കൊല്‍കത്ത: (www.kvartha.com) നിരവധി ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്ന ജനപ്രിയ ഗായകനായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത് 53) ഓര്‍മയായി. സംഗീതപരിപാടി കഴിഞ്ഞു തൊട്ടുപിന്നാലെയാണ് മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് റിപോര്‍ട്.
ചൊവ്വാഴ്ച രാത്രി കൊല്കത്തയിലെ പരിപാടിയില്‍ ഒരു മണിക്കൂറോളം പാടിയ ശേഷം താമസിക്കുന്ന ഹോടെലിലേക്ക് മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ആരോഗ്യനില വഷളായതോടെ മരണം സംഭവിച്ചു.
ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. വിവിധ ഭാഷകളിലായി 700 ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
തൃശൂര്‍ തിരുവമ്പാടി സ്വദേശി സി എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡെല്‍ഹിയിലാണ് കെകെയുടെ ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. മോണ്ട് സെന്റ് മേരീസ് സ്കൂളിലും കിരോരി മാല് കോളജിലും പഠിക്കുമ്പോള്‍ കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങള്‍ ഹൃദിസ്ഥമാക്കിയാണ് സംഗീതത്തെ സ്നേഹിക്കാന്‍ തുടങ്ങിയത്.
സ്വന്തമായി റോക് മ്യൂസിക് ഗ്രൂപുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മാര്‍കറ്റിങ് എക്സിക്യൂടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകള്‍ മൂളി സംഗീതരംഗത്തേക്ക് തന്നെയെത്തി.
'പല്' എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെകെ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപി ന്യൂ ഇയറിലെ (2014) ഇന്‍ഡ്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഹൂണ്ടെയിലെ തൂനെ മാരി എന്‍ട്രിയാന്‍ തുടങ്ങിയവ അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങളാണ്.
തമിഴില്‍ മിന്‍സാര കനവിലെ സ്ട്രോബറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിന് ഉയിരേ എന്നിവയും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ പെടുന്നവയാണ്. ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നതിനു മുമ്പ് 3500-ല്‍ അധികം ജിംഗിളുകള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്.
ബാല്യകാലസുഹൃത്തായ ജ്യോതിയെയാണ് കെകെ വിവാഹം ചെയ്തത്. മകന് നകുല്‍ കെകെയുടെ ആല്‍ബമായ ഹംസഫറില്‍ പാടിയിട്ടുണ്ട്. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.
Keywords:
News,National,India,Kolkata,Death,Obituary,Singer,Bollywood,Top-Headlines, Singer KK passes away after concert in Kolkata
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.