ഇന്ത്യൻ ഹോക്കി ഇതിഹാസം മാനുവൽ ഫ്രെഡറിക്സ് ഓർമയായി

 
Indian hockey Olympian Manuel Fredericks
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ ഗോൾകീപ്പറായിരുന്നു.
● ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ മലയാളിയാണ് മാനുവൽ ഫ്രെഡറിക്സ്.
● എട്ട് വർഷത്തോളം ഇന്ത്യൻ ഹോക്കി ടീമിനായി ജേഴ്സിയണിഞ്ഞു.
● 2019-ൽ രാജ്യം ധ്യാൻചന്ദ് പുരസ്കാരം നൽകി ആദരിച്ചു.
● ഏറെക്കാലമായി അർബുദബാധിതനായിരുന്നു.
● സംസ്കാര ചടങ്ങുകൾ സ്വദേശമായ കണ്ണൂരിൽ വെച്ച് നടത്തില്ല; ബംഗളൂരിൽ നടക്കും.

കണ്ണൂർ: (KVARTHA) ഇന്ത്യൻ ഹോക്കിക്ക് സ്വപ്നചിറകുകൾ നൽകിയ ഒളിംപ്യനും കേരളത്തിന്റെ 'ധ്യാൻചന്ദ്' എന്നും അറിയപ്പെട്ടിരുന്ന കണ്ണൂരിന്റെ അഭിമാന താരവുമായ മാനുവൽ ഫ്രെഡറിക്സ് (78) അന്തരിച്ചു. ബംഗളൂരിലെ ആസ്റ്റർ സി എം ഐ ആശുപത്രിയിൽ ഇന്ന് രാവിലെ ഒൻപതിനാണ് അന്ത്യം. 

Aster mims 04/11/2022

മക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കളും ഹോക്കി അസോസിയേഷൻ ഭാരവാഹികളും സുഹൃത്തുക്കളും ആശുപത്രിയിലുണ്ട്. മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുവരുന്നില്ല. സംസ്കാര ചടങ്ങുകൾ ബംഗളൂരിൽ തന്നെ നടക്കും.

കണ്ണൂരിൽ നിന്ന് ഇന്ത്യൻ കായിക ലോകത്തേക്ക് വളർന്നുവന്ന ഒളിംപ്യനായ മാനുവൽ ഫ്രെഡറിക്സ് കഴിഞ്ഞ കുറെക്കാലമായി ബംഗളൂരിലാണ് താമസിച്ചുവരുന്നത്. ഏറെക്കാലമായി അർബുദ ബാധിതനാണ്. രോഗം നാലാം ഘട്ടത്തിലേക്ക് മൂർച്ഛിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഒളിമ്പിക്സിലടക്കം വർഷങ്ങളോളം ഇന്ത്യൻ ഹോക്കി വലയം കാത്ത 'പറക്കും താരം' ആയിരുന്നു അദ്ദേഹം. ഇന്ത്യൻ ഹോക്കിയുടെ മലയാളി മുഖമായിരുന്നു മാനുവൽ ഫ്രെഡറിക്സ്.

കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇതുവരെ ലഭിച്ചിട്ടുള്ളത് ആകെ മൂന്ന് ഒളിമ്പിക്സ് മെഡലുകൾ മാത്രമാണ്. ഈ മൂന്ന് മെഡലുകളും നേടിയിട്ടുള്ളത് രണ്ട് പേർ വഴിയാണ്. കേരളത്തിന്റെ അഭിമാന പുത്രന്മാരായ ഈ രണ്ടുപേരും രാജ്യത്തിന്റെ ദേശീയ ഗെയിമായ ഹോക്കിയിൽ ഗോൾ കീപ്പർമാരായി ഇന്ത്യാ രാജ്യത്തിന് വേണ്ടി ഒളിമ്പിക്സുകളിൽ രക്ഷാകവചം തീർത്തവരാണ്.

കേരളത്തിന് ആദ്യ ഒളിമ്പിക് മെഡൽ ലഭിക്കുന്നത് 1972-ലെ മ്യൂണിക് ഒളിമ്പിക്സിലാണ്. ഇന്ത്യ വെങ്കല മെഡൽ നേടിയ ഈ ഒളിമ്പിക്സിൽ, കളിച്ച ആറ് മത്സരങ്ങളിൽ എട്ട് ഗോളുകൾ മാത്രം വഴങ്ങി മികച്ച പ്രകടനമായിരുന്നു മാനുവൽ ഫ്രെഡറിക്സ് നടത്തിയത്. 

