SWISS-TOWER 24/07/2023

അഭിനയത്തിൽ ആനന്ദിച്ച അബൂബക്കറിൻ്റെ മകൻ നവാസ് വിടവാങ്ങുമ്പോൾ

 
Malayalam actor Kalabhavan Navaz
Malayalam actor Kalabhavan Navaz

Photo Credit: Facebook/ Navas Kalabhavan

● ലോ ബഡ്ജറ്റ് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നവാസ്.
● 'മാട്ടുപ്പെട്ടി മച്ചാൻ', 'സീനിയർ മാൻഡ്രേക്ക്' എന്നിവ ശ്രദ്ധേയ ചിത്രങ്ങൾ.
● മറിമായം എന്ന പരമ്പരയിലൂടെ സഹോദരൻ നിയാസ് പ്രശസ്തനായി.
● മലയാള സിനിമ വേണ്ടത്ര ഉപയോഗിക്കാത്ത പ്രതിഭയായിരുന്നു നവാസ്.

നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) സ്വാഭാവികമായ അഭിനയത്തിലൂടെ നാടകത്തിലും സിനിമയിലും ശ്രദ്ധേയനായ നടൻ അബൂബക്കറിൻ്റെ മകനാണ് കലാഭവൻ നവാസ്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ മിന്നൽപ്പിണർ പോലെ കടന്നുപോയ അബൂബക്കർ എന്ന നടൻ 'വാത്സല്യം' പോലുള്ള ജീവിതഗന്ധിയായ സിനിമകളിൽ മലയാളി പ്രേക്ഷകരുടെ കണ്ണിനെ ഈറനണിയിച്ചിരുന്നു. 

Aster mims 04/11/2022

മമ്മൂട്ടിയുടെ മേലേടത്ത് രാഘവൻ നായരുടെ ഇടറുന്ന ശബ്ദത്തിനൊപ്പം കടലാഴങ്ങൾ ഒളിപ്പിച്ച, പല്ലില്ലാത്ത മോണകാട്ടിയുള്ള അബൂബക്കറിൻ്റെ ചിരിയും തല താഴ്ത്തിയുള്ള നൊമ്പരങ്ങളുടെ വീർപ്പുമുട്ടലും മലയാളി പ്രേക്ഷകരെ ഇപ്പോഴും ഓർമകളിലെവിടെയോ നോവായി കിടക്കുന്നുണ്ട്.

വടക്കാഞ്ചേരി എങ്കക്കാട് വടകര വീരാരുവിൻ്റെ മകനായ അബൂബക്കർ അവിടുത്തെ നാടൻ കലാസമിതികളിലൂടെയാണ് കലാരംഗത്തേക്ക് കടന്നുവരുന്നത്. 1968-ലെ 'പോക്കറ്റ് ലാമ്പ്' എന്ന നാടകത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. 

ഇതിലെ അഭിനയത്തിന് മികച്ച ഹാസ്യനടനുള്ള അവാർഡ് ലഭിച്ചിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ അബൂബക്കറിനെ തേടിയെത്തി. ചങ്ങനാശ്ശേരി ഗീത നാടകസമിതിയിൽ ഏഴ് വർഷം പ്രവർത്തിച്ചു. പിന്നീട് കോട്ടയം നാഷണൽ തീയേറ്ററിലേക്ക് മാറി. 

സുഹൃത്തും സ്വന്തം നാട്ടുകാരനുമായ സംവിധായകൻ ഭരതനാണ് അബൂബക്കറിനെ സിനിമയിലെത്തിക്കുന്നത്. രാമു കാര്യാട്ടിന്റെ 'ദ്വീപ്', 'അഗ്നി', 'കേളി', 'വളയം', 'വാത്സല്യം', 'ഭൂമിഗീതം', 'സല്ലാപം' തുടങ്ങിയ ഒരുപിടി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 

ഇടയ്ക്കിടെ ലഭിക്കുന്ന ചെറിയ ചെറിയ വേഷങ്ങളിലൂടെ അബൂബക്കർ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു. നാടകത്തിലും സിനിമയിലും ആർദ്രമായ ഭാവാഭിനയം കൊണ്ട് അബൂബക്കർ തൻ്റെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. സന്ധ്യാ മോഹൻ സംവിധാനം ചെയ്ത 'അമ്മ അമ്മായിയമ്മ', 'തിരകൾക്കപ്പുറം' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ കരാർ ഒപ്പുവച്ചിരുന്നെങ്കിലും നടന്നില്ല.

1997 ജൂലൈയിലാണ് അബൂബക്കർ ഈ ലോകത്തോട് വിട പറഞ്ഞത്. മക്കളായ നിയാസും നവാസും കലാഭവനിലൂടെയാണ് മിമിക്രി രംഗത്തേക്ക് കടന്നുവന്നത്. പതുക്കെ ഇരുവരും സിനിമകളിലുമെത്തി. നവാസാണ് കൂടുതൽ തിളങ്ങിയത്. 

ഹ്യൂമർ ചെയ്യാനുള്ള കഴിവ് നവാസിനെ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാക്കി. അഭിനയശേഷി ഏറെയുണ്ടായിട്ടും മലയാള സിനിമ അധികമൊന്നും ഉപയോഗിക്കാത്ത പ്രതിഭയായിരുന്നു നവാസ്. സിനിമകളിൽ എപ്പോഴൊക്കെയോ സാന്നിധ്യമറിയിച്ചു പോകുന്ന നവാസ് കഥാപാത്രങ്ങൾ നിരവധിയാണ്. 

'മാട്ടുപ്പെട്ടി മച്ചാൻ', 'സീനിയർ മാൻഡ്രേക്ക്' തുടങ്ങിയ സിനിമകളിൽ മുഴുനീള സഹനടനായും അദ്ദേഹം ഹാസ്യം കൈകാര്യം ചെയ്തു. ഒരു കാലത്ത് കോമഡി റോളുകൾ ചെയ്തു നടന്ന പല നടന്മാരും സീരിയസ് വേഷങ്ങളിലേക്കും അഭിനയ സാധ്യതകളുടെ മേച്ചിൽപ്പുറങ്ങളിലേക്കും എത്തിപ്പെട്ടപ്പോഴും നവാസ് പാർശ്വവൽക്കരിക്കപ്പെടുകയായിരുന്നു. 

സിനിമയില്ലാത്തപ്പോൾ സ്റ്റേജ്, ചാനൽ ഷോകളായിരുന്നു പ്രധാന വരുമാനം. സഹോദരൻ നിയാസാകട്ടെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ടെലിവിഷൻ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 

'മറിമായം' എന്ന ജനപ്രിയ ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 'മൂസ'യാണ് ഇന്ന് നിയാസ്. ഇത്തരം വിജയങ്ങളാകട്ടെ പിതാവായ അബൂബക്കറിൻ്റെ പാരമ്പര്യത്തിൽ നിന്നും ലഭിച്ച വരദാനമാണ്.

 

കലാഭവൻ നവാസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക 

Article Summary: A tribute to actor Kalabhavan Nawaz and his father Abubacker.

#KalabhavanNawaz #MalayalamCinema #Abubacker #Tribute #KeralaNews #Actors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia