John Paul | എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്: നിര്‍മാതാവ് ജോളി ജോസഫ്
Apr 25, 2022, 11:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) മലയാള സിനിമയുടെ തീരാനഷ്ടമാണ് പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ ജോണ്‍ പോളിന്റെ അന്ത്യം. വ്യക്തിതാത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ, സിനിമയെന്ന കലയെ സ്‌നേഹിച്ചുവന്ന അദ്ദേഹം അവസാന നാളുകളില്‍ നേരിട്ട അവസ്ഥ ഏറ്റവും അടുത്തുനിന്നും അറിഞ്ഞ ആളാണ് അദ്ദേഹത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ ജോളി ജോസഫ്.
ഇപ്പോഴിതാ, ജോണ്‍ പോളിനുണ്ടായ ദുരനുഭവം പറഞ്ഞ് ഫേസ്ബുക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ജോളി ജോസഫ്. വീട്ടിലെ കട്ടിലില്‍നിന്ന് താഴെ വീണ ജോണ്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ നിരവധി ആംബുലന്‍സുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ജോളി ജോസഫ് പറഞ്ഞു.
'ജോണ്‍ പോള്‍ സര്‍ മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്' എന്ന് കുറിച്ചു കൊണ്ടാണ് ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍.
രാത്രി എട്ടു മണിയോടെ കട്ടിലില്‍നിന്നു വീണ അദ്ദേഹത്തെ ഒടുവില്‍, പൊലീസിന്റെയും മറ്റും സഹായത്തോടെ കട്ടിലിലേക്ക് എടുത്തുകിടത്തുമ്പോള്‍ സമയം വെളുപ്പിന് രണ്ടുമണി കഴിഞ്ഞിരുന്നു. അത്രയും നേരം ആ അവസ്ഥയില്‍ അദ്ദേഹം തറയിലെ തണുപ്പില്‍ കിടന്നു. ആ സംഭവം വലിയ ആഘാതമാണ് അദ്ദേഹത്തിന് ഉണ്ടാക്കിയതെന്നും ജോളി ജോസഫ് കുറിച്ചു.
ജോളി ജോസഫിന്റെ ഫേസ്ബുക് കുറിപ്പ്:
എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് !
കഴിഞ്ഞ ജനുവരി 21 ന് പ്രശസ്ത സംവിധായകന്‍ വൈശാഖിന്റെ 'മോണ്‍സ്റ്റര്‍' എന്ന സിനിമയില്‍ ഒരു ചെറിയ പ്രത്യേക തരം വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരുന്നു... ഒരുപാട് ആളുകള്‍ ഉള്ള ഒരു രാത്രി മാര്‍കറ്റ് ആയിരുന്നു മട്ടാഞ്ചേരിയില്‍ സെറ്റിട്ടത്.. കഥാപാത്രത്തിന്റെ വേഷവിധാനങ്ങളോടെ നിന്ന എന്നെ ജോണ്‍ സാറ് വളരെ പ്രയാസത്തോടെ പരവേശത്തോടെ ഏകദേശം എട്ട് മണിയോടെ ഫോണില്‍ വിളിച്ചു
'അത്യാവശ്യമായി വീട്ടിലേക്ക് വരണം, കട്ടിലില്‍ നിന്നും ഞാന്‍ താഴെ വീണു, എനിക്ക് ഒറ്റയ്ക്ക് എണീക്കാന്‍ പറ്റില്ല... ആരെയെങ്കിലും കൂടെ വിളിച്ചോളൂ...' എന്റെ സങ്കടങ്ങള്‍ കേള്‍ക്കുന്ന ഗുരുസ്ഥാനീയനായ ജോണ്‍ സാറിന്റെ സങ്കടം എനിക്ക് കൃത്യമായി മനസ്സിലായി.
ഏകദേശം ഇരുനൂറോളം ആളുകളെ പങ്കെടിപ്പിച്ചിട്ടുള്ള ഷൂടിംഗ് ലൊകേഷനില്‍ നിന്നും യാതൊരു കാരണവശായാലും എനിക്കൊഴിയാനാകില്ലെന്നറിഞ്ഞു ഞാന്‍ പെട്ടെന്ന് ആത്മസുഹൃത്തും നടനുമായ കൈലാഷിനെ വിളിച്ചു... ! ജയരാജ് സാറിന്റെ പടത്തിലെ ഷൂടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ കൈലാഷ് കുടുംബവുമായി അത്താഴം കഴിക്കാന്‍ പുറത്തെത്തേക്കിറങ്ങിയ സമയത്താണ് എന്റെ വിളി... ഉടനെ അവന്‍ കുടുംബവുമായി ജോണ്‍ സാറിന്റെ വീട്ടിലേക്ക് കുതിച്ചു....
ഞാന്‍ ഫോണില്‍ ജോണ്‍ സാറിനോട് സംസാരിച്ചു സമാധാനിപ്പിച്ചുകൊണ്ടിരുന്നു... വെറും ഇരുപതു മിനിറ്റുകൊണ്ട് അവര്‍ സാറിന്റെ വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ നിന്നും വീണ് തണുത്ത നിലത്തുകിടക്കുന്ന സാറിനെ ഉയര്‍ത്താനുള്ള വഴികള്‍ നോക്കി.... പക്ഷെ ദേഹഭാരമുള്ള സാറിനെ ഉയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചില്ല...!
ഉടനെ അവര്‍ ഒട്ടനവധി ആംബുലന്‍സുകാരെ വിളിച്ചു, പക്ഷെ അവര്‍ ഇങ്ങിനെയുള്ള ജോലികള്‍ ചെയ്യില്ലത്രേ, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാത്രമേ അവര്‍ വരികയുള്ളൂ എന്നാണ് മറുപടി കിട്ടിയത്. ഒരല്പം ഭയന്നിരുന്ന സാറിന്റെ അരികില്‍ ബെഡ് ഷീറ്റുകളും തലയിണകളുമായി കൈലാഷ് കൂട്ടിനിരുന്നപ്പോള്‍, അവന്റെ ഭാര്യ ദിവ്യ എറണാകുളത്തുള്ള എല്ലാ ഫയര്‍ ഫോഴ്സുകാരെയും വിളിച്ചു കാര്യം പറഞ്ഞു കൊണ്ടിരുന്നു.... അവരുടെ മറുപടി
'ഇത്തരം ആവശ്യങ്ങള്‍ക്ക് ആംബുലന്‍സുകാരെ വിളിക്കൂ, ഞങ്ങള്‍ അപകടം ഉണ്ടായാല്‍ മാത്രമേ വരികയുള്ളൂ' എന്നായിരുന്നു...!
പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ടപ്പോള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ രണ്ടു ഓഫീസര്‍മാര്‍ വീട്ടിലെത്തി... പക്ഷെ നാല് പേര് ചേര്‍ന്നാലും ഒരു സ്ട്രെചര്‍ ഇല്ലാതെ സാറിനെ ഉയര്‍ത്തുക അപകടമുള്ള പ്രയാസമായ കാര്യമായതിനാല്‍ പൊലീസ് ഓഫീസര്‍മാരും ആംബുലന്‍സുകാരെയും ഫയര്‍ ഫോഴ്സിനെയും വിളിച്ചു... പക്ഷെ ആരും തിരിഞ്ഞു നോക്കിയില്ല, എല്ലാവരും നിരാശരായി, സമയം പോയിക്കൊണ്ടിരുന്നു .. അതിനിടയില്‍ അവിടെ വന്ന പൊലീസുകാര്‍ മടങ്ങിപ്പോയി...!
തണുത്ത നിലത്ത് കിടന്ന സാറിന്റെ ദേഹം മരവിക്കാന്‍ തുടങ്ങി, കയ്യില്‍ കിട്ടിയ തുണികളും ഷീറ്റുകളുമായി കൈലാഷ് സാറിനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. ദിവ്യ വീണ്ടും ആംബുലന്‍സുകാരെയും ഫയര്‍ഫോഴ്സുകാരെയും കെഞ്ചി വിളിച്ചുകൊണ്ടിരുന്നു, ആരും വന്നില്ല എന്നതാണ് സത്യം. അതിനിടയില്‍ കൈലാഷിന്റെ വിളിയില്‍ നടന്‍ ദിനേശ് പ്രഭാകര്‍ പാഞ്ഞെത്തി.
കുറേ കഴിഞ്ഞപ്പോള്‍ പാലാരിവട്ടം സ്റ്റേഷനിലെ നല്ലവരായ ആ ഓഫീസര്‍മാര്‍ എറണാകുളം മെഡികല്‍ സെന്ററിലെ ഒരു ആംബുലന്‍സുമായി വന്നു... പിന്നെ എല്ലാവരുടെയും സഹായത്തോടെ വളരെ കഷ്ടപ്പെട്ട് സാറിനെ കട്ടിലിലേക്ക് കിടത്തുമ്പോള്‍ സമയം രണ്ട് മണി വെളുപ്പ് ആയിരുന്നു.
അന്നത്തെ ആഘാതം സാറില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചെറുതല്ല. അവിടെ നിന്നും തുടങ്ങിയ ഓരോരോ പ്രശ്‌നങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ മൂന്നു ആശുപത്രികള്‍ സാമ്പത്തീക ബുദ്ധിമുട്ടുകള്‍.. ആദരണീയനായ സാനു മാഷിന്റെ സ്വന്തം കൈപ്പടയിലെ എഴുത്തുമായി ഞാനും കൈലാഷും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി അത്യാവശ്യം സഹായങ്ങള്‍ ലഭിച്ചെങ്കിലും എല്ലാം വിഫലം, അദ്ദേഹം വിട്ടുപിരിഞ്ഞുപോയീ...!
'നമുക്ക് എന്തെങ്കിലും ചെയ്യണം' ജോണ്‍ സാറ് എന്നോട് അവസാനമായി പറഞ്ഞതാണ്... അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു... എനിക്കും നിങ്ങള്‍ക്കും വയസാകും, നമ്മള്‍ ഒറ്റക്കാകും എന്ന് തീര്‍ച്ച. ഒരത്യാവശ്യത്തിന് ആരെയാണ് വിളിക്കേണ്ടത്? ആരാണ് വിളി കേള്‍ക്കുക, സഹായിക്കുക.. നമുക്കെല്ലാവര്‍ക്കും ചിന്തിക്കണം പ്രവര്‍ത്തിക്കണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ നാമധേയത്തില്‍, അധികാരികള്‍ ഉണ്ടായാലും ഇല്ലെങ്കിലും ഒരു കൈസഹായ പദ്ധതി ഉടനെ ആവിഷ്‌കരിക്കണം....!
എന്റെ അനുഭവങ്ങളും കഥകളും സങ്കടങ്ങളും കേള്‍ക്കാന്‍, എന്നെ ശാസിക്കാന്‍ ഒരുപാട് യാത്രകള്‍ക്ക് കൂടെയുണ്ടായിരുന്ന സാറ് ഇനി ഉണ്ടാവില്ലെന്നത് എന്നെ കരയിപ്പിക്കുന്നു. അന്തരിക്കുമ്പോള്‍ അനുശോചനം അറിയിക്കാന്‍ ആയിരങ്ങളേറെ, ആവശ്യത്തിന് അര ആളുപോലും ഇല്ലാത്ത ഒരവസ്ഥ ഇനി ആര്‍ക്കും ഉണ്ടാകരുത്... ! എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്.. !
Keywords: News,Kerala,State,Top-Headlines,Death,Obituary,Facebook,Social-Media,Entertainment,Cinema,Actor,Police,hospital, Jolly Joseph post about late screenwriter John Paul
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