എന്നാൽ, വെങ്കല മെഡൽ നേടിയ ടീമിലെ ഏഴ് പേർക്ക് അർജ്ജുന അവാർഡ് നൽകി രാജ്യം ആദരിച്ചപ്പോൾ, ഏറ്റവും മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മാനുവൽ ഫ്രെഡറിക്സിനെ തഴഞ്ഞത് അദ്ദേഹത്തിന് വേണ്ടി ശബ്ദിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്ന കാരണത്താൽ തന്നെയായിരുന്നു.

1972-ന് ശേഷം 49 വർഷങ്ങൾക്ക് ഇപ്പുറം, 2021-ൽ മാത്രമാണ് കേരളത്തിന് രണ്ടാമതൊരു മെഡൽ കൂടി വന്നു ചേരുന്നത്. അതും ഹോക്കിയിലൂടെ തന്നെ! 2021 ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ നേടിയപ്പോൾ ഗോൾ കീപ്പറായിരുന്നത് മലയാളിയായ പി ആർ ശ്രീജേഷായിരുന്നു. വീണ്ടും 2024 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ വെങ്കല മെഡൽ നേടിയപ്പോഴും ഗോൾ കീപ്പർ പി ആർ ശ്രീജേഷ് തന്നെയായിരുന്നു. 

അങ്ങനെ ഒളിമ്പിക്സുകളിൽ കേരളത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത് ആകെ 3 മെഡലുകൾ മാത്രമാണ്. അതായത്, അമ്പതിലേറെ കായിക താരങ്ങൾ കേരളത്തെ പ്രതിനിധീകരിച്ച് വിവിധ ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഹോക്കി ഗോൾ കീപ്പർമാരായി രാജ്യത്തിന് വേണ്ടി രക്ഷാകവചം തീർത്തിരുന്ന മാനുവൽ ഫ്രെഡറിക്സിലൂടെ ഒരു മെഡലും, പി ആർ ശ്രീജേഷിലൂടെ രണ്ട് മെഡലുകളും ഉൾപ്പെടെ മൂന്ന് വെങ്കല മെഡലുകൾ മാത്രമാണ് കായിക കേരളത്തിന്റെ കൈവശം ഇതുവരെയുള്ളത്.

ഒരു ഒളിമ്പിക്സിലും, രണ്ട് ലോക കപ്പുകളിലും, നിരവധി രാജ്യാന്തര മത്സരങ്ങളിലുമായി എട്ട് വർഷങ്ങളോളം ഇന്ത്യാ രാജ്യത്തിന് വേണ്ടി ജേഴ്സിയണിഞ്ഞ മാനുവൽ ഫ്രെഡറിക്സ്, 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കല മെഡലും, 1973-ൽ ഹോളണ്ടിൽ നടന്ന ലോക കപ്പ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും, 1978-ൽ അർജന്റീനയിൽ നടന്ന ലോക കപ്പ് മത്സരത്തിൽ നാലാം സ്ഥാനവും നേടുകയും ചെയ്തു. 

തന്റെ മാന്ത്രിക സേവുകളിലൂടെ എട്ട് തവണ അന്താരാഷ്ട്ര മത്സരങ്ങൾ വിജയിപ്പിച്ച്, കിരീടങ്ങൾ രാജ്യത്തിനായി നേടുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള ഈ മഹാഅതുല്യ താരത്തിന് അർഹിക്കുന്ന അംഗീകാരം നൽകുവാൻ രാജ്യത്തിനും, ഒരു പരിധിവരെ കേരളത്തിനും സാധിച്ചിട്ടില്ല എന്നത് ദുഃഖത്തോടെ പറയേണ്ടിവരും.

1961-ൽ കണ്ണൂർ സെന്റ് മൈക്കിൾ ആംഗ്ളോ ഇന്ത്യൻ സ്കൂളിലെ പഠന ശേഷം ബംഗളൂരിലെ ആർമി സ്കൂളിൽ പ്രവേശനം നേടിയ മാനുവൽ, 1965-ൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് (എ എസ് ഐ)-ലൂടെ ഇന്ത്യൻ പട്ടാളത്തിലെത്തി.

സർവീസസിന് വേണ്ടിയും നിരവധി കളികൾ കളിച്ചിട്ടുള്ള അദ്ദേഹം, മോഹൻ ബഗാൻ ടീമിന് വേണ്ടിയും, ബോംബെയ്ക്ക് വേണ്ടിയും കുറച്ചുനാൾ പാഡ് അണിഞ്ഞിട്ടുണ്ട്. ഗോൾ കീപ്പർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചലനങ്ങൾ മിന്നൽ വേഗതയിൽ ആയതിനാൽ, ‘ദാദ’, ‘ടൈഗർ’, ‘ഗോസ്റ്റ്’ എന്നിങ്ങനെ സ്നേഹപൂർവ്വം കായിക പ്രേമികൾ നൽകിയ പേരുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.

രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ച ശേഷം ബംഗളൂരിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി കുട്ടികൾക്ക് നിത്യേന ഹോക്കി പരിശീലനം നൽകിക്കൊണ്ടിരുന്നു. ജന്മനാടായ കണ്ണൂരിൽ നിന്ന് മാറി ബംഗളൂരിൽ അദ്ദേഹത്തിന് സ്ഥിരതാമസമാക്കേണ്ടി വന്നു. 

സാമ്പത്തിക പരാധീനത അനുഭവിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് 2019-ലാണ് രാജ്യം ധ്യാൻചന്ദ് അവാർഡ് നൽകുന്നത്. അതും എട്ട് തവണ അപേക്ഷ തിരസ്കരിച്ചതിന് ശേഷം ഒൻപതാം തവണയായിരുന്നു അദ്ദേഹത്തിന് ധ്യാൻചന്ദ് പുരസ്കാരം നൽകിയത്. ഇന്നത്തെ കാലത്തെ അത്യാധുനിക സൗകര്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലാത്ത കാലത്ത് ഹെൽമറ്റ് പോലും ഉപയോഗിക്കാതെയായിരുന്നു അദ്ദേഹം ഗോൾ പോസ്റ്റിൽ രക്ഷാകവചം തീർത്തിരുന്നത്.

മ്യൂണിക് ഒളിമ്പിക്സിൽ ആറ് മത്സരങ്ങളിൽ എട്ട് ഗോളുകൾ മാത്രമായിരുന്നു ഇന്ത്യ വഴങ്ങിയിരുന്നത്. 'ഒരു ഡിഫൻഡർക്ക് പിഴച്ചാൽ, മറ്റൊരാൾ ആ സ്ഥാനം ഏറ്റെടുക്കും. എന്നാൽ, ഗോൾ കീപ്പർക്ക് പിഴച്ചാലോ അത് ഗോളായി മാറും' എന്ന, ധീരമായ നിലപാടുകളാണ് മാനുവൽ ഫ്രെഡറിക്സ് ജീവിതത്തിൽ പകർത്തിയിട്ടുള്ളത്. 

1979-ൽ ലോകത്തോട് വിട പറഞ്ഞിട്ടും 46 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ലോക ഹോക്കി മാന്ത്രികനായി അറിയപ്പെട്ടുവരുന്ന ഇന്ത്യൻ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദ്, മ്യൂണിക് ഒളിമ്പിക്സിലെ മാസ്മരിക പ്രകടനത്തിന് ശേഷം മാനുവലിന്റെ ധീരമായ പ്രകടനത്തെ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.

ഹോക്കിയിലെ തുല്യശക്തികളായ ഇന്ത്യയും, പാക്കിസ്ഥാനും തമ്മിൽ 1977-ൽ ലാഹോറിൽ വെച്ച് നടന്ന പരമ്പര മത്സരത്തിലെ ഒരു കളിയിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരുന്ന മാനുവലെന്ന അതുല്യതാരത്തിന്റെ സാഹസിക പ്രകടനത്തിന് ഒരു പ്രത്യേക ഉപഹാരം പാക്കിസ്ഥാൻ നൽകിയിരുന്നു. 

പരമ്പരയിലെ ഒരു കളിയിൽ, പാക്കിസ്ഥാന്റെ മധ്യനിര മുന്നേറ്റ താരമായിരുന്ന ഹനീഫ് ഖാൻ വെടിയുണ്ട പോലെ ഗോൾ പോസ്റ്റിലേക്ക് തൊടുത്തുവിട്ട പന്ത്, സ്റ്റിക്ക് ഉയർത്തുവാൻ പോലും സമയമെടുക്കാതെ, തന്റെ നെറ്റിത്തടം കൊണ്ട് തടഞ്ഞത് ശ്വാസമടക്കിപ്പിടിച്ചാണ് ആയിരക്കണക്കായ പാക്കിസ്ഥാൻ കാണികൾ വീക്ഷിച്ചിരുന്നത്. പരമ്പര ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നെങ്കിലും, മാനുവൽ ഫ്രെഡറിക്സ് എന്ന സാഹസികന്റെ ധീരോദാത്തമായ പ്രകടനത്തിനാണ് അന്ന് ലാഹോർ സാക്ഷ്യം വഹിച്ചിരുന്നത്! 

അദ്ദേഹത്തിന്റെ നെറ്റിയിൽ ഇപ്പോഴും അതിന്റെ മുഴ നിലനിൽക്കുന്നുണ്ട്. ടൈ-ബ്രേക്കറുകളിൽ മികച്ച സേവ് നടത്തി 16 ദേശീയ ചാമ്പ്യൻഷിപ്പുകൾ നേടിയ ഖ്യാതി അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്.

നിശ്ചയദാർഢ്യവും, ഇച്ഛാശക്തിയും ജീവിതവ്രതമായി ഏറ്റെടുത്ത അദ്ദേഹം പണം സമ്പാദിക്കുന്ന കാര്യത്തിൽ പരാജയപ്പെട്ടിരുന്നു. മിലിട്ടറി പെൻഷനും, കേന്ദ്ര സർക്കാരിന്റെ ചെറിയ സ്പോർട്സ് പെൻഷനും മാത്രമായിരുന്നു വരുമാനം. ബംഗളൂരിൽ ആദ്യകാലത്ത് വാടക വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. 

2007-ൽ അന്നത്തെ എൽ ഡി എഫ് സർക്കാർ കണ്ണൂർ പയ്യാമ്പലത്ത് അഞ്ച് സെന്റ് സ്ഥലം അനുവദിച്ചുവെങ്കിലും, 2019-ൽ എൽ ഡി എഫ് സർക്കാരിൽ സ്പോർട്സ് മന്ത്രിയായിരുന്ന ഇ പി ജയരാജൻ പ്രത്യേക താത്പര്യമെടുത്ത് 40 ലക്ഷത്തോളം രൂപ ചെലവിൽ മനോഹരമായ വീട് നിർമ്മിച്ച് നൽകിയിരുന്നു.

എന്നാൽ, 2019-ൽ ധ്യാൻചന്ദ് അവാർഡ് ലഭിച്ചപ്പോൾ കൂടെ ലഭിച്ചിരുന്ന അഞ്ച് ലക്ഷം രൂപയും, പിന്നീട് 2021-ൽ പി ആർ ശ്രീജേഷ് ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയപ്പോൾ വ്യവസായ പ്രമുഖനായ എം എ യൂസഫലിയുടെ മകളുടെ ഭർത്താവും, വ്യവസായിയുമായ ഡോ. ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷികമായി ശ്രീജേഷിന് നൽകുവാൻ നിയോഗിച്ചിരുന്നത് മാനുവലിനെയായിരുന്നു. 

ഒരു കോടിയുടെ ചെക്ക് ശ്രീജേഷിന് അദ്ദേഹം സമ്മാനിച്ചപ്പോൾ, ഡോ. ഷംഷീർ വയലിന്റെ വകയായി 10 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തിനും ലഭിച്ചു. അങ്ങനെ ആകെ 15 ലക്ഷം രൂപ മാത്രമാണ് വലിയ പാരിതോഷികമായി ജീവിതത്തിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

രണ്ട് പെൺമക്കളും ജനിച്ചതും, പഠിച്ച് വളർന്നതും ബംഗളൂരിൽ ആയതിനാലും, മറ്റ് കുട്ടികൾക്ക് അവിടെ നിത്യേന ഹോക്കി പരിശീലനം നൽകിക്കൊണ്ടിരുന്നതിനാലും, ഭാര്യ പരേതയായ ശീതളയോടൊപ്പം മൂത്ത മകളായ ഫ്രെഷീന പ്രവീണിന്റെ വീട്ടിലായിരുന്നു താമസം. 

ഇളയ മകൾ ടിനു തോമസ് ഭർത്താവും കുട്ടികളുമായി മുംബൈയിലാണ് താമസം. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഭാര്യ ശീതള മരണപ്പെട്ടതിന് ശേഷം മാനുവൽ അസ്വസ്ഥനായിരുന്നു. താമസിയാതെ അദ്ദേഹവും രോഗബാധിതനാകുകയും മരണമടയുകയായിരുന്നു.

ഭാര്യ: പരേതയായ ശീതള മക്കൾ: ഫ്രെഷിന പ്രവീൺ (ബംഗളൂരു), ടിനു തോമസ് (മുംബൈ) സഹോദരങ്ങൾ: മേരി ജോൺ, സ്റ്റീഫൻ വാവോർ, പാട്രിക് വാവോർ, ലത, സൗദാമിനി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. വാർത്ത ഷെയർ ചെയ്യൂ.

Article Summary: Tributes pour in for Olympian Manuel Fredericks, Kerala's first Olympic medalist in hockey.

#ManuelFredericks #HockeyIndia #Olympian #KeralaSports #DhyanChandAward #IndianHockey

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script