SWISS-TOWER 24/07/2023

ഇനിയില്ല ഇങ്ങനെയൊരു ഡോക്ടർ: കണ്ണൂരിന്റെ 'രണ്ട് രൂപ ഡോക്ടർ' രൈരു ഗോപാൽ വിടവാങ്ങുമ്പോൾ

 
Portrait of Dr. Rairu Gopal, the 'Two Rupee Doctor' from Kannur.
Portrait of Dr. Rairu Gopal, the 'Two Rupee Doctor' from Kannur.

Photo: Special Arrangement

● തന്റെ പിതാവിന്റെ ഉപദേശങ്ങളാണ് അദ്ദേഹത്തിന് വഴികാട്ടിയത്.
● 60 വർഷത്തോളം നീണ്ട സേവനകാലയളവിൽ 20 ലക്ഷത്തിലേറെ രോഗികളെ ചികിത്സിച്ചു.
● ഡോക്ടർ ഒരു മനുഷ്യസ്നേഹിയായിരുന്നു.
● മരുന്ന് കമ്പനികളുടെ സ്വാധീനത്തിന് വഴങ്ങാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) ആരോഗ്യരംഗം കഴുത്തറപ്പൻ കച്ചവടമായി മാറിയ ഇന്നത്തെ കാലത്ത് സേവനത്തിന്റെ പ്രകാശം പരത്തിയാണ് കണ്ണൂരിന്റെ ജനകീയ ഡോക്ടർ രൈരു ഗോപാൽ വിടവാങ്ങിയത്. കഴിഞ്ഞ കുറെക്കാലമായി വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം വിശ്രമത്തിലായിരുന്ന അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നില്ല. 

Aster mims 04/11/2022

'രണ്ട് രൂപ ഡോക്ടർ' എന്ന് ജനങ്ങൾക്കിടയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ചികിത്സ നിർത്തിയത് തന്നെ വലിയ വാർത്തയായിരുന്നു. അത്രമാത്രം ജനങ്ങൾ സ്നേഹിച്ച ഒരു ഭിഷഗ്വരനെയാണ് നാടിന് നഷ്ടമായത്. തന്നെ തേടിയെത്തുന്നവർക്ക് മുൻപിൽ കാരുണ്യം പൊഴിക്കുന്ന പൂമരമായി അദ്ദേഹം പരിലസിച്ചു. രോഗികൾക്ക് അദ്ദേഹത്തിന്റെ സാമീപ്യം തന്നെ ആശ്വാസകരമായിരുന്നു. സ്വന്തം പിതാവിൽ നിന്ന് ലഭിച്ച ധാർമ്മിക മൂല്യങ്ങളാണ് അദ്ദേഹത്തിന് വഴികാട്ടിയത്.

കണ്ണൂരിലെ പ്രശസ്തനായ മനുഷ്യസ്നേഹിയും ആതുരസേവനത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുമുള്ള ഡോക്ടർ ഗോപാലൻ നമ്പ്യാർ തന്റെ മക്കൾ ഡോക്ടർമാരായപ്പോൾ അവർക്ക് കൃത്യമായ ഉപദേശം നൽകിയിരുന്നു. എന്തായിരിക്കണം ഒരു ഡോക്ടർ, എങ്ങനെയായിരിക്കണം ഒരു ഡോക്ടർ സമൂഹത്തിലെ രോഗികളോട് പെരുമാറേണ്ടത് എന്നതിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു പിന്നീടുള്ള അവരുടെ ഭിഷഗ്വര ജീവിതം. 

‘പണം ഉണ്ടാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെയാണ് നിങ്ങൾ ഡോക്ടറാകുന്നതെങ്കിൽ ഇന്നുതന്നെ ഈ പണി ഉപേക്ഷിച്ച് വല്ല ബാങ്ക് കൊള്ളക്കും പൊയ്ക്കോളൂ’ എന്നാണ് ആ മനുഷ്യസ്നേഹി മക്കളോട് പറഞ്ഞത്. ആ അച്ഛന്റെ വാക്കുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് തന്റെ ജീവിതം സമൂഹത്തിലെ പാവപ്പെട്ടവർക്കുവേണ്ടി ചെലവഴിച്ച മഹനീയ വ്യക്തിത്വത്തിന്റെ നേർ രൂപമാണ് ഇന്നലെ ഈ ലോകത്തെ വിട്ടുപിരിഞ്ഞ ഡോക്ടർ രൈരു ഗോപാൽ.

ആതുരസേവനം സംബന്ധിച്ച് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസും ചരകനും എന്ത് സ്വപ്നം കണ്ടുവോ, തന്റെ സാർത്ഥകമായ ജീവിതത്തിൽ അത് പൂർണ്ണമായും പ്രാബല്യത്തിൽ വരുത്തിയ വ്യക്തിയാണ് കണ്ണൂരിലെ ഈ ജനകീയ ഡോക്ടർ.

ആധുനിക ലോകത്ത് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ എന്ന പേരിൽ വൈദ്യശാസ്ത്രത്തിന്റെ ധാർമ്മിക മൂല്യത്തിന് യാതൊരു വിലയും കൽപ്പിക്കാതെ എങ്ങനെയും പണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടുകൂടി ഒരു വിഭാഗം ഡോക്ടർമാർ പ്രവർത്തിക്കുമ്പോൾ, ഇത്തരം ആളുകൾ ജീവിച്ചിരിക്കുന്നത് തന്നെ സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. പലരെയും സംബന്ധിച്ചിടത്തോളം അത്ഭുതവുമായിരുന്നു.

ഡോക്ടർമാർ പലരും ആഡംബര ജീവിതത്തിന് ഉടമകളായി തങ്ങളെ പഠിപ്പിച്ച പ്രത്യയശാസ്ത്രം മുഴുവനും മറന്ന്, ആഗോള ഭീമന്മാരായ മരുന്ന് കമ്പനികളുടെ ഏജന്റുമാരായ ചില മെഡിക്കൽ റെപ്പുകളുടെ മോഹന വാഗ്ദാനത്തിൽ മയങ്ങി, പ്രത്യക്ഷ ദൈവമായി കരുതി തന്റെ മുൻപിൽ എത്തുന്ന രോഗികളെ ഈശ്വരന്റെ കാഴ്ചപ്പാടോടെ കാണുന്നതിന് പകരം ചെകുത്താന്റെ കാഴ്ചപ്പാടോടെ വഞ്ചിക്കുന്ന ഈ ലോകത്ത്, മെഡിക്കൽ റെപ്പുകളോട് 'കടക്ക് പുറത്ത്' എന്ന് എന്നും പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഡോക്ടർ.

എന്നും രാവിലെ രണ്ടുമണിക്ക് ഡോക്ടറുടെ പ്രഭാതം തുടരുകയാണ്. തന്റെ പശുത്തൊഴുത്തിൽ പശുക്കളെ തഴുകിയും അവക്ക് ആവശ്യമായ സംരക്ഷണം നൽകിയും അവയുടെ പാൽ കറന്നുമാണ് ചെറുപ്പകാലത്ത് ഡോക്ടർ തന്റെ ജീവിതം നയിച്ചിരുന്നത്. അച്ഛൻ പകർന്നുനൽകിയ തന്റെ ആദർശ ജീവിതത്തിന് ഭാര്യയും കുടുംബവും പൂർണ്ണമായും കൂടെയുണ്ടായിരുന്നു. 

എന്നും രാവിലെ തന്നെ ഡോക്ടർ ചികിത്സ തുടങ്ങിയത് കൂടുതൽ രോഗികളെ ചികിത്സിക്കാൻ വേണ്ടിയായിരുന്നില്ല, മറിച്ച് അവനവന്റെ തൊഴിൽ ചെയ്ത് അന്നത്തെ അന്നത്തിന് വക കാണുന്ന പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ആളുകളുടെ ഒരു ദിവസത്തെ പണി കളയരുതെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു. 

വളരെ ചെറിയ രൂപത്തിൽ മാത്രമാണ് മരുന്നുകളും നൽകിയിരുന്നത്. എന്നിട്ടും ഡോക്ടർ ജനമനസ്സിൽ ജീവിച്ചു. ഡോക്ടറെ കണ്ട് അദ്ദേഹത്തിന്റെ ചികിത്സ തേടിയാൽ തന്നെ ആശ്വാസമായി എന്ന് കരുതുന്നവരായിരുന്നു ഭൂരിപക്ഷവും.

60 കൊല്ലത്തോളം നീണ്ട തന്റെ സേവന കാലയളവിൽ 20 ലക്ഷത്തിലേറെ രോഗികളെ ചികിത്സിച്ചു എന്നാണ് കണക്ക്. 'ചികിത്സിച്ചു' എന്ന വാക്കിന് പകരം 'അവർക്ക് ആത്മവിശ്വാസം പകർന്നു നൽകി' എന്ന് പറയുന്നതാവും കൂടുതൽ ശരി.

ജീവിതകാലം മുഴുവൻ രണ്ട് രൂപ ഫീസ് വാങ്ങിയ കണ്ണൂരിന്റെ ഈ 'രണ്ട് രൂപ ഡോക്ടർക്ക്' ദേശീയ പുരസ്കാരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും, അതിലും മേലെയുള്ള പുരസ്കാരമാണ് ജനമനസ്സിൽ ജീവിച്ചിരിക്കുക എന്നത്. ഡോക്ടറെ കാലം വാഴ്ത്തുക കേവലം ബഹുമതികൾ വഴിയല്ല, മറിച്ച് സൽകർമ്മങ്ങൾ ആണ്. 

ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്ത കർമ്മം വരും തലമുറ ഹൃദയത്തിൽ ഏറ്റുപാടുകയാണെങ്കിൽ ആ വ്യക്തിയുടെ ജീവിതം വിജയമാണ്. അങ്ങനെയാണെങ്കിൽ അംഗീകാരങ്ങൾക്കപ്പുറം ഡോക്ടർ നയിച്ച സേവന ജീവിതം ഏവർക്കും പാഠമാണ്. പൂർണ്ണമായും വിജയവുമാണ് അദ്ദേഹത്തിന്റെ മഹനീയ ജീവിതം.

ഈ കാലഘട്ടത്തിൽ ഡോക്ടർ രൈരു ഗോപാലിനെപ്പോലെയുള്ളവരുടെ പ്രസക്തി എത്രത്തോളമാണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.  

Article Summary: Dr. Rairu Gopal, 'Two Rupee Doctor', from Kannur passes away.

#DrRairuGopal #Kannur #TwoRupeeDoctor #Obituary #KeralaDoctor #Humanitarian

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia