അരനൂറ്റാണ്ടോളം രണ്ടുരൂപ ഫീസ് വാങ്ങി പാവപ്പെട്ടവരുടെ ആശ്രയമായി; ഡോക്ടർ രൈരു ഗോപാൽ വിടവാങ്ങി


● വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
● കണ്ണൂർ താണ മാണിക്കക്കാവിന് സമീപമായിരുന്നു അദ്ദേഹത്തിന്റെ ക്ലിനിക്ക്.
● പരേതരായ ഡോ. എ.ജി. നമ്പ്യാരും എ.കെ. ലക്ഷ്മിക്കുട്ടിയമ്മയുമാണ് മാതാപിതാക്കൾ.
● സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.
കണ്ണൂർ: (KVARTHA) കണ്ണൂരിന്റെ ജനകീയ ഡോക്ടർ താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗികളിൽനിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള.

മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.
കൈപ്പുണ്യവും കാരുണ്യവും കൊണ്ട് കണ്ണൂരിന്റെ മനസ്സു കീഴടക്കിയ ജനകീയ ഡോക്ടർ രൈരു ഗോപാലന് കണ്ണീരോടെ യാത്രാമൊഴി
കണ്ണൂർ: കണ്ണൂരിന്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ. രൈരു ഗോപാലന് കണ്ണൂർ യാത്രാമൊഴി നൽകി. ഞായറാഴ്ച ഉച്ചയോടെ പയ്യാമ്പലത്ത് വെച്ചായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്.
കണ്ണൂരിലെ തലമുറകളുടെ രോഗാവസ്ഥകളെ കൈപ്പുണ്യവും കാരുണ്യവും കൊണ്ട് മാറ്റിയെടുത്ത ഡോക്ടറെ അവസാനമായി ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് താണയിലെ കണ്ണൂക്കര ക്ഷേത്രത്തിന് സമീപമുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
'പാവങ്ങളുടെ അത്താണിയായ ജനകീയ ഡോക്ടർ' എന്നാണ് രൈരു ഗോപാലൻ ഡോക്ടർ അറിയപ്പെട്ടിരുന്നത്. 50 വർഷത്തോളം വെറും രണ്ട് രൂപ മാത്രമായിരുന്നു അദ്ദേഹം ഫീസായി വാങ്ങിയിരുന്നത്. പിന്നീട് ഇത് പത്ത് രൂപയായി ഉയർത്തി. സാധാരണക്കാരുടെ ആശ്രയമായിരുന്നു ഡോക്ടറും അദ്ദേഹത്തിന്റെ ക്ലിനിക്കും.
പുലർച്ചെ 4 മണി മുതൽ വൈകീട്ട് 4 മണി വരെ ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ 6 മുതൽ വൈകീട്ട് 4 വരെയാക്കി. കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ചികിത്സയ്ക്കായി ഇവിടെ എത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും നിരവധി രോഗികൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
തന്റെ സേവനകാലയളവിൽ 18 ലക്ഷം രോഗികളെ പരിശോധിക്കുകയും മരുന്ന് നൽകുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ‘പണമുണ്ടാക്കാനാണെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതി’ എന്നായിരുന്നു രൈരു ഗോപാലന് അച്ഛൻ ഡോ. എ. ഗോപാലൻ നമ്പ്യാർ നൽകിയ ഉപദേശം.
ഈ ഉപദേശമാണ് പരിശോധനാ ഫീസ് തുച്ഛമാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിലക്കുറവുള്ളതും എന്നാൽ ഗുണമേന്മയുള്ളതുമായ മരുന്നുകളാണ് ഡോക്ടർ കുറിച്ചിരുന്നത്. ‘ഇങ്ങനെയൊരു ഡോക്ടർ ഇനി ഉണ്ടാകില്ല’ എന്ന് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവർ വിതുമ്പിപ്പറഞ്ഞു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എം.എൽ.എ., മുൻ മന്ത്രി ഇ.പി. ജയരാജൻ, മുൻ മേയർ ടി.ഒ. മോഹനൻ, മേയർ മുസ്ലിഹ് മടത്തിൽ, സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് തുടങ്ങിയ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
Updated..
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Dr. Rairu Gopal, 'two-rupee doctor' of Kannur, passes away.
#DrRairuGopal #Kannur #TwoRupeeDoctor #KeralaNews #Obituary #RIP