മുതിർന്ന സിപിഎം നേതാവും സിഐടിയു സംഘാടകനുമായ ബി കെ ഖാദർ നിര്യാതനായി
ADVERTISEMENT
● കെഎസ്‌വൈഎഫ് പായം വില്ലേജ് കമ്മിറ്റി അംഗമായി പ്രവർത്തനമാരംഭിച്ചു
● ചുമട്ടു തൊഴിലാളി യൂണിയൻ സ്ഥാപക നേതാവും പ്രസിഡന്റുമായി പ്രവർത്തിച്ചു
● അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ കലക്ട്രേറ്റ് സമരത്തിൽ പങ്കെടുത്തു മർദനമേറ്റു
● 1970ലെ കള്ളക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഹൈക്കോടതി വെറുതെവിട്ടു
ഇരിട്ടി: (KVARTHA) മുതിർന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും ആയിരുന്ന ബാണത്തുംകണ്ടി ബി കെ ഖാദർ (86) നിര്യാതനായി. കർഷക തൊഴിലാളി യൂണിയൻ നേതാവ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.
സംഘടനാ പ്രവർത്തനവും പദവികളും
അവിഭക്ത കൂത്തുപറമ്പ് താലൂക്ക് കമ്മിറ്റിക്ക് കീഴിൽ കെഎസ്‌വൈഎഫ് പായം വില്ലേജ് കമ്മിറ്റി അംഗമായി പ്രവർത്തനമാരംഭിച്ചു. മാടത്തിൽ ടൗണിൽ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. സിപിഎം പായം ലോക്കൽ കമ്മിറ്റി അംഗം, ദീർഘകാലം കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം, മട്ടന്നൂർ, ഇരിട്ടി ഏരിയാ സെക്രട്ടറി, ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) സ്ഥാപക നേതാവ്, ദീർഘകാലം ചുമട്ടു തൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
അടിയന്തരാവസ്ഥയും ജയിൽവാസവും
അടിയന്തരാവസ്ഥക്കെതിരെ കണ്ണൂർ കലക്ട്രേറ്റ് പടിക്കൽ നടത്തിയ സമരത്തിൽ പൊലീസ് ലാത്തിച്ചാർജ് അടക്കം പലവട്ടം പൊലീസ് മർദനമേറ്റു. 1970ൽ ഐക്യമുന്നണി സർക്കാർ ചുമത്തിയ കള്ളക്കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ തുടർച്ചയായി ഭീകരമർദനമേറ്റു.
കേസ് വിചാരണ ഘട്ടത്തിൽ എകെജി ഇടപെട്ട് മഹാരാഷ്ട്രയിലെ പ്രഗൽഭനായ അഡ്വ. കോടിവാലയെ എത്തിച്ചു. അഡ്വ. കുഞ്ഞിരാമമേനോൻ, അഡ്വ. എം കെ ദാമോദരൻ, അഡ്വ. വിജയലക്ഷ്മണൻ, അഡ്വ. കുഞ്ഞനന്തൻ നമ്പ്യാർ എന്നിവർ നടത്തിയ വിചാരണയിൽ ഖാദർ ഉൾപ്പെടെയുള്ള 23 സിപിഐഎം പ്രവർത്തകരെ ഹൈക്കോടതി കുറ്റക്കാരല്ലെന്ന് വിധിച്ചു.
ഭരണരംഗത്തെ സംഭാവനകളും വിയോഗവും
ആദ്യ ഇരിട്ടി ബ്ലോക്ക് ഡവലപ്മെന്റ് കൗൺസിൽ ചെയർമാൻ, തുടർന്ന് ആദ്യ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗ്രാമീണ വികസന ആസൂത്രണത്തിൽ മികവോടെ പ്രവർത്തിച്ചു. നിലവിൽ സിപിഎം പുന്നാട് ബ്രാഞ്ചംഗമായിരുന്നു.
ഭാര്യ: ടി കെ സക്കീന. മക്കൾ: സീനത്ത് (ഇരിട്ടി കാർഷിക വികസന ബാങ്ക്), മുനീറ, പരേതനായ അബ്ദുൽ ജലീൽ (ലത്തീഫ്). മരുമക്കൾ: അബൂബക്കർ, അഷറഫ്, ആയിഷ (ഗൾഫ്). സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലിയർപ്പിച്ചു.
കല്ലുമുട്ടിയിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് മാടത്തിൽ ജുമാമസ്ജിദ് ഖബറസ്ഥാനിൽ ഖബറക്കം നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡോ. വി ശിവദാസൻ എംപി എന്നിവർ അനുശോചിച്ചു.
പുതിയ വാർത്തകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Senior CPI(M) leader and trade unionist B K Khader passes away at 86.
#BKKhader #CPIM #CITU #KasaragodNews #KeralaPolitics #Obituary #AmmuNews
