ചരക്ക് ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; റോഡിലേക്ക് തെറിച്ചുവീണ ഇരട്ടസഹോദരങ്ങള്‍ പിന്നാലെ വന്ന വാഹനത്തിനടിയില്‍പെട്ട് മരിച്ചു
Apr 7, 2022, 08:24 IST
കഞ്ചിക്കോട്: (www.kvartha.com 07.04.2022) വാഹനാപകടത്തില്‍ ഇരട്ടസഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണ്‍ (35), ദീപു ജോണ്‍ ജോണ്‍ (35) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്ക് മുന്നിലായിരുന്നു അപകടം. ചരക്ക് ലോറി സ്‌കൂടറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു.
ജോലി ആവശ്യത്തിന് കോയമ്പതൂരിലെത്തിയ ഇവര്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സ്‌കൂടര്‍ ദേശീയപാതയിലെ ഫാസ്റ്റ് ട്രാകിലേക്ക് കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയില്‍ പെടുകയായിരുന്നെന്ന് കസബ പൊലീസ് അറിയിച്ചു.
തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരില്‍ നിന്നു കൊച്ചിയിലേക്ക് സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അതേസമയം, ആദ്യം സ്‌കൂടറില്‍ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
ഹൈവേ പൊലീസും ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.
ഇരുവരും സോളര്‍ പ്ലാന്റ് സ്ഥാപിക്കുന്ന എന്‍ജിനീയര്‍മാരാണ്. ദീപക് മാത്യുവിന്റെ ഭാര്യ ജിന്‍സി. മകന്‍: ആരോണ്‍. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.