പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹികപ്രവര്‍ത്തകനുമായ കെ ഇ മാമ്മന്‍ അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 26.07.2017) പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപ്രവര്‍ത്തകനുമായ കെ.ഇ. മാമ്മന്‍ അന്തരിച്ചു. 97 വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അവിവാഹിതനാണ്. പക്ഷാഘാതത്തെ തുടര്‍ന്ന് 2013 ഡിസംബര്‍ മുതല്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ബുധനാഴ്ച രാവിലെയോടെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

സഹോദരന്‍ കെ.ഇ.ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ് ഉമ്മനൊപ്പം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മന്‍, ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.

പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹികപ്രവര്‍ത്തകനുമായ കെ ഇ മാമ്മന്‍ അന്തരിച്ചു

പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്. നാഷണല്‍ ക്വയിലോണ്‍ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് 1921 ജൂലൈ 31ന് ആയിരുന്നു മാമ്മന്റെ ജനനം. കുട്ടിക്കാലം മുതലേ തന്നെ സ്വാതന്ത്ര്യസമരത്തിന്റെ ചൂടു കണ്ടാണ് മാമ്മന്‍ വളര്‍ന്നത്.

സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു കെ.സി. ഈപ്പന്റെ വീട്. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടത്തുന്ന പ്രസംഗങ്ങളും മറ്റും സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ മാമ്മന്‍ ശ്രദ്ധിച്ചുവന്നു. കോളജിലെത്തിയതോടെ സമരങ്ങളില്‍ സജീവമായി. തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ട്രാവന്‍കൂര്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി. കോട്ടയം തിരുനക്കരയില്‍ നടന്ന യോഗത്തില്‍ സ്വാതന്ത്ര്യസമരത്തിനായി വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരില്‍ ലോക്കപ്പിലടച്ചു.

സി.കേശവന്റെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം കേള്‍ക്കാനിടയായതാണ് മാമ്മന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അതോടെ മാമ്മന്‍ പൊതുപ്രവര്‍ത്തനത്തില്‍ ആവേശപൂര്‍വം പങ്കാളിയായി. തന്റെ രോഷത്തിനു പാത്രമായതിനെത്തുടര്‍ന്ന് സര്‍ സിപി, നാഷനല്‍ ക്വയിലോണ്‍ ബാങ്ക് പൂട്ടിക്കുകയും ഉടമകളെ തടവിലാക്കുകയും ചെയ്തപ്പോള്‍ മാമ്മന്റെ പിതാവ് കെ.സി. ഈപ്പനും ജയിലിലായി. ജയിലില്‍ കിടക്കവെയാണ് ഈപ്പന്‍ മരിച്ചത്. മകനായ മാമ്മനും സിപിയുടെ കണ്ണിലെ കരടായി.

രാഷ്ട്രീയപ്രവര്‍ത്തനത്തിലെ തീപ്പൊരിയാവുക കൂടി ചെയ്തപ്പോള്‍ തിരുവിതാംകൂറില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും സര്‍ സിപി, മാമ്മനെ അനുവദിച്ചില്ല. ഇതിനിടെയാണ് തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ നടന്ന യോഗത്തില്‍ സര്‍ സിപിക്കെതിരെ മാമ്മന്‍ ആഞ്ഞടിച്ചത്. അതോടെ കോളജില്‍നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍പഠനത്തിന് എറണാകുളം മഹാരാജാസില്‍ ശ്രമിച്ചെങ്കിലും അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവില്‍ തിരുവിതാംകൂറിനു പുറത്തുള്ള തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിച്ച് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തീകരിച്ചു.

1940ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്നു. എന്നാല്‍ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു. പുറത്താക്കുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡുകാരനായ പ്രിന്‍സിപ്പല്‍ റവ. ബോയിഡ് പറഞ്ഞു: നിന്റെ ധൈര്യത്തെയും രാജ്യസ്‌നേഹത്തെയും ഞാന്‍ അനുമോദിക്കുന്നു. പക്ഷേ കോളജില്‍ നിന്ന് പുറത്താക്കാതെ നിവൃത്തിയില്ല.

ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് രാജ്യമെങ്ങും യുവാക്കള്‍ പഠനമുപേക്ഷിച്ച് രാജ്യത്തിന്റെ മോചനത്തിനു വേണ്ടി ഇറങ്ങുന്ന കാലമായിരുന്നു അത്. അന്നത്തെ ആയിരങ്ങള്‍ക്കൊപ്പം ചേരാനായിരുന്നു കോളജില്‍ നിന്ന് പുറത്തായ മാമ്മന്റെയും തീരുമാനം. 1943ല്‍ നാട്ടില്‍ തിരിച്ചെത്തി ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഇരുപത്തിരണ്ടാം വയസില്‍ താമസം തിരുവല്ലയിലേക്ക് മാറ്റി. തുടര്‍ന്ന് തിരുവല്ലയും കോട്ടയവുമായിരുന്നു ദീര്‍ഘകാലം പ്രവര്‍ത്തനകേന്ദ്രം. 1996ലാണ് വീണ്ടും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.

രാമാശ്രമം അവാര്‍ഡ്, ലോഹ്യാവിചാരവേദിയുടെ അവാര്‍ഡ്, ടികെവി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. സാമൂഹിക തിന്മകള്‍ക്കെതിരെ നടത്തുന്ന ധീരമായ പോരാട്ടത്തിന് 1995ല്‍ കോട്ടയം വൈഎംസിഎ മദര്‍ തെരേസ പുരസ്‌കാരം നല്‍കി ബഹുമാനിച്ചു. മദ്യനിരോധനത്തിന്റെ ശക്തനായ വക്താവായ മാമ്മന്‍ അതിനുവേണ്ടിയും നിരവധി സമരങ്ങളില്‍ പങ്കാളിയായി. സ്വന്തമായി വീടോ കാറോ സമ്പാദ്യമോ ഇല്ലാതെയാണ് മാമ്മന്‍ ജീവിച്ചത്. കൂട്ടിന് ഗാന്ധിയന്‍ തത്വങ്ങള്‍ മാത്രം മതി എന്നായിരുന്നു നിലപാട്.

Also Read:

എ ടി എം കൗണ്ടറില്‍ ക്യാമറ സ്ഥാപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KE maman passed away, Kottayam, News, Hospital, Treatment, Health & Fitness, Education, Student, Kerala, Obituary.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia