Oommen Chandy | ജനനായകന്‍ ഇനി ഓര്‍മ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു; സംസ്‌കാരം പുതുപ്പള്ളിയില്‍

 


ബെംഗ്‌ളൂറു: (www.kvartha.com) മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി (79)  ബെംഗ്‌ളൂറില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. അര്‍ബുദ ബാധിതനായിരുന്നു. ബെംഗ്‌ളൂറിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് അര്‍ബുദം ബാധിച്ചത്. സംസ്ഥാന സര്‍കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍ സംഘമായിരുന്നു ചികിത്സിച്ചത്. 

രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുലര്‍ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്‌കാരം പുതുപ്പള്ളിയില്‍. പൊതു ദര്‍ശനമടക്കമുള്ള കാര്യങ്ങള്‍ പാര്‍ടി തീരുമാനിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു. രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാല്‍ രാജ്യത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗ്‌ളൂറിലുണ്ട്. 

2004-06, 2011-16 കാലങ്ങളില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.

2004ലാണ് ഉമ്മന്‍ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് എ കെ ആന്റണി രാജിവെച്ചതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. 

1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച് വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും 1991-ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ സര്‍കാറിനെ ഉമ്മന്‍ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഭരണത്തിന്റെ അവസാന നാളുകളില്‍ സോളാര്‍, ബാര്‍ വിവാദം സംസ്ഥാനത്തെ പിടിച്ചുലച്ചു.  

ഏത് രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടയിലും അടിപതറാതെ നിന്ന ഉമ്മന്‍ചാണ്ടി രാഷ്ട്രീയതന്ത്രങ്ങളിലൂടെത്തന്നെയാണ് പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളെ ഒതുക്കിയതും ഒപ്പംനില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തിയതും. രാഷ്ട്രീയത്തില്‍ മുന്നേറാന്‍ കിട്ടിയ ഒരു അവസരവും ഉമ്മന്‍ചാണ്ടി പാഴാക്കിയില്ല. തിരിച്ചടി നേരിട്ടപ്പോഴാകട്ടെ തന്ത്രപൂര്‍വം ഒതുങ്ങിനിന്ന് അടുത്ത അവസരത്തിനായി കാത്തുനിന്ന ജനനായകന് വിട.

Oommen Chandy | ജനനായകന്‍ ഇനി ഓര്‍മ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു; സംസ്‌കാരം പുതുപ്പള്ളിയില്‍


Keywords: News,Kerala, Kerala-News, Obituary, Obituary-News, Oommen Chandy, Former Kerala CM, Passes Away, Former Kerala CM Oommen Chandy passes away.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia