മണിപ്പാല്‍ തടാകത്തിലെ ബോട്ട് ദുരന്തം: എഞ്ചി. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

 


മണിപ്പാല്‍ തടാകത്തിലെ ബോട്ട് ദുരന്തം: എഞ്ചി. വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഉഡുപ്പി : മണിപ്പാല്‍ തടാകത്തില്‍ ബോട്ട് സവാരിക്കിടയില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കലിലെ കമ്പ്യൂട്ടര്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ഹൈദരബാദ് സ്വദേശിനി നിഖിലയുടെയും, ബാംഗ്ലൂര്‍ സ്വദേശി കിരണ്‍ ചന്ദ്ര മൗലിയുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച സന്ധ്യയോടെ തടാകത്തില്‍ നിന്ന് പുറത്തെടുത്തത്.

ജൂണ്‍ 16ന് അര്‍ധരാത്രിക്കാണ് നിഖിലയും കിരണ്‍ ചന്ദ്രമൗലിയും ഷൗനക്കും സാഹസിക സവാരിക്കായി പെഡല്‍ ബോട്ടില്‍ തടാകത്തിലിറങ്ങിയത്. തടാകത്തിന്റെ മധ്യഭാഗത്ത് വെച്ചായിരുന്നു ബോട്ട് മറിഞ്ഞ് നിഖിലയും ചന്ദ്രമൗലിയും മുങ്ങിത്താണത്. അതേ സമയം നീന്തലറിയാവുന്ന ഷൗനക്ക് രക്ഷപ്പെട്ടു. ഷൗനക്കാണ് അപകടം സംബന്ധിച്ച വിവരം പോലീസിനും ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചത്. അപടകം നടന്ന ഉടന്‍ സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും മൃതദേഹത്തിനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അപകടത്തില്‍പ്പെട്ട ബോട്ട് ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ചളിയില്‍ പൂണ്ടിരിക്കാനാണ് സാധ്യത. പ്ലാസ്റ്റിക് ആവരണമുള്ള ബോട്ടില്‍ ദ്വാരമുണ്ടായിരിക്കാമെന്നും ഈ ദ്വാരത്തിലൂടെ വെള്ളകയറിയതാവാം അപകടകാരണമെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഇരുവരുടെയും മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ വെള്ളം കുടിച്ചല്ല മരിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. അപകടം നേരില്‍ കണ്ടയുടന്‍ ചന്ദ്രമൗലിയും കൂട്ടുകാരിയും ഹൃദയാഘാതം മൂലം മരിച്ചതാകാമെന്നും പോലീസ് പറയുന്നു.

മൃതദേഹങ്ങള്‍ ഉഡുപ്പി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകട കാരണം ബോട്ട് തടാകത്തില്‍ നിന്ന് പുറത്തെടുത്താലെ സ്ഥിരീകരിക്കാവൂ. ഇരുവരുടെയും മരണം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ അറിയാനാകുവെന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് ബോറേ ലിങ്കയ്യ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia