Condolence | ചിറക്കല്‍ കോവിലകം പൂയ്യം തിരുനാള്‍ സി കെ വലിയരാജ രവീന്ദ്രവര്‍മ്മ വിയോഗത്തില്‍ അനുശോചന പ്രവാഹം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

 
കണ്ണൂര്‍: (www.kvartha.com) കലാസൗഹൃദയനും ജനകീയനുമായ നാടുനീങ്ങിയ ചിറക്കല്‍ രാജവംശത്തിലെ കണ്ണിക്ക് ശനിയാഴ്ച കണ്ണൂരിലെ ജനാവലി അന്ത്യയാത്രാമൊഴിയേകും. കഴിഞ്ഞ ദിവസം അന്തരിച്ച ചിറക്കല്‍ കോവിലകത്തെ വലിയ രാജ രവീന്ദ്രവര്‍മ്മ മികച്ച കലാസ്നേഹയും നാടകകൃത്തും ഗാനരചയിതാവുമായിരുന്നു.  

ഫോക്ലോര്‍ അകാഡമി ഉള്‍പെടെ അദ്ദേഹത്തെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അരനൂറ്റാണ്ടിന് മുന്‍പ് കണ്ണൂരിലെ ഉത്സവപറമ്പുകളില്‍ വിവിധകലാസമിതികള്‍ അവതരിപ്പിച്ച നൃത്ത സംഗീത നാടകങ്ങള്‍ ഏറെയും രാജയുടെ വിരല്‍തുമ്പില്‍ വിരിഞ്ഞതാണ്.

ചിറക്കല്‍ കോവിലകത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം നാടിന്റെ നന്മകള്‍ക്കായി ഇടപെടുകയും ചെയ്ത വ്യക്തിയാണ്. കലാസാംസ്‌കാരിക രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മതസൗഹാര്‍ദത്തിനും സാമുദായിക മൈത്രിക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. 

പ്രശസ്തമായ ചിറക്കല്‍ ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയത് വലിയരാജയായിരുന്നു. പായലും മാലിന്യങ്ങളും നിറഞ്ഞ് നാശത്തിന്റെ വക്കിലെത്തിയ കുളം നവീകരിക്കണമെന്ന് കണ്ണൂരിലെ ജനങ്ങളുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു. കെ വി സുമേഷ് എം എല്‍ എ ഇതിനായി മുന്‍ കയ്യെടുത്തപ്പോള്‍ രാജകുടുംബമായ അദ്ദേഹം അതിനൊപ്പം നിന്നു. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ചിറയായ ചിറക്കലിന്റെ നവീകരണം യാഥാര്‍ഥ്യമായത്. ഇതോടൊപ്പം ചെറുശേരി സ്മാരക പദ്ധതിക്കും പൂര്‍ണ പിന്‍തുണയാണ് ചിറക്കല്‍ രാജ നല്‍കിയത്. 

ചിറക്കല്‍ രാജവംശത്തിന്റെ പരിധിയിലുളള 38 ക്ഷേത്രങ്ങളുടെ ട്രസ്റ്റിയാണ് ഇദ്ദേഹം. ചിറക്കല്‍ കോവിലകം പൂയ്യം തിരുനാള്‍ സി കെ വലിയരാജ രവീന്ദ്രവര്‍മ്മ (88) കഴിഞ്ഞ കുറെക്കാലമായി വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു. ദേഹാസ്യസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെളളിയാഴ്ച രാവിലെ അന്തരിച്ചത്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വളപട്ടണം പഴയസാരംഗടാകീസിന് സമീപമുളള കോവിലകം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ശനിയാഴ്ച രാവിലെ പത്തരവരെ സ്വവസതിയില്‍ പൊതുദര്‍ശനവും ഉണ്ടായിരിക്കും. 

ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കിളിമാനൂര്‍ കൊട്ടാരത്തില്‍ കെ ആര്‍ രാജ രാജവര്‍മ്മയുടെയും ചിറക്കല്‍ കോവിലകത്തെ ഉമാര്‍ ഓമന തമ്പുരാട്ടിയുടെയും മകനാണ്. മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്നും എം എ ബിരുദം നേടിയ അദ്ദേഹം വളപട്ടണം വെസ്റ്റേണ്‍ ഇന്‍ഡ്യാ പ്ളൈവുഡ്സില്‍ ഫിനാന്‍സ് അകൗണ്ടന്റൊയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ചിറക്കല്‍ ദേവസ്വം ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരികയാണ്. 

ആനുകാലികങ്ങളില്‍ രവീന്ദ്രവര്‍മ്മയുടെ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്‍പത് നൃത്ത നാടകങ്ങള്‍ രചിച്ചതിന് പുറമേ രണ്ട് നൃത്ത നാടകങ്ങള്‍ക്ക് സംഗീതരചനയും നിര്‍വഹിച്ചിട്ടുണ്ട്. രാജ രചിച്ച നൃത്ത നാടകങ്ങള്‍ വിവിധ കലാസമിതികള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ആകാശവാണിയില്‍ നാടക ആര്‍ടിസ്റ്റായി ഒട്ടേറെ പ്രക്ഷേപപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള  സംഗീത നാടക അകാഡമി 2009-ല്‍ഗുരുപൂജാ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 

പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റി കെ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം 2011-ല്‍ രാജയുടെ ആഞ്ജനേയ ഉപദേശം എന്നിവ കവിതയ്ക്ക് ലഭിച്ചു. ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന്റെ മലയാളത്തില്‍ കാവ്യരൂപത്തിലുളള വിവര്‍ത്തനവും 'അന്നും ഇന്നും' എന്ന കവിതാസമാഹാരവുമാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍. 

ചിറക്കല്‍ കോവിലകം ദേവസ്വം ട്രസ്റ്റ് പ്രതിനിധിയായി 20 കൊല്ലത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഫോക്ലോര്‍ അകാഡമിയില്‍ രണ്ടു തവണ അംഗമായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രകലാ അകാഡമിയില്‍ അംഗമാണ്. മലബാറിലെ ദേവസ്വങ്ങള്‍ക്ക് വേണ്ടിയുളള ക്ഷേമനിധിയിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മീയ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന രാജ മികച്ച പ്രഭാഷകന്‍ കൂടിയാണ്. 

ഭാര്യ ശാന്തകുമാരി തമ്പുരാട്ടി (എണ്ണയ്ക്കാട് വടക്കെമഠം കൊട്ടാരം). മക്കള്‍: ഗായത്രിവര്‍മ്മ, ഗംഗാവര്‍മ്മ, ഗോകുല്‍വര്‍മ്മ. മരുമക്കള്‍: പ്രദീപ് കുമാര്‍ വര്‍മ്മ, ആര്‍ വി രവികുമാര്‍, ലക്ഷ്മി വര്‍മ്മ. 

Condolence | ചിറക്കല്‍ കോവിലകം പൂയ്യം തിരുനാള്‍ സി കെ വലിയരാജ രവീന്ദ്രവര്‍മ്മ വിയോഗത്തില്‍ അനുശോചന പ്രവാഹം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ


ചിറക്കല്‍ കോവിലകം വലിയരാജ സി കെ രവീന്ദ്രവര്‍മ്മയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവസാന്നിധ്യവും എഴുത്തുകാരനുമായിരുന്ന രവീന്ദ്രവര്‍മ്മ ഏവരുടെയും സ്നേഹാദരം പിടിച്ചു പറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെ സുധാകരന്‍ എം പി, എം എല്‍ എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പളളി, മാര്‍ഡിന്‍ ജോര്‍ജ്, അബ്ദുല്‍ കരീം ചേലേരി എന്നിവരും വിയോഗത്തില്‍ അനുശോചിച്ചു.

Keywords:  News, Kerala, State, Kannur, Death, Funeral, Obituary, Condolence, CM, Chief Minister, Pinarayi-Vijayan, Chirakal Kovilakam Pooiyam Thirunal CK Valiyaraja Rabindra Varma's funeral with official honors
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia