

● അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രം പ്രചരിപ്പിച്ചു.
● മഹാവിസ്ഫോടന സിദ്ധാന്തത്തിന് ബദൽ നിർദ്ദേശിച്ചു.
● പ്രപഞ്ചത്തിന് തുടക്കമോ അവസാനമോ ഇല്ലെന്ന് വാദിച്ചു.
● സ്റ്റീഫൻ ഹോക്കിംഗുമായി സംവാദങ്ങൾ നടത്തി.
● ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ ജേതാവ്.
● പുണെയിലെ IUCAA-യുടെ സ്ഥാപക ഡയറക്ടർ.
ഭാമനാവത്ത്
(KVARTHA) ശാസ്ത്രത്തെ സാധാരണക്കാരിലെത്തിച്ച അത്ഭുത പ്രതിഭയാണ് ഡോ. ജയന്ത് നാർലികർ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂടി നിൽക്കുന്ന ഭാരതത്തിൽ ശാസ്ത്രത്തിൻ്റെ വെളിച്ചമെത്തിക്കുന്നതിൽ അദ്ദേഹം ചെറുതല്ലാത്ത പങ്കു വഹിച്ചു. ശാസ്ത്ര പ്രചാരകനെന്ന നിലയിലായിരുന്നു ആ ദൗത്യ പ്രചാരണം.
ഇരുൾ മൂടി നിൽക്കുന്ന ഒരു സമൂഹത്തിൽ ഒരു ചെറു തിരി കത്തിക്കുകയെന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വലിയ സാഹസങ്ങളിലൊന്നായിരുന്നു. ശാസ്ത്രീയത ജന ജീവിതത്തിനാപ്പം ചേർത്തു നിർത്തുകയെന്ന മഹാ ദൗത്യമാണ് ഡോ. ജയന്ത് നാർലികർ നിർവഹിച്ചത്.
മഹാവിസ്‌ഫോടന സിദ്ധാന്തത്തിന് ബദല്‍ നിര്‍ദേശിച്ച ജ്യോതിശാസ്ത്രജ്ഞനായാണ് ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. ജയന്ത് നാര്‍ലികര്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ ശാസ്ത്രവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ജനകീയവത്കരിക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കിയ ജയന്ത് നാര്‍ലികറുടെ വേര്‍പാട് നികത്താനാവാത്ത നഷ്ടമാണ്.
പ്രപഞ്ചത്തിന്റെ ജനനം ഒരൊറ്റ ബിന്ദുവില്‍ നിന്നുള്ള ദ്രവ്യത്തിന്റെ ദ്രുതഗതിയിലുള്ള സ്‌ഫോടനത്തോടെയാണ് ആരംഭിച്ചതെന്ന് പറയുന്ന ബിഗ് ബാങ് സിദ്ധാന്തത്തോട് വിയോജിക്കുന്ന ലോകത്തിലെ ചുരുക്കം ചില പ്രപഞ്ചശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു ജയന്ത് വിഷ്ണു നാര്‍ലികര്‍. തന്റെ ഉപദേഷ്ടാവായ ഫ്രെഡ് ഹോയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അനന്തമായ പ്രപഞ്ചത്തെക്കുറിച്ചുള്ള വേറിട്ട കണ്ടെത്തലുകള്‍ അവതരിപ്പിച്ച നാര്‍ലികര്‍ പ്രപഞ്ചത്തിന് തുടക്കമോ അവസാനമോ ഇല്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതുസംബന്ധിച്ച് നാര്‍ലികര്‍ സ്റ്റീഫന്‍ ഹോക്കിങുമായി നടത്തിയ സംവാദങ്ങള്‍ പ്രസിദ്ധമാണ്.
ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ജേതാവായ നാര്‍ലികര്‍ ശാസ്ത്രത്തെ സാധാരണ ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്നാണ് പ്രസിദ്ധനായത്.
1938 ജൂലൈ 19 ന് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ജനിച്ച പ്രൊഫ. നാര്‍ലികര്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലൂടെ കേംബ്രിഡ്ജിലെത്തി. ഗണിതശാസ്ത്രത്തിലെ കേംബ്രിഡ്ജ് ബിരുദങ്ങള്‍ക്കു ശേഷം ജ്യോതിശാസ്ത്രത്തില്‍ പ്രത്യേകം പ്രാവീണ്യം നേടി.
