Obituary | കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ സത്യൻ വണ്ടിച്ചാൽ നിര്യാതനായി


● ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
● സംസ്കാരം ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.
കണ്ണൂർ: (KVARTHA) ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ (65) നിര്യാതനായി. നടാൽ വായനശാലയ്ക്ക് സമീപമുള്ള വസന്തം എന്ന വസതിയിലായിരുന്നു അന്ത്യം. പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ഫോക്ക്ലോർ അക്കാദമി മുൻ സിക്രട്ടറി, പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.യു.സി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് യു.പി. സ്കൂൾ വികസന സമിതി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതരായ വണ്ടിച്ചാലി നാണു മാസ്റ്റരുടെയും, യശോദയുടെയും മകനാണ് സത്യൻ വണ്ടിച്ചാൽ. ഭാര്യ: സുചിത്ര (റിട്ട. കേരള ബാങ്ക്). മക്കൾ: ഐറിന (സിനിമ - സീരിയൽ ആർട്ടിസ്റ്റ്), സാഗർ (ടൊയോട്ട, വളപട്ടണം). മരുമകൻ: അഖിലേഷ് (കോൺട്രാക്ടർ).
പൊതുദർശനം ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ 11 മണി വരെ നടാൽ വായനശാലയ്ക്ക് സമീപമുള്ള വീട്ടിലും, 11 മണി മുതൽ 11.30 വരെ മുഴപ്പിലങ്ങാട് കുളം ബസാറിലും, 12 മണിക്ക് കണ്ണൂർ ഡി.സി.സി. ഓഫീസിലും നടക്കും. സംസ്കാരം ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.
#SathyanVandichal #CongressLeader #KannurPolitics #KeralaNews #Obituary #PoliticalLeader