ഇവരുടെ കൂടെ ഉപ്പയും ഉമ്മയും മകളുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ മൂന്നുപേരും റോഡിന് അപ്പുറത്ത് എത്തിയിരുന്നുവെങ്കിലും ശംന റോഡില്‍ കുടുങ്ങി പോവുകയായിരുന്നു
തലശേരി: (KVARTHA) മുഴപ്പിലങ്ങാട് മഠത്തിനടുത്തുവെച്ചു ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ചു വഴിയാത്രക്കാരിയായ യുവതി മരിച്ചു. കണ്ണൂര്‍ സിറ്റിയിലെ മരക്കാര്‍ക്കണ്ടി ബ്ലൂസ്റ്റ് ക്ലബിന് സമീപം ശംനാസില്‍ ശംന ഫൈഹാസാണ് (32) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയ്ക്ക് മുഴപ്പിലങ്ങാട്ടെ ബന്ധുവിന്റെ വിവാഹവീട്ടില്‍ പോകുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.
ഉടനെ ഓടിക്കൂടിയവർ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ കൂടെ ഉപ്പയും ഉമ്മയും മകളുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ മൂന്നുപേരും റോഡിന് അപ്പുറത്ത് എത്തിയിരുന്നുവെങ്കിലും ശംന റോഡില്‍ കുടുങ്ങി പോവുകയായിരുന്നു. ജീപ്പ് അമിത വേഗതയിൽ ആയിരുന്നുവെന്നും സഡന്‍ ബ്രേക്കിട്ടിരുന്നുവെങ്കിലും നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ചൊവ്വ അസറ്റ് സെനറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മുഹമ്മദ് അബ്ദുല്ല - ഷാഹിദ ദമ്പതികളുടെ മകളാണ്. ഫൈഹാസ് മഠത്തിലാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ഫിസാന്‍ (സി.എ വിദ്യാര്‍ത്ഥി, ബെംഗളൂരു) സൈന നഷ്വ (പത്താംതരം വിദ്യാര്‍ത്ഥിനി, ദീനുല്‍ ഇസ്‌ലാം സഭ, കണ്ണൂര്‍ സിറ്റി). കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം സിറ്റി ജുമാമസ്ജിദില്‍ ഖബറടക്കും. സംഭവത്തില്‍ ജീപ്പ് യാത്രക്കാരനെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.