MS Valiathan | ഡോ. എംഎസ് വല്യത്താൻ: മെഡിക്കൽ സാങ്കേതികവിദ്യയുടെ തലതൊട്ടപ്പൻ


അര്‍ണവ് അനിത
(KVARTHA) ത്രീഡി ഇമേജിംഗും (3D Imaging) ബിഗ് ഡാറ്റായും (Big Data) രോഗനിര്‍ണയത്തിലും ചികിത്സയിലും (Treatment) വലിയ മാറ്റങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്ന സമയത്ത് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് (Sree Chitra Tirunal Institute) ആ വഴികളിലൂടെ സഞ്ചരിക്കണമെന്നും ആറ് കൊല്ലം കഴിഞ്ഞ് ശ്രീചിത്ര സുവര്‍ണജൂബിലി ആഘോഷിക്കുമ്പോള്‍ അതായിരിക്കണം മലയാളത്തിന് നല്‍കേണ്ട സംഭാവനെയെന്നും ശ്രീചിത്ര സ്ഥാപക ഡയറക്ടറും അന്തരിച്ച ഹൃദ്രോഗവിദഗ്ധനുമായ ഡോ. എം.എസ് വല്യത്താന്‍ (M S Valiathan) മുമ്പ് പറഞ്ഞിരുന്നു.
അനാട്ടമി (Anatomy) പഠനത്തിലും ശസ്ത്രക്രീയയിലും (Surgery) ത്രിഡി ഇമേജിംഗ് ഒരു വലിയ മാറ്റം അന്ന് കൊണ്ടുവന്നിരുന്നു. അമേരിക്കയില്‍ (USA) പ്രചാരത്തിലായ ഈ സാങ്കേതികവിദ്യ (Technology) ലോകമെമ്പാടും സ്വീകരിക്കപ്പെട്ടിരുന്നു. എക്‌സറേയും (X-ray) അള്‍ട്രാസൗണ്ട് സ്‌കാനിംഗും (Ultrasound scans) കണ്ടെത്തിയെങ്കിലും അവയവങ്ങള്‍ കൂടുതല്‍ തെളിമയോടെ, ത്രിമാനമായി കാണാനം പരിശോധിക്കാനും അവസരം ഉണ്ടായത് ഈ സാങ്കേതിക വിദ്യയിലൂടെയാണ്.
അവയവങ്ങളുടെയോ, ഞരമ്പിന്റെയോ ഏതെങ്കിലും ഭാഗത്ത് കണ്ട പരിക്ക് മറ്റെല്ലായിടത്തും ഉണ്ടോ എന്ന് ഉറപ്പാക്കാനും അതിവേഗം ചികിത്സ നല്‍കാനും ത്രിഡി ഇമേജിംഗ് സഹായകമാണ്. മാത്രമല്ല ശസ്ത്രക്രിയ വേണമെങ്കില്‍ അത് ഏത് തരത്തിലുള്ളതായിരിക്കണം എന്ന് തീരുമാനിക്കാനുമാകും. ഇത്തരത്തിലുള്ള, മെഡിക്കല്‍ രംഗത്തെ പുതിയ കാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കുകയും അത് കൊച്ചുകേരളത്തിലും നടപ്പാക്കണം എന്ന് ആഗ്രഹിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്ന അപൂര്‍വം ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു വല്യത്താന്‍.
2022ല്‍ ശ്രീചിത്രയുടെ 32ാം ബിരുദ സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രഭാഷണം സ്ഥാപനത്തിന്റെ വളര്‍ച്ചയെ കുറിച്ചും ഭാവിയില്‍ നേടേണ്ട കാര്യങ്ങളെ കുറിച്ചും പ്രതിപാദിച്ചിരുന്നു. ശ്രീചിത്ര റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റും ഹൈദരാബാദിലെ ഐഐടിയും (IIT) ചേര്‍ന്ന് ത്രിഡി ഇമേജിംഗ് രംഗത്ത് നടത്തുന്ന ഗവേഷണവികസനങ്ങള്‍ പ്രത്യാശയോടെ കാണുന്നതായി വല്യത്താന്‍ പറഞ്ഞു. അതുപോലെ ബിഗ് ഡാറ്റായുടെ ഉപയോഗം ചികിത്സാരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
കോവിഡ് (COVID) കാലത്ത് ഇത് വളരെയധികം പ്രയോജനം ചെയ്തു. ഐക്യരാഷ്ട്രസഭ (UNO) ആരോഗ്യവിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഓരോ ദിവസവും പുറത്തുവന്നിരുന്നു. അതിന് പിന്നില്‍ ഇന്ത്യയില്‍ നിന്ന് നല്‍കിക്കൊണ്ടിരുന്ന ഡാറ്റയായിരുന്നു. പതിനായിരക്കണക്കിന് രോഗികളുടെ ഡാറ്റയാണ് യുഎന്‍ വിശകലനം ചെയ്തത്. അങ്ങനെയാണ് ഓരോ തവണയും പുതിയ നിരീക്ഷണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചത്. ഇത്രയും വലിയ ഡാറ്റ ഇന്ത്യയുടെ കയ്യിലുണ്ടായിരുന്നിട്ടും നമുക്ക് ഒന്നും ചെയ്യാനായില്ലെന്നും ഡോ. വല്യത്താന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നമ്മുടെ ആരോഗ്യമേഖല എത്രത്തോളം ഇനിയും സഞ്ചരിക്കാനുണ്ടെന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ട. ഡാറ്റാ കൊണ്ട് നമ്മളൊന്നും ചെയ്യുന്നില്ല, യുഎന്‍ അത് ഭംഗിയായി ഉപയോഗിച്ച് ലോകത്തിനാകമാനും ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്തു. ഇതേ കുറിച്ച് വല്യത്താന്‍ പറഞ്ഞതിങ്ങിനെയാണ്: ബ്രിട്ടീഷുകാര്‍ (British) പണ്ട് നമ്മുടെ പരുത്തി വാങ്ങി അവരുടെ നാട്ടിലെത്തിച്ച് ഭംഗിയുള്ള വസ്ത്രങ്ങളാക്കുകയും അവ ഇന്ത്യയില്‍ എത്തിച്ച് വില്‍പ്പന നടത്തുകയും ചെയ്ത ചരിത്രം തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്.
കോവിഡ് അവസാനിച്ചെങ്കിലും ഇനി മറ്റൊരു മഹാമാരി (Pandemic) എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം. അതിനെ നേരിടാന്‍ ഡാറ്റാ വിശകലന ശേഷി നമുക്ക് അനുഭവമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഫണ്ടും ആധുനികരീതിയിലുള്ള കെട്ടിടങ്ങളും ജീവനക്കാരും മാത്രമല്ല ഗവേഷണകേന്ദ്രത്തിന്റെ മികവ് തെളിയിക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
പുതിയ പുതിയ ആശയങ്ങള്‍ ഇല്ലാതാകുമ്പോഴാണ് ഓരോ സ്ഥാപനവും നശിക്കുന്നത്. സ്ഥാപനങ്ങള്‍ക്കും രോഗവും മരണവുമുണ്ട്. അതുകൊണ്ട് എല്ലാ സ്ഥാപനങ്ങളും നവീന ആശയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. ഇന്ത്യയില്‍ തുടങ്ങിയ പല ഗവേഷക സ്ഥാപനങ്ങളും നൂറ്റാണ്ടുകള്‍ പിന്നിടും മുമ്പ് തകര്‍ന്നടിയുന്നു. വിദേശത്ത് നേരെ തിരിച്ചും. പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഓക്‌സ്ഫഡും പുതിയ പുതിയ ആശയങ്ങള്‍ തേടുന്നത് കൊണ്ടാണ് കാലാതിവര്‍ത്തിയായി നില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു (1951) ഡോ. എംഎസ് വല്യത്താന്‍. രണ്ട് പതിറ്റാണ്ടിന് ശേഷം 1974ല്‍ ശ്രീചിത്രയിലെത്തി. അന്ന് കേരളത്തില്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കുറവായിരുന്നു. കാശുള്ളവര്‍ വെല്ലൂരിലും മദ്രാസിലും ചികിത്സതേടിയിരുന്നു. അന്ന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി (Open-Heart Surgery) നടത്താന്‍ ഇന്ത്യയിലെ അഞ്ച് സ്ഥാപനങ്ങളേയുണ്ടായിരുന്നുള്ളൂ. ആഴ്ചയില്‍ പരമാവധി നാല് ശസ്ത്രക്രിയ വരെ നടത്താം.