പ്രശസ്ത ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ ഉള്‍പ്പടെയുള്ളവരുടെ ഗവേഷണ വഴികാട്ടി കൂടിയായിരുന്നു ജയന്ത് നാര്‍ലികര്‍. അനവധിയായ പ്രബന്ധങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സയന്‍സ് ഫിക്ഷന്‍ പുസ്തകങ്ങളിലൂടെയും ഇന്ത്യയില്‍ ശാസ്ത്രത്തെ ജനപ്രിയമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ശാസത്രജ്ഞന്‍. പ്രത്യേകിച്ച് ജ്യോതിശാസ്ത്രത്തെ ജ്യോതിഷവുമായി ബന്ധപ്പെടുന്ന വിചിത്രമായ അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുന്ന കാലത്ത് വലിയൊരു ആശ്രയമായിരുന്നു അദ്ദേഹത്തിൻ്റെ ഇടപെടലുകൾ.
തൻ്റെ എൺപത്തിയാറാം വയസിലാണ് ജയന്ത് വിഷ്ണു നാര്‍ലികർ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയില്‍ അന്തരിക്കുന്നത്. വളരെ ബൗദ്ധിക സമ്പത്തുണ്ടായിരുന്ന ഒരു കുടുംബത്തിലാണ് അദ്ദേഹത്തിൻ്റെ പിറവി.
1938 ജൂലൈ 19-ന് കോലാപ്പൂരിലാണ് അദ്ദേഹത്തിൻ്റെ ജനനം. പിതാവ് വിഷ്ണു വാസുദേവ് നാര്‍ലികര്‍ ഗണിതശാസ്ത്രജ്ഞനും സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനുമായിരുന്നു. അമ്മ സുമതി നാര്‍ലികര്‍ സംസ്‌കൃത പണ്ഡിതയായിരുന്നു. പിതാവ് വാരണാസി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രൊഫസറും ഗണിതശാസ്ത്രവിഭാഗം മേധാവിയുമായിരുന്നു
ജയന്ത് നാര്‍ലികറുടെ പ്രാഥമിക വിദ്യാഭ്യാസം ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസിലായിരുന്നു. 1957ൽ ഉപരിപഠനത്തിനായി കേംബ്രിഡ്ജിലേക്ക് പോയി. ഗണിതശാസ്ത്ര ട്രൈപ്പോസില്‍ ശ്രദ്ധേയനായ നാര്‍ലികര്‍, സ്റ്റാര്‍ റാംഗ്ലറും ടൈസണ്‍ മെഡലിസ്റ്റും ആയിത്തീര്‍ന്നു. 1963-ൽ പി എച്ച് ഡി നേടി. സ്മിത് പ്രൈസിനും കിംഗ്സ് കോളേജിന്റെ ഫെല്ലോഷിപ്പിനും അർഹനായി.
പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ (IUCAA) സ്ഥാപക ഡയറക്ടറാണ്. ഇന്ത്യയില്‍ ശാസ്ത്രവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ജനകീയവത്കരിക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കി. അദ്ദേഹം നിരവധി അന്താരാഷ്ട്ര- ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.
ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് കുതിക്കുന്ന നമ്മുടെ നാട് കൂടുതൽ ശാസ്ത്രീയതയിൽ ഊന്നിയാണ് മുൻപോട്ടു പോകുന്നത്. ജയന്ത് നാർലികർ പോലെയുള്ള ശാസ്ത്രജ്ഞർ നൽകിയ സംഭാവനകൾ രാജ്യ പ്രയാണത്തിന് കൂടുതൽ പ്രചോദനമാകട്ടെ.
ഡോ. ജയന്ത് നാർലികറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ഈ ലേഖനം പങ്കുവെക്കുക.
Summary: This article pays tribute to Dr. Jayant Narlikar, a renowned astrophysicist and science popularizer, who championed scientific thought against superstition in India. Known for his Steady State theory, he contributed significantly to science education.
#JayantNarlikar, #IndianScience, #Astrophysics, #SciencePopularization, #BigBangTheory, #IndianScientist