SWISS-TOWER 24/07/2023

കമ്മ്യൂണിസ്റ്റ് നേതാവ് ബി.വി കക്കില്ലായ അന്തരിച്ചു

 


കമ്മ്യൂണിസ്റ്റ് നേതാവ് ബി.വി കക്കില്ലായ അന്തരിച്ചു
മംഗലാപുരം: തുളുനാട്ടിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളും സി.പി.ഐ നേതാവുമായ ബി.വി കക്കില്ലായ അന്തരിച്ചു. 92 വയസ്സായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് മംഗലാപുരത്ത് സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് മെയ് 21നാണ് കക്കില്ലായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാസര്‍കോട് ചെര്‍ക്കള, മേനത്തെ ജന്മികുടുംബത്തില്‍ പിറന്ന പരേതന്‍ ജീവിതകാലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരിന്നു. 1919 ഏപ്രില്‍ 11ന് ജനിച്ച അദ്ദേഹം മികച്ച വാഗ്മിയും സംഘാടകനും എഴുത്തുകാരനും ബുദ്ധിജീവിയുമായിരുന്നു. എ.ഐ.ടി.യു.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കര്‍ണാടകയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

1952-54 കാലയളവില്‍ രാജ്യസഭാംഗമായും 1970ല്‍ ബണ്ട്വാളില്‍ നിന്ന് കര്‍ണാടക നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1940 മുതല്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലും പങ്കാളിയായിരുന്നു. കര്‍ണാടകയില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതിനുവേണ്ടിയുള്ള ജനകീയമുന്നേറ്റത്തില്‍ അതുല്യമായ പങ്കുവഹിച്ചു.

പരേതയായ അഹല്യയാണ് ഭാര്യ. മംഗലാപുരത്തെ ഡോ. ശ്രീനിവാസ, അമേരിക്ക ഡള്ളാസിലെ ഡോ. വെങ്കിട കൃഷ്ണ, അമേരിക്കയിലെ ഡോ. ഹരീഷ്, ഇംഗ്ലണ്ടിലെ സൈക്കാട്രിസ്റ്റ് സൂര്യനാരായണ എന്നിവര്‍ മക്കളാണ്. കാസര്‍കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജസ്റ്റിസ് യു.എല്‍ ഭട്ടിന്റെ അടുത്ത ബന്ധുവാണ് കക്കില്ലായ.

കക്കില്ലായുടെ നിര്യാണത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനും അനുശോചിച്ചു.

Keywords:  Mangalore, CPI, Leader, Obituary, B V Kakkilaya

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia