T J Chandrachoodan | വിടവാങ്ങിയത് രാജ്യത്തെ ഇടത് നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന നേതാവ്; മുതിര്‍ന്ന ആര്‍ എസ് പി നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡന്റെ സംസ്‌കാരം മറ്റന്നാള്‍
Oct 31, 2022, 10:51 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ആര്‍ എസ് പി ദേശീയ നേതാവ് പ്രൊഫ ടിജെ ചന്ദ്രചൂഡന്റെ സംസ്‌കാരം അമേരികയിലുള്ള മകള്‍ നാട്ടിലെത്തിയ ശേഷം മറ്റന്നാള്‍. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു.
ആര്‍ എസ് പിയുടെ സംസ്ഥാന സെക്രടറി, അഖിലേന്‍ഡ്യാ സെക്രടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. പി എസ് സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. ഏറെ നാളായി രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഡന്. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല.
1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ചന്ദ്രചൂഡന്‍ ബി എ, എംഎ പരീക്ഷകള്‍ റാങ്കോടെയാണ് പാസായത്. ആര്‍എസ്പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ ബാലകൃഷ്ണന്റെ കൗമുദിയില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു. 1975 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രടേറിയേറ്റ് അംഗമായ ചന്ദ്രചൂഡന്‍ 99 ല്‍ സംസ്ഥാന സെക്രടറിയായി. 2006 ല്‍ ആര്യനാടുനിന്ന് നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ ജി കാര്‍ത്തികേയനോട് പരാജയപ്പെട്ടിരുന്നു.
എല്‍ഡിഎഫ് വിട്ട് ആര്‍ എസ് പി യുഡിഎഫിലേക്ക് പോയ ഘട്ടത്തില്‍ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാര്‍ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തും ദേശീയ തലത്തിലും ഇടത് രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ഇടതുമുന്നണിയില്‍ ഉണ്ടായിരിക്കെ, പലപ്പോഴും സിപിഎം നിലപാടിനെ മറയില്ലാതെ എതിര്‍ത്തിരുന്നു.
2008 ലാണ് ദേശീയ ജനറല്‍ സെക്രടറിയായത്. 2018 വരെ ആ ചുമതലയില്‍ തുടര്‍ന്നു. നിലവില്‍ ആര്‍ എസ് പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായിരുന്നു. അഭിജാതനായ ടി കെ, വിപ്ലവത്തിന്റെ മുള്‍പാതയിലൂടെ നടന്നവര്‍, കെ ബാലകൃഷ്ണന്‍: മലയാളത്തിന്റെ ജീനിയസ്, മാര്‍ക്സിസം എന്നാല്‍ എന്ത്? തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

