Obituary | താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഗിറ്റാറിസ്റ്റ് അജയൻ വിടവാങ്ങി
● പാലക്കാട് പറളി സ്വദേശിയായ അജയൻ കണ്ണൂർ പൂക്കോത്ത് തെരുവിൽ വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്.
● അജയന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൂക്കോത്ത് തെരു വെജ്‌ക്കോ ഓഫീസിന് സമീപം പൊതുദർശനത്തിന് വയ്ക്കും.
കണ്ണൂർ: (KVARTHA) ഗിറ്റാറിസ്റ്റ് കെ എ അജയൻ (63) നിര്യാതനായി. ഞായറാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. തളിപ്പറമ്പ് പി ഡബ്‌ള്യു ഡി റോഡ്‌സ് ആൻഡ് ബില്‍ഡിംഗ്‌സ് വിഭാഗത്തിൽ ഹെഡ് ക്ലർക്കായിരുന്ന അജയൻ ഗിറ്റാർ വാദനത്തിലൂടെയാണ് പ്രശസ്തി നേടിയത്.
പാലക്കാട് പറളി സ്വദേശിയായ അജയൻ കണ്ണൂർ പൂക്കോത്ത് തെരുവിൽ വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ക്വാർട്ടേഴ്‌സിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ നാട്ടുകാർ 108 ആംബുലൻസിൽ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.
അജയന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൂക്കോത്ത് തെരു വെജ്‌ക്കോ ഓഫീസിന് സമീപം പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം ഉച്ചക്ക് 12.30 ന് പട്ടപ്പാറ ശ്മശാനത്തിൽ സംസ്‌കാരം നടക്കുന്നതാണെന്ന് പൂക്കോത്ത് തെരു കൗൺസിലർ കെ രമേശൻ അറിയിച്ചു.
അവിവാഹിതനായ അജയൻ, പരേതരായ അരവിന്ദാക്ഷൻ-കനകാംബുജം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അജിത്ത് (റിട്ട: ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, മലമ്പുഴ) അനിൽ (ലാല്‍ നഗർ, പാലക്കാട്).
#KAajayan, #Guitarist, #Kannur, #Music, #Obituary, #Kerala