SWISS-TOWER 24/07/2023

പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ അന്തരിച്ചു

 


പെരുമ്ബാവൂര്‍: (www.kvartha.com 09.10.2018) പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യം. ശാസ്ത്രചിന്തയും കാവ്യഭംഗിയും ഒത്തിണങ്ങിയ കവിതകളിലൂടെ ശ്രദ്ധേയനായ കവിയാണ് പി മധുസൂദനന്‍. വളയന്‍ചിറങ്ങര അരിമ്പാശേരി വീട്ടില്‍ ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് കെ പി പടനായരുടേയും ശാന്തയുടേയും മകനാണ്. ശ്രീമൂലനഗരം ഹൈസ്‌കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി റിട്ടയര്‍ ചെയ്തു. ഭാര്യ: ശ്രീകല. മകള്‍: നന്ദന. മകന്‍: ശ്രീജിത്ത്.

കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താനുതകുന്നതായിരുന്നു അദ്ദേഹത്തിന്റെ കുഞ്ഞുകവിതകള്‍. പ്രപഞ്ചവും കാലവും, അതിന്നുമപ്പുറമെന്താണ്?, മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം നേടിയ 'അതിന്നുമപ്പുറമെന്താണ്' എന്ന കവിത യുപി വിഭാഗം മലയാള പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂര്‍ മേഖല കമ്മിറ്റി അംഗം കൂടിയാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പരിഷത്ത് കലാജാഥകളിലെ കവിതകളും പാട്ടുകളും ഏറെയും മാഷിന്റേതായിരുന്നു. ബാലസംഘത്തിന്റെ പരിപാടികളിലും മധു മാസ്റ്റര്‍ സജീവ സാന്നിധ്യമായിരുന്നു.

മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് വളയന്‍ചിറങ്ങര വിഎന്‍കെപി വായനശാലയില്‍ പൊതുദര്‍ശനത്തിനുവെക്കും. സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് പെരുമ്പാവൂരിനടുത്തുള്ള ഒക്കലിലെ വീട്ടുവളപ്പില്‍ നടക്കും.

പ്രശസ്ത ബാലസാഹിത്യകാരന്‍ പി മധുസൂദനന്‍ അന്തരിച്ചു


Keywords:  Kerala, Perumbavoor, Ernakulam, News, Death, Obituary, Poet, Famous Poet P Madhusoodhanan Nair passed away 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia