Mikhail Gorbachev | സോവിയറ്റ് യൂനിയന്റെ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബചേവ് അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍

 



മോസ്‌കോ: (www.kvartha.com) സോവിയറ്റ് യൂനിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗൊര്‍ബചേവ് അന്തരിച്ചു. 91 വയസായിരുന്നു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനികല്‍ ഹോസ്പിറ്റലിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

അന്ത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു. 1999ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിചി സെമിത്തേരിയില്‍ ഗോര്‍ബചേവിനെ സംസ്‌കരിക്കും. മരണത്തില്‍ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

അമേരികയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ ഗൊര്‍ബചേവ് നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍, 1991ല്‍ സോവിയറ്റ് യൂനിയന്റെ ശിഥിലീകരണം തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപിനെ പ്രതിസന്ധിയിലാക്കിയ 'ഇരുമ്പുമറ' ഇല്ലാതാക്കുന്നതിലും ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊര്‍ബചേവിന്റെ നടപടികള്‍ വഴിതെളിച്ചു.

Mikhail Gorbachev | സോവിയറ്റ് യൂനിയന്റെ മുന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബചേവ് അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ലോക നേതാക്കള്‍


1985ല്‍ അധികാരമേറ്റ ഗൊര്‍ബചേവ് രാജ്യത്തെ കൂടുതല്‍ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടു രണ്ടു നയപരിപാടികള്‍ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഗ്ലാസ്‌നോസ്തും സാമ്പത്തിക ഉദാരവല്‍ക്കരണമായ പെരിസ്‌ട്രോയികയും. ഗൊര്‍ബചേവിന്റെ ഈ നടപടികള്‍ വിജയം കണ്ടില്ല.

ആറു വര്‍ഷം സോവിയറ്റ് യൂനിയന്റെ പ്രസിഡന്റായിരുന്ന ഗൊര്‍ബചേവ് കൊണ്ടുവന്ന ഭരണപരിഷ്‌കരണ നടപടികളാണ് ലക്ഷ്യംകാണാതെ ലോകത്തിലെ പ്രഥമ കമ്യൂനിസ്റ്റ് സാമ്രാജ്യത്തിന്റെ തകര്‍ചയ്ക്ക് ആക്കം കൂട്ടിയത്. റിപബ്ലികുകള്‍ ഓരോന്നായി വിട്ടുപോകവേ, ഡിസംബര്‍ 25ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. രക്തരൂക്ഷിതമായ ബോള്‍ഷെവിക് വിപ്ലവത്തില്‍ ഉദയംചെയ്ത സോവിയറ്റ് യൂനിയന്റെ അന്ത്യം സമാധാനപരമായിരുന്നു. 

Keywords:  News,World,international,Death,Obituary,Top-Headlines,President, Mikhail Gorbachev, Soviet Leader Who Ended Cold War, Dies At 91
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia