സമസ്ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡന്റും കീഴൂർ-മംഗ്ളൂരു ഖാസിയുമായ ത്വാഖ അഹമ്മദ് അൽ അസ്ഹരി അന്തരിച്ചു
ADVERTISEMENT
● ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് ഉസൂലുൽ ഫിഖ്ഹിൽ ബിരുദം നേടി.
● 200-ൽ പരം മഹല്ലുകളുടെ ഖാസിയായി പ്രവർത്തിച്ചു.
● ഖബറടക്കം ബുധനാഴ്ച രാവിലെ 11-ന് കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്ററിൽ നടക്കും.
കാസർകോട്: (KVARTHA) സമസ്ത കേന്ദ്ര മുശാവറ അംഗവും കാസർകോട് ജില്ലാ പ്രസിഡന്റും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസർകോട് കീഴൂരിലെയും സംയുക്ത ഖാസിയുമായ തളങ്കര ഖാസിലൈൻ ഖാസിയാരകം വീട്ടിൽ ത്വാഖ അഹമ്മദ് അൽ അസ്ഹരി (78) അന്തരിച്ചു.
വാർധക്യകാല അസുഖങ്ങളെ തുടർന്ന് മംഗ്ളൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ദക്ഷിണ കന്നഡ ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസർകോട് കീഴൂർ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂർ എന്നിവിടങ്ങളിലെ 200-ൽ പരം മഹല്ലുകളുടെ ഖാസിയായി പ്രവർത്തിച്ചുവരികയായിരുന്നു.
പഠനവും സേവനങ്ങളും
1948 ഏപ്രിൽ എട്ടിന് ഖാസിയാർ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആഇശയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. തളങ്കര മുസ്ലിം ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉത്തർപ്രദേശിലെ ദാറുൽ ഉലൂം ദയൂബന്തിൽ നിന്ന് ഹദീസിലും അദബിലും മാഖൂലാത്തിലും തഹ്സീറിലും മതബിരുദങ്ങൾ നേടി. തുടർന്ന് ഈജിപ്തിലെ കെയ്റോ അൽ അസ്ഹർ സർവകലാശാലയിൽ നിന്ന് ഉസൂലുൽ ഫിഖ്ഹിൽ മാജിസ്റ്റർ ബിരുദവും കരസ്ഥമാക്കി.
കാസർകോട് റൗളത്തുൽ ഉലൂം മദ്രസ, പൊന്നാനി മഊനത്ത് അറബിക് കോളേജ്, അഴീക്കോട് ഇർഷാദ് എന്നിവിടങ്ങളിലും മതപഠനം നടത്തിയിരുന്നു. മംഗളൂരു ബന്തർ ജലാലുദീൻ മുഹമ്മദ് മൗല ഹിഫ്ളുൽ ഖുർആൻ കോളേജ് പ്രിൻസിപ്പൽ, ദക്ഷിണ കന്നഡ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളത്തിലും ഉർദുവിലുമായി വിവിധ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1975 മുതൽ വിവിധ മസ്ജിദുകളിലും ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു.
കുടുംബവും ഖബറടക്കവും
കെ റഹ്മത്തുന്നിസയാണ് ഭാര്യ. മുഹമ്മദ് (വെൽഫിറ്റ്, അജ്മാൻ), ഹുസൈൻ റഹ്മാനി (സദർ മുദരിസ്, കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ), അബൂബക്കർ സിദ്ദീഖ് ഹുദവി (വിദ്യാർഥി, ജാമിഉൽ അസ്ഹർ, ഈജിപ്ത്), ഫാത്തിമ, ആഇശ (അബൂദബി) എന്നിവരാണ് മക്കൾ.
എം ഖലീലുൽ റഹ്മാൻ ദാരിമി (ഖത്തീബ്, ഉപ്പള കുന്നിൽ ജുമാമസ്ജിദ്), ഫൈസൽ (അബൂദബി), തൗഫീറ, സിദ്ദീഖ (കാശിപട്ടണം) എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ: അബ്ദുല്ല സഅദി, യൂസഫ് ബാഖവി, അബ്ദുൽഖാദർ സഅദി, ഖദീജ, ആമിന, ഹലീമ, നജ്മുന്നിസ.
ചൊവ്വാഴ്ച വൈകുന്നേരം 4 മുതൽ തളങ്കര മാലിക്ദിനാർ ഇസ്‍ലാമിക് അക്കദമിയിലും പിന്നീട് ഖാസിലൈനിലെ ഖാസിയാരകം വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. ഖബറടക്കം ബുധനാഴ്ച രാവിലെ 11-ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെന്റർ ക്യാമ്പസിൽ നടക്കും.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Twaka Ahmed Al Azhari (78), a prominent Islamic scholar, Samastha Kasaragod district president, and joint Khasi of Dakshina Kannada and Udupi, passed away while undergoing treatment at a private hospital in Mangaluru.
#TwakaAhmedAlAzhari #Samastha #KasaragodNews #MangaluruKhasi #IslamicScholar #MalayalamNews
