Obituary | പുതുച്ചേരി മുൻ മുഖ്യമന്ത്രി എം ഡി ആർ രാമചന്ദ്രൻ അന്തരിച്ചു
● മുൻ മുഖ്യമന്ത്രി വെങ്കിടസുബ്ബ റെഡ്ഡിക്കെതിരെ മത്സരിച്ച് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു.
● പുതുച്ചേരിയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് നിരവധി തവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
● പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മുഖ്യമന്ത്രി എൻ രംഗസാമി അറിയിച്ചു.
പുതുച്ചേരി: (KVARTHA) മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ എംഡിആർ രാമചന്ദ്രൻ (90) അന്തരിച്ചു. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. പുതുച്ചേരി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മുഖ്യമന്ത്രി എൻ രംഗസാമി അറിയിച്ചു.
1969-ൽ പുതുച്ചേരിയിലെ നെട്ടപ്പാക്കം മണ്ഡലത്തിൽ നിന്ന് ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചുകൊണ്ടാണ് രാമചന്ദ്രൻ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. മുൻ മുഖ്യമന്ത്രി വെങ്കിടസുബ്ബ റെഡ്ഡിക്കെതിരെ മത്സരിച്ച് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങി ഏഴ് തവണ എംഎൽഎയായി തെരഞ്ഞെടുപ്പെട്ടിരുന്നു.
രണ്ട് തവണ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ഭരണ കാലാവധി തികയ്ക്കുന്നതിന് മുമ്പ് രാജിവയ്ക്കേണ്ടി വന്നിരുന്നു. 1980 ജനുവരി 16 മുതൽ 1983 ജൂൺ 23 വരെയും 1990 മാർച്ച് 8 മുതൽ 1991 മാർച്ച് 2 വരെയും അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
2000-ൽ കോൺഗ്രസിൽ ചേർന്ന രാമചന്ദ്രൻ, 2001-ൽ പുതുച്ചേരി നിയമസഭാ സ്പീക്കറായും 2006-ൽ പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറായും പ്രവർത്തിച്ചു. പുതുച്ചേരിയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് നിരവധി തവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
#MDRRamachandran #Puducherry #IndianPolitics #Congress #PuducherryCM #Obituary