Writer | അകാലത്തില്‍ വിടപറഞ്ഞത് പയ്യന്നൂരിനെ പേരിനോപ്പം തുന്നിച്ചേര്‍ത്ത എഴുത്തുകാരന്‍
Nov 24, 2022, 21:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വടക്കേ മലബാറിലെ മണ്ണിനെ അഗാധമായി സ്നേഹിക്കുകയും തന്റെ പേരിനോടു ചേര്‍ത്തുവയ്ക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു സതീഷ് ബാബു പയ്യന്നൂര്‍.
പതിറ്റാണ്ടുകളായി തിരുവനന്തപുരത്താണ് താമസമെങ്കിലും തന്റെ പേരിനു പിന്നിലെ പയ്യന്നൂരിലൂടെ വടക്കന്‍ കേരളത്തിന്റെ തനിമ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. എഴുത്തിലും വടക്കേ മലബാറിന്റെ ലാളിത്യവും തനിമയും നിലനിര്‍ത്തിയിരുന്ന എഴുത്തുകാരനായിരുന്നു സതീഷ് ബാബു.

പാലക്കാട് ജില്ലയിലാണ് ജനിച്ചതെങ്കിലും പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് സതീഷ് ബാബുവിന്റെ കുടുംബം പയ്യന്നൂരിലെത്തുന്നത്. നന്നെ ചെറുപ്പത്തില്‍ പയ്യന്നൂരിലെത്തിയ സതീഷ് ബാബുവിന്റെ വളര്‍ച ആ ഗ്രാമത്തില്‍ നിന്നുതന്നെയായിരുന്നു. ആ നാടിനോടും അവിടുത്തെ കാഴ്ചകളോടുമുള്ള ഇഷ്ടം കൊണ്ടാണ് പയ്യന്നൂര്‍ എന്ന സ്ഥലനാമത്തെ തന്റെ പേരിനൊപ്പം ചേര്‍ത്തതെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
കാഞ്ഞങ്ങാട് നെഹ് റുകോളജിലും പയ്യന്നൂര്‍ കോളജിലുമായിരുന്നു പഠനം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കഥ, കവിത, പ്രബന്ധരചന എന്നിവയില്‍ പാടവം തെളിയിച്ചിരുന്നുവെങ്കിലും പിന്നീട് കഥയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
കോളജ് പഠനകാലത്ത് കാലികറ്റ് യൂനിവേഴ്സിറ്റിയിലെ ആദ്യത്തെ ക്യാംപസ് പത്രമായ ക്യാംപസ് ടൈംസിന് നേതൃത്വം നല്‍കിയത് സതീഷ് ബാബുവായിരുന്നു. വടക്കേ മലബാറിന്റെ മണ്ണില്‍ നിന്നുതന്നെയാണ് അദ്ദേഹം തന്റെ ജീവിത സഖിയെ കണ്ടെത്തിയത്. പയ്യന്നൂരിന്റെ സമീപപ്രദേശമായ നീലേശ്വരത്തുനിന്നാണ് അദ്ദേഹം ജീവിത പങ്കാളിയെ കണ്ടെത്തിയത്.
എഴുത്തിന്റെ ഉയരങ്ങള്‍ തേടിയുള്ള പ്രയാണത്തിനിടെയിലും സതീഷ് ബാബുവിന്റെ ജീവശ്വാസം പയ്യന്നൂരും അതിന്റെ പരിസര പ്രദേശങ്ങളിലെ മണ്ണും മനുഷ്യരുമായിരുന്നു. കാസര്‍കോട് നിന്നും പ്രസിദ്ധീകരിച്ച ഈയാഴ്ച വാരികയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസത്തിനു ശേഷം എസ് ബി ടിയില്‍ ജോലി ലഭിച്ചുവെങ്കിലും പൂര്‍ണസമയം എഴുത്തുകാരനാവുന്നതിനായി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
ജോലിയുടെ ആവശ്യാര്‍ഥം തലസ്ഥാന നഗരിയിലെത്തിയ സതീഷ് ബാബു പയ്യന്നൂര്‍ പിന്നീട് അവിടെ തന്നെ കൂടൊരുക്കുകയായിരുന്നു. പേരമരം, ഫോടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപുര, മഞ്ഞസൂര്യന്റെ നാളുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓണപതിപ്പുകളിലൂടെ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു സതീഷ് ബാബു പയ്യന്നൂര്‍. ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകളിലൂടെ വായനക്കാരുടെ മനസിനെ തൊട്ടുണര്‍ത്താന്‍ കഴിഞ്ഞ എഴുത്തുകാരനാണ് അകാലത്തില്‍ വേര്‍പിരിഞ്ഞത്.
Keywords: Remembrance of Satish Babu Payyannoor, Kannur, News, Writer, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.