രോഗികളുടെ എണ്ണം അതിന്റെ എത്രയോ മടങ്ങ് വലുതായിരുന്നു. ഈ സമയത്താണ് ശ്രീ ചിത്ര സെന്റര്‍ മെഡിക്കല്‍ സാങ്കേതികവിദ്യയില്‍ ഗവേഷണവും വികസനവും എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനായിരുന്നു അതിന്റെ ചാലക ശക്തി. ഒരു ഉപകരണം സൃഷ്ടിക്കുന്നതും മൃഗങ്ങളില്‍ അത് പരീക്ഷിക്കുന്നതും ആരോഗ്യരംഗവുമായി ബന്ധപ്പെട്ടതല്ലെന്ന് അന്നത്തെ ഡോക്ടര്‍മാര്‍ ഉറച്ചുവിശ്വസിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിച്ചാല്‍ രോഗികള്‍ക്ക് ഗുണം ചെയ്‌തേക്കും പക്ഷെ, അതിലൊന്നും താല്‍പര്യമില്ലെന്ന് ഒരു ഐഐടി പ്രോഫസര്‍ തുറന്നടിച്ചു.
ഇത്തരം പ്രതിസന്ധികളെ മറികടന്നാണ് ശ്രീചിത്ര പിച്ചവെച്ചു തുടങ്ങിയത്. പിന്നീട് പാര്‍ലമെന്റിന്റെ അംഗീകാരമുള്ള, ദേശീയ ഗവേഷണ സ്ഥാപനമായി ശ്രീചിത്ര തലയെടുപ്പോടെ ഉയര്‍ന്നു. പ്രധാനമന്ത്രി (PM) മൊറാര്‍ജി ദേശായിയുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. 1979ല്‍ ഇത് സംബന്ധിച്ച ബില്‍ രാജ്യസഭ പാസാക്കി. മന്ത്രിസഭ വീണതിനാല്‍ ലോക്‌സഭ കടന്നില്ല. 1980ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ബില്‍ പാസാക്കിയത്. മെഡിക്കല്‍ സാങ്കേതികവിദ്യാ ഗവേഷണം അങ്ങനെ ദേശീയതലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. പിന്നീടുള്ള പത്ത് കൊല്ലം കൊണ്ട് ബ്ലഡ് ബാഗ്, ഓക്‌സിജനേറ്റര്‍ തുടങ്ങി നിരവധി ഉപകരണങ്ങളും സാങ്കേതികവിദ്യയും വികസിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധനേടി.
ഇതിനൊന്നും വിദേശ സഹായമോ, വിദേശത്ത് പഠിച്ചവരുടെ പിന്തുണയോ ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഹൃദയ വാല്‍വ് വികസനത്തില്‍ പങ്കാളിയായ എന്‍ജിനീയര്‍ ഭുവനേശ്വര്‍ മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായിരുന്നു. ഓക്‌സിജനേറ്റര്‍ വികസിപ്പിച്ചവരില്‍ വെങ്കിടേശ്വരന്‍ എന്ന എന്‍ജിനിയര്‍ വിദേശ പരിശീലനം നേടിയിരുന്നില്ല. ഇത്രയും സങ്കീര്‍ണമായ കാര്യങ്ങള്‍ ശ്രീചിത്ര വികസിപ്പിക്കുമെന്ന് ആരും സ്വപ്‌നം പോലും കണ്ടില്ല. കൃത്രിമ ഹൃദയ വാല്‍വിന്റെ മെറ്റലിന് വിള്ളലുണ്ടായപ്പോള്‍ നാഷണല്‍ എയ്‌റോ സ്‌പേസ് ലാബ് പരിഹരിക്കാനായി മുന്നോട്ട് വന്നു.
ഐഎസ്ആര്‍ഒയും നാഷണല്‍ കെമിക്കല്‍ ലാബും പല കാര്യങ്ങളിലും സഹായിച്ചു. വാല്‍വ് തുന്നിച്ചേര്‍ക്കാന്‍ സഹായിച്ചത് കോയമ്പത്തൂരിലെ സൗത്ത് ഇന്ത്യന്‍ ടെക്സ്റ്റയില്‍സ് അസോസിയേഷനായിരുന്നു. ഇന്ന് ശ്രീചിത്രയിലെ വാല്‍വ് ഒരു ലക്ഷത്തിലധികം പേരുടെ ഹൃദയത്തില്‍ തുടിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വാല്‍വ് കയറ്റുമതി ചെയ്യുന്നു. ഇതിനെല്ലാം പിന്നിലെ ദീര്‍ഘവീക്ഷണം മാര്‍ത്താണ്ഡ വര്‍മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ. എംഎസ് വല്യത്താന്റേതാണ്.