Dead body | ദുബൈയിലെ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു


കണ്ണൂര്‍: (KVARTHA) ദുബൈയില്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ മലപ്പട്ടം അടുവാപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ദുബൈ ഖിസൈസിലെ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച കളത്തിലെ വളപ്പില്‍ സജിത്തിന്റെ ഭൗതിക ശരീരമാണ് എംബസിവഴി സ്വദേശത്തേക്ക് എത്തിച്ചത്.
ദുബൈയിലെ സ്ഥാപനത്തില്‍ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്ന സജിത്ത് ഒരാഴ്ച മുന്‍പാണ് ഏഴാമത്തെ നിലയില്‍ നിന്നും വീണുമരിച്ചത്. വെളളിയാഴ്ച രാവിലെ എട്ടുമണിക്ക് അടുവാപുറത്തെത്തിച്ച ഭൗതിക ശരീരം മീത്തലെക്കണ്ടി ഒ എന്‍ വി സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ചു.
തുടര്‍ന്ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും. അടുവാപ്പുറത്തെ പരേതനായ കളത്തില്‍ വളപ്പില്‍ നാരായണന്റെയും രോഹിണിയുടെയും മകനാണ് സജിത്ത്. ഭാര്യ: തീര്‍ത്ഥന അഴീക്കോട്. മക്കള്‍: ആരവ് സായ്, അയ്റ സായ്. സഹോദരങ്ങള്‍: ശശിധരന്‍, റീന, ഷിനോജ്, റീജ.