Landslide | വയനാട് ഉരുൾപൊട്ടൽ: കണ്ണൂരിന് നടുക്കമായി ദമ്പതികളുടെ മരണം; രണ്ടാമത്തെ ജീവനും കണ്ടെടുത്തു


വയോധികരായ ദമ്പതികൾ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ മക്കളായ വൈഷ്ണവ് രാഹുൽ കാനഡയിലും മറ്റൊരു മകൾ വർഷ അർജുൻ കൊച്ചിയിലുമാണ് താമസിക്കുന്ന
കണ്ണൂർ: (KVARTHA) ജില്ലയ്ക്ക് നടുക്കമായി മേപ്പാടി മുണ്ടക്കൈയ്യിലെ ഉരുൾപൊട്ടൽ. മേപ്പാടിയിലുണ്ടായ ഉരുൾ പൊട്ടലിൽ ഇരയായി തലശേരി ചേറ്റം കുന്ന് സ്വദേശിയായ വയോധികനും ഭാര്യയ്ക്കുമാണ് ജീവൻ നഷ്ടമായത്. തലശേരി നഗരത്തിലെ ചേറ്റംകുന്നിൽ നിന്നും വയനാട് മേപ്പാടിയിലേക്ക് കുടിയേറിയ പാർത്ഥനാണ് (77) മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ നന്ദ (67) യുടെ മൃതദേഹവും മുണ്ടക്കൈയ്യിൽ നിന്നും വ്യാഴാഴ്ച രാവിലെ രക്ഷാപ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ പാർത്ഥൻ്റെ മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. ഇതിനു ശേഷം നടത്തിയ തെരച്ചിലിലാണ് ഭാര്യയുടെ മൃതദേഹം അതേ സ്ഥലത്തു നിന്നു തന്നെ മണ്ണും പാറയും മൂടിയ നിലയിൽ കണ്ടെത്തിയത്. 50 വർഷങ്ങൾക്ക് മുൻപാണ് പാർത്ഥൻ വയനാട്ടിൽ ഒരു കാപ്പിതോട്ടം വിലക്ക് വാങ്ങി തലശേരിയിൽ നിന്നും കുടിയേറിയത്. അവിടെ എസ്റ്റേറ്റും വീടുമായി കഴിഞ്ഞു വരികയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ പാർത്ഥൻ്റെ വീട് ഒലിച്ചു പോവുകയായിരുന്നു. വയോധികരായ ദമ്പതികൾ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ മക്കളായ വൈഷ്ണവ് രാഹുൽ കാനഡയിലും മറ്റൊരു മകൾ വർഷ അർജുൻ കൊച്ചിയിലുമാണ് താമസിക്കുന്നത്. പാർത്ഥൻ്റെ മൃതദേഹം ജന്മനാടായ ചേറ്റംകുന്നിലെത്തിച്ചു സംസ്കരിച്ചു. നന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷം സംസ്കരിക്കുമെന്ന് ദുരന്ത നിവാരണ പ്രവർത്തകർ അറിയിച്ചു.