ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാനുള്ള യാത്ര ദുരന്തമായി മാറി; കൂടാളി വാഹനാപകടത്തിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം
ADVERTISEMENT
● അപകടം നടന്നത് ജൂലൈ 10 വെള്ളിയാഴ്ച രാത്രി 11.20-ന്
● തൃശൂർ സ്വദേശിയായ ഒരാളുടെ നില ഗുരുതരം
● കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്
കണ്ണൂർ: (KVARTHA) കണ്ണൂർ - മട്ടന്നൂർ റോഡിലെ കൂടാളി കുംഭത്ത് വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ബംഗ്ളൂരിൽ നിന്ന് കണ്ണൂരിലേക്ക് വന്ന സുഹൃത്തുക്കൾ സഞ്ചരിച്ച യുപി രജിസ്ട്രേഷൻ ഹോണ്ട സിറ്റി കാറാണ് റോഡരികിലെ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. ജൂലൈ 10 വെള്ളിയാഴ്ച രാത്രി 11.20-നാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ അപകടസ്ഥലത്തുവെച്ചും മൂന്ന് പേർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
മരിച്ചത് നാല് വിദ്യാർഥികൾ
കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീൻ്റെയും ഷംന സിറാജിൻ്റെയും മകൻ ഷാൻ സിറാജ് (21), നീലേശ്വരം മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശി റിസ്വാൻ (21), ന്യൂഡൽഹി സ്വദേശി പരം ഛേത്രി (21), ഹൈദരാബാദ് സ്വദേശി ഹർഷ് സതൂരി (21) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആദിത്യ കൃഷ്ണദീപിനെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച എല്ലാവരും ബംഗ്ളൂരിൽ ബിഎംഎസ് കോളജിൽ നിന്ന് ബി ടെക് എയറോ സ്പേസ് ബിരുദം പൂർത്തിയാക്കിയവരാണ്. പരം ഛേത്രിയാണ് കാർ ഓടിച്ചിരുന്നത്.
കാർ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തനം
അടുത്ത ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ അലവിൽ സ്വദേശിയായ ഷാൻ തൻ്റെ കൂട്ടുകാരുമൊത്ത് നാട്ടിലേക്ക് വരികയായിരുന്നു. വൈകീട്ട് ബംഗ്ളൂരിൽ നിന്ന് പുറപ്പെട്ട സംഘം വീട്ടിലെത്താൻ അര മണിക്കൂർ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ വഴിയരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മട്ടന്നൂർ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അഞ്ച് പേരെയും പുറത്തെത്തിച്ചത്. കനത്ത മഴയും അമിതവേഗതയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രിയിലും ഒരാളുടെ മൃതദേഹം ജില്ലാ ആശുപത്രിയിലുമാണുള്ളത്.
പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Four youths died and one was critically injured when their car crashed into a tree at Koodali on the Kannur-Mattannur road on Friday night (July 10, 2026). The victims, engineering graduates from a college in Bengaluru, were traveling to Kannur to attend a wedding.
#KannurAccident #KoodaliAccident #KeralaNews #TragicAccident #BengaluruStudents #KeralaPolice #AmmuNews
