തലമുറകളെ കോരിത്തരിപ്പിച്ച പോരാളിക്ക് വിട; വി എസിന്റെ ഭൗതിക ശരീരം പൊതുദർശനത്തിൽ

 
VS Achuthanandan's body at Darbar Hall in Thiruvananthapuram
VS Achuthanandan's body at Darbar Hall in Thiruvananthapuram

Photo Credit: Facebook/ V S Achuthanandan

● വഴിയിലുടനീളം വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനമുണ്ടാകും.
● ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.
● പ്രമുഖ നേതാക്കൾ അന്തിമോപചാരമർപ്പിക്കാനെത്തി.
● ജനങ്ങളുടെ മുദ്രാവാക്യം വിളികളോടെയാണ് അന്തിമാഭിവാദ്യം.

(KVARTHA) ഒരു നൂറ്റാണ്ടോളം നീണ്ട സമരജീവിതത്തിന് വിരാമമിട്ട് വിടവാങ്ങിയ വിപ്ലവ നക്ഷത്രം വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാനത്തേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. 

വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ മകന്റെ ബാർട്ടൺഹില്ലിലെ വസതിയിലേക്ക് ജനസാഗരം തടിച്ചുകൂടി. തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം മുഴക്കിയും കണ്ണീർ വാർത്തും പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ സഖാക്കൾ മറന്നില്ല. പത്തുവയസ്സുകാരൻ മുതൽ എൺപത് വയസ്സുവരെയുള്ളവർ വരെ ഈ അക്ഷീണനായ പോരാളിയെ ഹൃദയത്തിൽ ഏറ്റുവാങ്ങി.

മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചു.  ഉച്ചയ്ക്കുശേഷം വിലാപയാത്രയായി ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. 

വഴിയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനമുണ്ടാകും. രാത്രി 9 മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ 9 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും 10 മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

അനുശോചന പ്രവാഹം

രാത്രി വൈകിയും എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിലെത്തി പ്രിയ നേതാവിനെ കാണാനെത്തിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വീടായ ബാർട്ടൺഹില്ലിലേക്ക് അനുഗമിച്ചു. പ്രായഭേദമന്യേ നിരവധി പേരാണ് വി.എസിനെ എ.കെ.ജി സെന്ററിൽ നിന്ന് വീടുവരെ അനുഗമിച്ചത്. 

വീടിന് ചുറ്റും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. പ്രകാശ് കാരാട്ട് അടക്കമുള്ള മുതിർന്ന നേതാക്കൾ വി.എസിന്റെ വസതിയിലുണ്ടായിരുന്നു. ദീർഘകാലം താമസിച്ചിരുന്ന വീട്ടിലേക്ക് വി.എസിനെ അവസാനമായി എത്തിച്ചപ്പോൾ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വി.എസിന് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വിവിധ ജില്ലകളിൽ നിന്ന് ജനപ്രവാഹമാണ് വി.എസിനെ അവസാനമായി കാണാനായി തിരുവനന്തപുരത്തേക്ക് എത്തുന്നത്. 

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം മകന്റെ വസതിയിൽ നിന്ന് വിലാപയാത്രയായാണ് ദർബാർ ഹാളിൽ എത്തിച്ചത്. വഴിയിലുടനീളം മുദ്രാവാക്യം വിളികളോടെ ജനങ്ങൾ പ്രിയ സഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു.

സമരം ജീവിതമാക്കിയ കേരളത്തിന്റെ പ്രിയനേതാവിന്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റുമ്പോൾ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴയെയും തിരക്കിനെയും വകവയ്ക്കാതെ അതിരാവിലെ തന്നെ ആയിരങ്ങളാണ് അദ്ദേഹത്തെ കാണാൻ ദർബാർ ഹാളിൽ തടിച്ചുകൂടിയത്. 'ധീര സഖാവേ, വി.എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളികൾ അന്തരീക്ഷത്തിൽ അലയടിച്ചു.

സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ളെ, വിജു കൃഷ്‌ണൻ, മുതിർന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ ദർബാർ ഹാളിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.

വി എസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Kerala mourns VS Achuthanandan, thousands pay respects.

#VSAchuthanandan #Kerala #Obituary #Politics #Tribute #CPI(M)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia