Accident | പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഭിന്നശേഷിക്കാരിയായ സ്ത്രീ മരിച്ചു


● മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
● ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ദുരന്തം ഉണ്ടായത്.
കണ്ണൂർ: (KVARTHA) വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഭിന്നശേഷിക്കാരിയായ സ്ത്രീ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണി ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ദുരന്തം ഉണ്ടായത്.
വീടിന് സമീപത്തെ പറമ്പിലൂടെ നടക്കുന്നതിനിടയിലാണ് തങ്കമണിക്ക് അപകടം സംഭവിച്ചത്. സംഭവം നടക്കുന്ന സമയത്ത് വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി പറക്കുന്നത് കണ്ട അവർ, എന്താണെന്ന് നോക്കാനായി അടുത്തു ചെന്നതായി പറയുന്നു. ഈ സമയം ലൈൻ പൊട്ടി തങ്കമണിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
സംസാരശേഷിയില്ലാത്തതിനാൽ തങ്കമണിക്ക് സംഭവിച്ച ദുരന്തം ആരും അപ്പോൾ തന്നെ അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞിട്ടും അവരെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പറമ്പിൽ ഷോക്ക് അടിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
#Kerala #accident #electrocution #powerline #tragedy #RIP