Loss | ജീവിതം കൊണ്ടു പോരാടിയ അരികുജീവിതങ്ങളുടെ തോഴൻ; കെ ജെ ബേബി കനവായി മാറുമ്പോൾ
* ‘മാവേലി മൻറം’ എന്ന നോവൽ ഏറ്റവും പ്രശസ്തമായ കൃതിയാണ്.
ഭാമനാവത്ത്
കണ്ണൂർ: (KVARTHA) വംശനാശ ഭീഷണി നേരിടുന്ന കേരളത്തിലെ ആദിവാസി സമൂഹത്തിൻ്റെ ശബ്ദമാവുകായിരുന്നു കെ.ജെ ബേബി തൻ്റെ കനവിലുടെ. വയനാട്ടിലെ ആദിവാസി ജീവിതത്തെ പകർത്തിയ കൃതികളിൽ ഏറ്റവും സവിശേഷമായ സ്ഥാനമുണ്ട് കെ ജെ ബേബിയുടെ മാവേലി മൻറം എന്ന കൃതിക്ക്. വത്സലയുടെ നോവലിലുടെയൊക്കെ വയനാട്ടിലെ ആദിവാസി ജീവിതം മലയാള സാഹിത്യത്തിൽ പലപ്പോഴും ഇടം നേടിയിട്ടുണ്ട്.
എന്നാൽ വ്യതിരക്തമായ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടോടെ വയനാടൻ ആദിവാസി ജനതയെ സമീപിച്ച നോവലായിരുന്നു കെ ജെ ബേബിയുടെ മാവേലി മൻറം. വയനാടൻ ഗോത്രജനതയുടെ നഷ്ടമായ തനതു ജീവിതത്തെ കുറിച്ചുള്ള വിലാപമാണ് നോവൽ അവതരിപ്പിക്കുന്നത്. കെ ജെ ബേബിയുടെ നാടകമായ നാടുഗദ്ദികയുടെ വികസിത രൂപമായും മാവേലി മൻറം വായിക്കപ്പെട്ടു. മലയാളത്തിലെ ദളിത് സാഹിത്യം ചർച്ച ചെയ്യുമ്പോൾ ഏറ്റവും സവിശേഷമായി പറഞ്ഞു പോകേണ്ട കൃതിയെന്ന നിലയിലും മാവേലി മൻറം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാർഡും മുട്ടത്ത് വർക്കി അവാർഡും മാവേലി മൻറത്തിന് ലഭിച്ചിരുന്നു.
ഗുഡ്ബൈ മലബാറാണ് ബേബിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം. മലബാർ മാന്വൽ രചിച്ച വില്യം ലോഗൻ്റെ ഭാര്യ അന്നയുടെ കാഴ്ചകളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ലോഗൻ്റെ സംഘർഷഭരിതമായ ജീവിതവും ആ കാലഘട്ടത്തിൻ്റെ സാമൂഹിക സാഹചര്യങ്ങളുമാണ് നോവൽ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് കാലത്തെ സാമൂഹിക ജീവിതവും ഒരു ജനതയിൽ അവർ തീർത്ത മതപരമായ വിള്ളലുകളും ‘ഗുഡ്ബൈ മലബാർ’ വായിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.
മാവേലിമൻറം, ഗുഡ്ബൈ മലബാർ എന്നിവയയ്ക്ക് പുറമെ ബെസ്പുർക്കാന, നാടുഗദ്ദിക തുടങ്ങിയവയാണ് കെ ജെ ബേബിയുടെ പ്രധാനകൃതികൾ. പാർശ്വവത്കരിക്കപ്പെട്ട് പോയ ഒരു ജനതയ്ക്ക് നഷ്ടമായ സ്വഭാവികമായ ജീവിത പരിസരവും ജീവിതഘടനയും എന്തായിരുന്നുവെന്ന് തൻ്റെ കൃതികളിലൂടെ ബേബി വരച്ചിടാൻ ശ്രമിച്ചിട്ടുണ്ട്. അവർ നേരിട്ട ക്രൂരതകളും അടിച്ചമർത്തലുകളും തൻ്റെ കൃതികളിൽ ദൃശ്യവത്കരിച്ച ബേബി വയനാടൻ ഗോത്രജനതയുടെ സാംസ്കാരിക-കലാ പാരമ്പര്യത്തിൻ്റെ വാങ്ങ്മയ ചിത്രങ്ങളും തൻ്റെ കൃതികളിലൂടെ വരച്ചിട്ടു.
അതിശക്തമായ രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ കൃതികൾ. ആധുനികജീവിതത്തിൻ്റെ ആസുരതകൾ ആദിവാസികളെ ഉൻമൂലനം ചെയ്യുന്നതിനെതിരെയുള്ള പ്രതിരോധമായിരുന്നു കെ ജെ ബേബിയുടെ ജീവിതം. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ അരികുജീവിതങ്ങളുടെ തോഴനാണ് ഇല്ലാതാവുന്നത്.
#KJBaby #MalayalamLiterature #Adivasi #Kerala #Writer #SocialActivist #MaaveliManram #RIP