനേഷിനൊപ്പമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖര്‍ഗെയും പറഞ്ഞു. ഫോഗട്ടിന് നീതി ലഭ്യമാക്കണമെന്നും ഇന്‍ഡ്യന്‍ ഒളിംപിക് അസോസിയേഷന്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിനേഷ് ഫോഗട്ടിന്റെ അയോഗ്യത മനസിലാക്കാന്‍ കഴിയാത്ത കാര്യമെന്ന് കോണ്‍ഗ്രസ് നേതാവ് കുമാരി ഷെല്‍ജ പറഞ്ഞു. മാനേജുമെന്റും സപോര്‍ടിങ് ടീമും പരിശീലകരും എന്താണ് ചെയ്യുന്നത് എന്ന് അവര്‍ ചോദിച്ചു. ശരീരഭാരം എങ്ങനെ വര്‍ധിച്ചു? ഒളിംപിക്‌സ് തന്നെ അല്ലേ ഇതെന്നും അവര്‍ ചോദിച്ചു. സര്‍കാരും ഇന്‍ഡ്യന്‍ ഒളിംപിക് മാനേജ്‌മെന്റ് കമിറ്റിയും ഇതിന് ഉത്തരം പറയണമെന്നും കുമാരി ഷെല്‍ജ പറഞ്ഞു.
ഈ അയോഗ്യതയില്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളെന്ന് സിപിഎം ജെനറല്‍ സെക്രടറി സീതാറം യെചൂരി പറഞ്ഞു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ ഗൂഢാലോചന ആരോപിച്ച് ഗുസ്തി താരം വിജേന്ദര്‍ സിങും രംഗത്തെത്തി.
വിനേഷ് ഫോഗട്ടിന് കൂടുതല്‍ സമയം നല്‍കണമായിരുന്നു. കടുത്ത നിരാശയെന്ന് ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര പ്രതികരിച്ചു. യഥാര്‍ഥ ചാംപ്യന് സ്വര്‍ണമെഡല്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതില്‍ കടുത്ത നിരാശയെന്ന് ശശി തരൂര്‍ എംപിയും പറഞ്ഞു. കോചിന് വീഴ്ച വന്നോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.